Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അംബാസഡറിനെ കൂട്ടുപിടിച്ച് താരമാവാൻ പ്യുഷോ

peugeot-ambassador Peugeot Ambassador

മൂന്നാം അങ്കത്തിനായാണ് പ്യൂഷോ ഇന്ത്യയിലെത്തുന്നത്. പ്രീമിയർ ഓട്ടമൊബീൽസുമായുള്ള സംയുക്ത സംരംഭവുമായിട്ടായിരുന്നു പിഎസ്എ ഗ്രൂപ്പിന്റെ ആദ്യ വരവ്. ‘പ്യൂഷോ 309’ എന്ന ഒറ്റ മോഡലിലൊതുങ്ങിയ പരീക്ഷണം അവസാനിപ്പിച്ച് 1990 ഒടുവിൽ കമ്പനി ഇന്ത്യൻ വിപണിയോടു വിട പറയുകയായിരുന്നു. രണ്ടാം തവണ 2011ൽ പുതിയ ശാല സ്ഥാപിക്കാനായി ഗുജറാത്തിൽ സ്ഥലം പോലും വാങ്ങിയെങ്കിലും അവസാന ഘട്ടത്തിൽ പിഎസ്എ ഗ്രൂപ്പ് പിൻമാറി. ആദ്യ രണ്ടു പ്രാവശ്യവും പരാജയം രുചിച്ചെങ്കിലും മൂന്നാമത്തെ വരവ് ഗ്രാൻഡാക്കാൻ തന്നെയാണ് ഫ്രഞ്ച് വാഹന നിർമാതാക്കളായ പ്യൂഷോ ശ്രമിക്കുന്നത്. 

അതിനായി അംബാസിഡർ എന്ന ജനപ്രിയ ബ്രാൻഡ് നാമവും കമ്പനി സ്വന്തമാക്കി. പ്യൂഷോയെ വലിയ പരിചയമില്ലാത്ത ഇന്ത്യക്കാർക്കിടയിലേക്ക് അവർക്ക് നന്നായി അറിയുന്ന അംബാസിഡറുമായി എത്തി പേരെടുക്കുകയാണ് കമ്പനിയുടെ ലക്ഷ്യം. സികെ ബിർള ഗ്രൂപ്പുമായി സഹകരിച്ച് തമിഴ്നാട്ടിൽ നിർമാണ ശാല സ്ഥാപിച്ച പ്യുഷോ 2020 ൽ ഇന്ത്യൻ വിപണിയിൽ പ്രവേശിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

ജനപ്രിയ സെഗ്മെന്റ് തന്നെ ലക്ഷ്യം വെയ്ക്കുന്ന പ്യുഷോ അംബാസിഡർ എന്ന പേരിൽ വാഹനം പുറത്തിറക്കിയേക്കും. ഒരു കാലത്ത് ഇന്ത്യക്കാരുടെ ജനപ്രിയ കാറായിരുന്ന അംബാസിഡർ പോലൊരു ബ്രാൻഡ് നാമത്തിന് പ്യൂഷോയെ ജനകീയമാക്കാൻ സാധിക്കും എന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്. ഇന്ത്യയ്ക്കായി എസ്‌സി1 ( സ്മാർട് കാർ 1), എസ്‌സി 2, എസ്‌സി 3 എന്ന കോഡ് നാമത്തിൽ പ്യൂഷോ വികസിപ്പിക്കുന്ന വാഹനങ്ങൾ 2020–ലെ ഓട്ടോഎക്സ്പോയിൽ അരങ്ങേറ്റം കുറിക്കുമെന്നാണു പ്രതീക്ഷിക്കുന്നത്. എന്നാൽ ഇവയിൽ ഏതെങ്കിലുമൊന്നിനാണോ അംബാസിഡറിന്റെ പേര് നൽകുക എന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല.