ഹീറോ നിർമാണം അവസാനിപ്പിച്ച മോ‍ഡലുകൾ

Hero Hunk

ഉൽപന്ന ശ്രേണി പുനഃസംഘടിപ്പിക്കുന്നതിന്റെ ഭാഗമായി ലോകത്തിലെ തന്നെ ഏറ്റവും വലിയ ഇരുചക്രവാഹന നിർമാതാക്കളായ ഹീറോ മോട്ടോ കോർപ് ചില മോഡലുകളുടെയും വകഭേദങ്ങളുടെയും നിർമാണവും വിൽപ്പനയും അളസാനിപ്പിച്ചു. ഭാവി വളർച്ചയ്ക്കായി പ്രീമിയ ബൈക്കുകളിലും സ്കൂട്ടറുകളിലും ശ്രദ്ധ കേന്ദ്രീകരിക്കാനും കമ്പനി തീരുമാനിച്ചിട്ടുണ്ട്.  ‘ഇഗ്നൈറ്റർ’, ‘ഹങ്ക്’, ‘എച്ച് എഫ് ഡോൺ’ എന്നീ മോട്ടോർ സൈക്കിളുടെ നിർമാണവും വിപണനവുമാണ് ഹീറോ മോട്ടോ കോർപ് അവസാനിപ്പിച്ചത്. ‘മാസ്ട്രോ’ സ്കൂട്ടറിന്റെയും ‘പാഷൻ എക്സ് പ്രോ’, ‘സ്പ്ലെൻഡർ പ്രോ ക്ലാസിക്’, ‘കരിസ്മ ആർ’ തുടങ്ങിയ മോട്ടോർ സൈക്കിളുകളുടെയും ചില വകഭേദങ്ങളും കമ്പനി അവസാനിപ്പിച്ചിട്ടുണ്ട്.

മോഡൽ ശ്രേണിയിൽ പരിഷ്കാരങ്ങൾ നടപ്പാക്കുകയാണെന്ന് ഹീറോ മോട്ടോ കോർപ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. സ്കൂട്ടറുകളിലും പ്രീമിയം വിഭാഗത്തിലും ശ്രദ്ധ കേന്ദ്രീരിക്കാനാണു പുതിയ പദ്ധതിയെന്നും കമ്പനി വ്യക്തമാക്കുന്നു. ഇതിന്റെ ഭാഗമായി നിലവിലുള്ള മോഡലുകളുടെ നാലു പുതുവകഭേദങ്ങൾ കമ്പനി പുറത്തിറക്കി: ‘ഗ്ലാമർ’, ‘മാസ്ട്രോ എഡ്ജ്’, ‘ഡ്യുവറ്റ്’, ‘പ്ലഷർ’ എന്നിവയ്ക്കാണു പുതു വകഭേദങ്ങൾ എത്തിയത്. 100, 150 സി സി എൻജിനുള്ള മോഡലുകളുടെ വിഭാഗത്തിൽ 50 ശതമാനത്തിലേറെ വിപണി വിഹിതമുള്ള ഹീറോ മോട്ടോ കോർപ് നടപ്പു സാമ്പത്തിക വർഷം ആറു പുതിയ മോഡലുകൾ അവതരിപ്പിക്കാനാണു തയാറെടുക്കുന്നത്. 

സെപ്റ്റംബറിൽ ഉത്സവകാല വിൽപ്പന ലക്ഷ്യമിട്ടാവും ഇതിൽ രണ്ടു മോഡലുകളുടെ വരവ്. അടുത്ത വർഷത്തെ ഓട്ടോ എക്സ്പോയിൽ പുതിയ 200 സി സി മോട്ടോർ സൈക്കിൾ പുറത്തിറക്കുമെന്നും ഹീറോ പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ സാമ്പത്തിക വർഷം 66,63,903 യൂണിറ്റോടെ റെക്കോഡ് വിൽപ്പനയാണു ഹീറോ കൈവരിച്ചത്; 2015 — 16ലെ വിൽപ്പന 66,32,322 യൂണിറ്റായിരുന്നു.