‘ക്വിഡി’ന് ‘ലിവ് ഫോർ മോർ കലക്ഷൻ’

Kwid Live For More Collection

നിർമാതാക്കളായ റെനോയുടെ തലവര മാറ്റിക്കുറിച്ച ചരിത്രമാണ് എൻട്രി ലവൽ ഹാച്ച്ബാക്കായ ‘ക്വിഡി’ന്റേത്. നിരത്തിലെത്തി  രണ്ടു വർഷത്തോളമായിട്ടും വിൽപ്പനയിൽ ക്രമമായ വർധന കൈവരിച്ചാണു ‘ക്വിഡി’ന്റെ മുന്നേറ്റം. മാരുതി സുസുക്കിയുടെ ‘ഓൾട്ടോ’യെ നേരിടാൻ 800 സി സി എൻജിനുമായി അരങ്ങേറ്റം കുറിച്ച ‘ക്വിഡ്’ പിന്നീട് കരുത്തേറിയ ഒരു ലീറ്റർ എൻജിൻ സഹിതവും കഴിഞ്ഞ വർഷം മുതൽ വിൽപ്പനയ്ക്കെത്തിയിരുന്നു. പിന്നാലെ ഓട്ടമേറ്റഡ് മാനുവൽ ട്രാൻസ്മിഷൻ(എ എം ടി) വകഭേദവും വിപണിയിലെത്തി. 

ഇപ്പോഴാവട്ടെ കാറിനു പുതുമ പകരാനായി ‘ക്വിഡി’ന്റെ ‘ലിവ് ഫോർ മോർ കലക്ഷനും’ നിരത്തിലെത്തിയിട്ടുണ്ട്. കാറിന്റെ പുറംഭാഗത്തെ പുത്തൻ ഗ്രാഫിക്സുകളാണു കാറിലെ പ്രധാന മാറ്റം. ആകർഷക വർണങ്ങളോടെയാണു റെനോ പുത്തൻ ഗ്രാഫിക്സ് പായ്ക്ക് അവതരിപ്പിച്ചിരിക്കുന്നത്. ഓരോ നിറക്കൂട്ടിനും വ്യത്യസ്ത വിലയാണ് റെനോ ഈടാക്കുക.  സ്പോർട്സ് റേസ്, റാലി ക്രോസ്, ചെയ്സ്, സിപ്, ടർബോ, ക്ലാസിക് എന്നീ പേരുകളിലാണു ‘ക്വിഡി’ന്റെ പുതിയ നിറക്കൂട്ടുകളുടെ പേര്. നിറത്തിലും രൂപത്തിലുമുള്ള മാറ്റത്തിനപ്പുറം സാങ്കേതികവിഭാഗത്തിൽ വ്യത്യാസമൊന്നുമില്ലാതെയാണ്  ‘ലിവ് ഫോർ മോർ കലക്ഷൻ’ എത്തുന്നത്. 800 സി സി ‘ക്വിഡി’നു പുറമെ ഒരു ലീറ്റർ എൻജിൻ സഹിതവും എ എം ടി സഹിതവും ‘ലിവ് ഫോർ മോർ കലക്ഷൻ’ ലഭ്യമാണ്.

സാധാരണ ‘ക്വിഡി’നു കരുത്തേകുന്ന 800 സി സി എൻജിന് പരമാവധി 53 ബി എച്ച് പി കരുത്തും 72 എൻ എം ടോർക്കും സൃഷ്ടിക്കാൻ കഴിയും. ഒരു ലീറ്റർ എൻജിനാവട്ടെ 67 ബി എച്ച് പി കരുത്തും 90 എൻ എം ടോർക്കും സൃഷ്ടിക്കാൻ പ്രാപ്തിയുണ്ട്. ഒരു ലീറ്റർ എൻജിനൊപ്പം മാത്രമാണ് എ എം ടി ലഭ്യമാവുക.