സ്വയം ഓടുന്ന 130 ‘ബോൾട്ട്’ കാറുകളുമായി ജി എം

Bolt

സ്വയം ഓടുന്ന 130 ഷെവർലെ ‘ബോൾട്ട്’ കാറുകൾ നിർമിച്ചതായി യു എസിലെ ജനറൽ മോട്ടോഴ്സ്(ജി എം). ഡ്രെട്രോയ്റ്റ് നഗരപ്രാന്തത്തിലെ നിർമാണശാലയിൽ നിന്നാണു സ്വയം ഓടുന്ന ‘ബോൾട്ട്’ പുറത്തിറക്കിയത്. സ്വയം ഓടുന്ന കാറുകൾക്കായി ജി എം വികസിപ്പിച്ച സാങ്കേതിക വിദ്യയുടെ രണ്ടാം തലമുറ പതിപ്പും ഉപകരണങ്ങളുമാണ് ഈ ‘ബോൾട്ടി’ലുള്ളത്. നിലവിൽ സാൻഫ്രാൻസിസ്കൊ, അരിസോണയിലെ സ്കോട്ട്സ്ഡേൽ, ഡെട്രോയ്റ്റ് മേഖലകളിലായി ഇത്തരത്തിലുള്ള അൻപതോളം ‘ബോൾട്ട്’ കാറുകൾ പരീക്ഷണ ഓട്ടം നടത്തുന്നുണ്ട്.

വ്യാപക ഉൽപ്പാദനം ലക്ഷ്യമിട്ട് സ്വയം ഓടുന്ന  ാറുകൾ അസംബ്ൾ ചെയ്യുന്ന ആദ്യ വാഹന നിർമാതാവാണ് ജി എമ്മെന്നു കമ്പനി ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ മേരി ബാര അവകാശപ്പെട്ടു. കഴിഞ്ഞ ജനുവരി മുതൽ ഒറിയോണിലെ അസംബ്ലിങ് ശാലയിൽ ജി എം സ്വയം ഓടുന്ന ‘ബോൾട്ട്’ കാറുകൾ നിർമിക്കുന്നുണ്ട്. പുതിയ കാറുകളുടെ വരവോടെ നഗര സാഹചര്യങ്ങളിൽ ഇത്തരം വാഹനങ്ങൾ ഉപയോഗിച്ചുള്ള പരീക്ഷണ ഓട്ടം ഊർജിതമാക്കാനുള്ള വഴി തെളിഞ്ഞതായി ബാര അഭിപ്രായപ്പെട്ടു. 

ക്രമേണ സ്വയം ഓടുന്ന ‘ബോൾട്ട്’ കാറുകൾ പ്രധാന നഗരങ്ങളിലെ സർവീസിനായി റൈഡ് ഹെയ്ലിങ് കമ്പനികൾക്കു കൈമാറാനു ജി എമ്മിന്റെ പദ്ധതിയെന്നും ബാര വിശദീകരിച്ചു. പക്ഷേ എന്നാവും ഇത്തരം കാറുകൾ വാണിജ്യാടിസ്ഥാനത്തിലുള്ള ഉപയോഗത്തിനു ലഭ്യമാക്കുകയെന്ന് അവർ വ്യക്തമാക്കിയില്ല.