ഇക്കൊല്ലം 1,000 പുതിയ ബസ് വാങ്ങാൻ ഡി ടി സി

ഡൽഹി ട്രാൻസ്പോർട് കോർപറേഷൻ(ഡി ടി സി) ഇക്കൊല്ലം 1,000 പുതിയ ബസ്സുകൾ വാങ്ങുമെന്ന് സംസ്ഥാന ഗതാഗത മന്ത്രി കൈലാഷ് ഗഹ്ലോട്ട്. ചൊവ്വാഴ്ച ചേർന്ന ഡി ടി സി ബോർഡ് യോഗമാണ് ഇതു സംബന്ധിച്ച തീരുമാനമെടുത്തത്. സാധാരണ, നോൺ എ സി ബസ്സുകളാണു പുതുതായി വാങ്ങുകയെന്നും ബസ്സുകളുടെ പരിപാലനം ഡി ടി സി തന്നെ ഏറ്റെടുക്കുമെന്നും മന്ത്രി അറിയിച്ചു. 

രാജ്യതലസ്ഥാനത്തെ പൊതുഗതാഗത സംവിധാനം ശക്തമാക്കാൻ ലക്ഷ്യമിടുന്നുണ്ടെങ്കിലും കഴിഞ്ഞ രണ്ടു മൂന്നു വർഷമായി ഡി ടി സി പുതിയ ബസ്സുകളൊന്നും വാങ്ങിയിരുന്നില്ല. അതിനാലാണ് ഇക്കൊല്ലം 1,000 പുത്തൻ ബസ്സുകൾ വാങ്ങുന്നതെന്നു മന്ത്രി വിശദീകരിച്ചു. സാമ്പത്തിക വർഷം അവസാനിക്കുംമുമ്പു തന്നെ പുതിയ ബസ്സുകൾ ഡി ടി സിക്കു ലഭിക്കുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.

കൂടാതെ വനിതകൾക്ക് സുരക്ഷിത യാത്ര ഉറപ്പാക്കാനായി ബസ്സുകളിൽ സി സി ടി വി കാമറകളും അടിയന്തര ഘട്ടത്തിൽ സഹായം അഭ്യർഥിക്കാനുള്ള പാനിക് ബട്ടനുകളും ഘടിപ്പിക്കാനും സംസ്ഥാന സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ഡി ടി സിക്കു പുറമെ ക്ലസ്റ്റർ ബസ്സുകളിലും ഈ സംവിധാനം ഏർപ്പെടുത്താനാണു മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭായോഗത്തിന്റെ തീരുമാനം.

ഡി ടി സി, ക്ലസ്റ്റർ വിഭാഗങ്ങളിൽപെട്ട 6,350 ബസ്സുകളിലും സി സി ടി വി കാമറ സ്ഥാപിക്കാനുള്ള നിർദേശം സംസ്ഥാന ഗതാഗത വകുപ്പാണു മന്ത്രിസഭായോഗത്തിന്റെ പരിഗണനയ്ക്കുവച്ചത്. സ്ത്രീ സുരക്ഷയ്ക്കായി കേന്ദ്ര സർക്കാർ അനുവദിച്ച നിർഭയ ഫണ്ടിൽ നിന്നുള്ള പണമാണ് ഇതിനായി വിനിയോഗിക്കുക. ഡൽഹിയിലെ ബസ്സുകളിൽ സി സി ടി വി സൗകര്യം ഏർപ്പെടുത്താൻ 140 കോടി രൂപയാണു ചെലവ് പ്രതീക്ഷിക്കുന്നത്.