പതിനാറു ലക്ഷം രൂപയ്ക്ക് ജീപ്പ് കോംപസ്

Jeep Compass

നിരത്തിലെത്തുന്നതിന് മുമ്പേ താരമായി മാറുകയാണ് ജീപ്പ് കോംപസ്. അമേരിക്കൻ യുവി നിർമാതാക്കളായ ജീപ്പ് ഇന്ത്യയിൽ നിർമിക്കുന്ന ആദ്യ എസ് യു വി കോംപസിന് മികച്ച വരവേൽപ്പാണ് ലഭിക്കുന്നത്. ബുക്കിങ് ആരംഭിച്ച് മൂന്നു ദിവസത്തിനുള്ളിൽ 1000 ബുക്കിങ്ങുകളാണ് കോംപസിന് ലഭിച്ചത്. വാഹനത്തിന്റെ വില പ്രഖ്യാപിക്കുന്നതിന് മുമ്പ് തന്നെ ലഭിക്കുന്ന മികച്ച പ്രതികരണം കോംപസിനെ ജനപ്രിയമാക്കും എന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്. 16 ലക്ഷം മുതൽ 22 ലക്ഷം വരെയാകും വില എന്നാണ് പ്രതീക്ഷിക്കുന്നത്. 

ഇന്ത്യയിൽ ഗ്രാൻഡ് ചെറോക്കിക്കും റാംഗ്ലർ അൺലിമിറ്റഡിനും ശേഷം പുറത്തിറക്കുന്ന വാഹനമാണ് കോംപസ്. പുണെയ്ക്കടുത്ത് രഞ്ജൻഗാവിലുള്ള എഫ് സി എ ശാലയിൽ നിർമിക്കുന്ന ‘കോംപസ്’ മൂന്നു പതിപ്പുകളിലാണു ലഭ്യമാവുക: സ്പോർട്, ലോഞ്ചിറ്റ്യൂഡ്, ലിമിറ്റഡ്. മിനിമൽ ഗ്രേ, എക്സോട്ടിക്ക റെഡ്, ഹൈഡ്രോ ബ്ലൂ, വോക്കൽ വൈറ്റ്, ഹിപ് ഹോപ് ബ്ലാക്ക് നിറങ്ങിലെത്തുന്ന ‘കോംപസ്’ ഫോർ ബൈ ടു, ടു ബൈ ടൂ ലേ ഔട്ടുകളിൽ വിൽപ്പനയ്ക്കുണ്ടാവും.  

4398 മി മി നീളവും 1819 മി മി വീതിയും 1667 മി മി ഉയരവും 2636 മി മി വീൽബെയ്സുമുണ്ട് കോംപസിന്.  വിഭാഗത്തിൽ ഏറ്റവും മികച്ച ഫോർ വീൽ ഡ്രൈവ് സിസ്റ്റമാണ് കോംപസിന് എന്നാണ് കമ്പനി അവകാശപ്പെടുന്നത്. ചെറു എസ് യു വിയായ റെനഗേഡിന്റെ പ്ലാറ്റ്ഫോമിലാണ് നിർമിക്കുന്നതെങ്കിലും വീൽബേസ് കൂടുതലുണ്ട്. ഫിയറ്റിന്റെ സ്മോൾ വൈഡ് ആർക്കിടെക്ചർ പ്ലാറ്റ്ഫോമിൽ വികസിപ്പിച്ച കോംപസിൽ സ്വതന്ത്ര സസ്പെൻഷനും ഇലക്ട്രിക് പവർ സ്റ്റീയറിങ്ങുമാണ്. 

രണ്ട് എൻജിൻ സാധ്യതകളാണു ‘കോംപസി’ൽ എഫ് സി എ വാഗ്ദാനം ചെയ്യുന്നത്: 162 എച്ച് പി വരെ കരുത്തും 250 എൻ എം വരെ ടോർക്കും സൃഷ്ടിക്കുന്ന 1.4 ലീറ്റർ പെട്രോളും 170 ബി എച്ച് പി കരുത്തും 350 എൻ എം വരെ ടോർക്കുമുള്ള 2 ലീറ്റർ ഡീസലും. ഇരു എൻജിനുകൾക്കുമൊപ്പം ആറു സ്പീഡ് മാനുവൽ ട്രാൻസ്മിഷനാണു ഗീയർബോക്സ്; പെട്രോൾ എൻജിനൊപ്പം ഏഴു സ്പീഡ് ഡ്യുവൽ ഡ്രൈ ക്ലച് ടെക്നോളജി(ഡി ഡി സി ടി) ഓട്ടമാറ്റിക് ഗീയർബോക്സും ലഭ്യമാവും. മലിനീകരണ നിയന്ത്രണത്തിൽ ഭാരത് സ്റ്റേജ് ആറ് നിലവാരമുള്ള എൻജിനുകളോടെയാണു ‘കോംപസി’ന്റെ വരവ്.

Read More: Auto News Auto Tips Fasttrack