വിറ്റാര ബ്രെസയ്ക്ക് എതിരാളിയുമായി ജീപ്പ്

Jeep Renegade

നീണ്ട ഇടവേളയ്ക്കു ശേഷം ജീപ്പ് ഇന്ത്യയിൽ തിരിച്ചെത്തിയത് അടുത്തിടെയാണ്. ആദ്യമെത്തിച്ച മോഡലുകൾ വില കൊണ്ട് ആരാധകരെ നിരാശപ്പെടുത്തിയെങ്കിലും ഉടൻ പുറത്തിറങ്ങുന്ന കോംപസ് ആ പരാതി തീർ‌ക്കുമെന്നാണു കരുതുന്നത്. ഇന്ത്യൻ നിർമിക്കുന്ന ആദ്യ ജീപ്പായ കോംപസിനു പിന്നാലെ ചെറു എസ് യു വി റെനഗേഡും ഇന്ത്യയിലെത്തിക്കുമെന്നാണു പ്രതീക്ഷ. 2020 തോടെ പുതി അഞ്ചു വാഹനങ്ങൾ പുറത്തിറക്കാനാണ് കമ്പനി ശ്രമിക്കുന്നത്. 

ഇന്ത്യൻ വിപണിയിൽ കൂടുതൽ ശ്രദ്ധ പതിപ്പിക്കുന്നതിന്റെ ഭാഗമായി നാലുമീറ്ററിൽ താഴെ നീളമുള്ള ചെറു എസ് യു വി നിർമിക്കാനും ജീപ്പിനു പദ്ധതിയുണ്ടെന്നാണു കമ്പനിയോടടുത്ത വൃത്തങ്ങളിൽ നിന്നു ലഭിക്കുന്ന സൂചന. കമ്പനി ഔദ്യോഗികമായി വിവരങ്ങൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഇന്ത്യ, ബ്രസീൽ, റഷ്യ തുടങ്ങിയ വിപണികളെ ലക്ഷ്യംവെച്ച് 515 എന്ന് കോഡുനാമത്തിൽ ചെറു എസ് യു വിയുടെ നിർമാണം പുരോഗമിക്കുന്നുവെന്ന വാർത്തകളോടും കമ്പനി ഇതുവരെ പ്രതികരിച്ചിട്ടില്ല.

നാലു മീറ്ററിൽ താഴെ നീളവും 1.5 ലീറ്ററിൽ താഴെ എൻജിൻ ശേഷിയുമുള്ള വാഹനങ്ങൾക്ക് ഇന്ത്യയിൽ ലഭിക്കുന്ന നികുതി ഇളവുകൾ ലക്ഷ്യം വെച്ചുകൊണ്ടാണ് കമ്പനി മുന്നോട്ടു പോകുന്നത്. രാജ്യത്ത് ഏറ്റവും അധികം ഉപയോഗിക്കുന്ന 1.3 ലീറ്റർ മൾട്ടി ജെറ്റ് എൻജിനായിരിക്കും ചെറു എസ് യുവിക്കും. കൂടാതെ ജീപ്പ് നിരയിലെ ഏറ്റവും വിലക്കുറവുള്ള വാഹനവും ഇതുതന്നെയായിരിക്കും. കോംപാക്റ്റ് എസ് യു വി സെഗ്‌മെന്റിലെ പ്രധാനികളായ മാരുതി സുസുക്കി വിറ്റാര ബ്രെസ, ഫോ‍ഡ് ഇക്കോസ്പോർട് തുടങ്ങിയ വാഹനങ്ങളുമായിട്ടായിരിക്കും ചെറു ജീപ്പ് മൽസരിക്കുക.

Read More: Auto New | Auto Tips | Fasttrack