32 കിലോമീറ്റർ മൈലേജുമായി ഹൈബ്രിഡ് സ്വിഫ്റ്റ്

Suzuki Swift

ഇന്ത്യൻ വിപണിയിൽ അടുത്ത വർഷം പുറത്തിറക്കുന്ന സ്വിഫ്റ്റിന്റെ ഹൈബ്രിഡ്  പതിപ്പുമായി സുസുക്കി. ജാപ്പനീസ് വിപണിയിലാണ് സുസുക്കി  സ്വിഫ്റ്റിന്റെ ഹൈബ്രി‍ഡ് പതിപ്പ് പുറത്തിറക്കിയിരിക്കുന്നത്. എസ്ജി, എസ്എൽ എന്നീ വകഭേദങ്ങളിലാണ് പുതിയ ഹൈബ്രിഡ് പതിപ്പ് ലഭിക്കുക. ലീറ്ററിന് 32 കിലോമീറ്റർ മൈലേജ് ലഭിക്കുമെന്നാണ് സുസുക്കി അവകാശപ്പെടുന്നത്. ഏകദേശം 1,660,000 മുതല്‍ 1,944,000 ജാപ്പനീസ് യെന്‍ (9.44 ലക്ഷം-11.06 ലക്ഷം രൂപ) വരെയാണ് ഹൈബ്രിഡ് സ്വിഫ്റ്റിന്റെ ജപ്പാനിെല വില. 

1.2 ലീറ്റർ പെട്രോൾ എൻജിൻ വകഭേദത്തിലാണു സുസുക്കി ഹൈബ്രിഡ് സാങ്കേതിക വിദ്യ ചേർക്കുന്നത്. 91 ബിഎച്ച്പി കരുത്തു പകരുന്ന എൻജിനെ കൂടാതെ 10 കിലോവാട്ട് കരുത്തുള്ള ജനറേറ്റർ യൂണിറ്റും കൂടി ഹൈബ്രിഡ് പതിപ്പിലുണ്ടാകും. അടുത്ത വർഷം ഇന്ത്യയിലെത്തുന്ന മോ‍ഡൽ സുസുക്കി മൈക്രോ ഹൈബ്രിഡ് ടെക്നോളജി ഉപയോഗിച്ച് മൈലേജ് കൂട്ടിയാകും എത്തുക എന്നാണ് പ്രതീക്ഷിക്കുന്നത്. ഇതോടെ ഇന്ത്യൻ നിരത്തിൽ ഏറ്റവുമധികം മൈലേജ് അവകാശപ്പെടുന്ന പ്രീമിയം ഹാച്ച്ബാക്കിലൊന്നായി സ്വിഫ്റ്റ് മാറും. കോംപാക്ട് ശൈലി പൂർണമായും ഉപേക്ഷിക്കാതെ പുതിയ ‘സ്വിഫ്റ്റി’ൽ ഹാച്ച്ബാക്കിന്റെ സവിശേഷതകൾ ഉൾപ്പെടുത്താനാവും മാരുതി സുസുക്കിയുടെ ശ്രമം.

Swift

മികച്ച സ്പോർട്ടി ലുക്ക് നൽകുന്ന ഡിസൈനാണ് പുതിയ സ്വിഫ്റ്റിന്. പുത്തൻ ‘സ്വിഫ്റ്റി’നു നിലവിലുള്ള മോഡലിനെ അപേക്ഷിച്ച് 100 കിലോഗ്രാമോളം ഭാരം കുറവാകും. ഇതോടെ കാഴ്ചയിൽ മാത്രമല്ല, പ്രകടനക്ഷമതയിലും ഇന്ധനക്ഷമതയിലുമൊക്കെ പുതിയ ‘സ്വിഫ്റ്റ്’ മുൻഗാമിയെ അപേക്ഷിച്ചു ബഹുദൂരം മുന്നിലാവും. പൂർണമായും പൊളിച്ചെഴുതിയ അകത്തളമായിരിക്കും പുതിയ കാറിന്. പ്രീമിയം ഇന്റീരിയറായിരിക്കും വാഹനത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. വിപണിയിലെ പുത്തൻ മോഡലുകളോടു കിടപിടിക്കുന്ന ഇൻസ്ട്രമെന്റ് ക്ലസ്റ്ററും മറ്റു സൗകര്യങ്ങളും സംവിധാനങ്ങളുമൊക്കെ പ്രതീക്ഷിക്കാം. നിലവിലുള്ള 1.2 ലീറ്റർ പെട്രോൾ, 1.3 ലീറ്റർ ഡീസൽ എൻജിനുകൾ കൂടാതെ 1.5 ലീറ്റർ ഡീസൽ, 1.0 ലീറ്റർ ബൂസ്റ്റർജെറ്റ് ടർബോ പെട്രോള്‍ എന്‍ജിനും എത്തിയേക്കുമെന്നും സൂചനയുണ്ട്.

Read More: Auto News | Auto Tips | Fasttrack