പുതിയ മോഡലുകൾ പ്രദർശിപ്പിക്കാൻ വാഹനനിർമാതാക്കൾ പല വഴികളും തേടാറുണ്ട്. സെലിബ്രിറ്റുകളുടെ നീണ്ട നിരതന്നെ ചിലപ്പോൾ വാഹനം അനാവരണം ചെയ്യാൻ എത്തിയേക്കാം. എന്നാൽ ടാറ്റയുടെ ഉടമസ്ഥതതയിലുള്ള ജാഗ്വർ തങ്ങളുടെ ചെറു എസ് യു വി ഇ പെയ്സിനെ പ്രദർശിപ്പിച്ചതു അൽപം വ്യത്യസ്തമായാണ് – ഗിന്നസ് ബുക്കിൽ കയറിയ ഒരു പ്രകടനത്തിലൂടെ.
ലണ്ടനിലെ എക്സല്‍ സെന്ററില്‍ നടന്ന ചടങ്ങിൽ 15.3 മീറ്റര്‍ ദൂരം 270 ഡിഗ്രിയില്‍ കരണംമറിഞ്ഞ ജാഗ്വർ ഇ പെയ്സ്, പ്രൊഡക്ഷൻ വാഹനത്തിൽ ഏറ്റവും കൂടുതൽ ദൂരം പിന്നിട്ട ബാരല്‍ റോള്‍ ചാട്ടം എന്ന ഗിന്നസ് റെക്കോർഡും സ്വന്തമാക്കി. കാര്‍ സ്റ്റണ്ട് ഡ്രൈവിംഗിലെ ഇതിഹാസമായ ബ്രിട്ടീഷ് താരം ടെറി ഗ്രാന്‍ഡായിരുന്നു ജാഗ്വറിന്റെ എസ് യു വി ഡ്രൈവ് ചെയ്തത്.
ജാഗ്വര്‍ നിരയിലെ കോംപാക്ട് സ്പോര്‍ട്സ് യൂട്ടിലിറ്റി വെഹിക്കിളാണ് ഇ പെയ്സ്. ജാഗ്വറിന്റെ ആദ്യ എസ് യു വി എഫ് പെയ്സിനു ശേഷം കമ്പനി പുറത്തിറക്കുന്ന എസ് യു വി. എഫ് പെയ്സിന്റെ ചുവടുപിടിച്ച് രൂപകൽപ്പന ചെയ്തിരിക്കുന്ന ഇ പെയ്സിന് സ്റ്റൈലും കരുത്തും ഒരുപോലെ കോർത്തിണക്കിയിട്ടുണ്ടെന്നാണ് കമ്പനി അവകാശപ്പെടുന്നത്.
രണ്ട് ഡീസൽ എന്‍ജിനിലും ഒരു പെട്രോൾ എന്‍ജിനിലും ഇ-പെയ്സ് ലഭ്യമാകും. 183 കിലോവാട്ട് കരുത്തും 365 എൻഎം ടോർക്കുമാണ് പെട്രോള്‍ എന്‍ജിനില്‍ ലഭിക്കുക. യഥാക്രമം 110 കിലോവാട്ട് കരുത്തും 380 എൻഎം ടോർക്കും, 132 കിലോവാട്ട് കരുത്തും 430 എൻഎം ടോർക്കും നൽകുന്നവയാണു ഡീസൽ എൻജിനുകൾ.
2 ലീറ്റർ കപ്പാസിറ്റിയുള്ള നാലു സിലിണ്ടർ ടർബോ ചാർജിഡ് എൻജിനാണ് എല്ലാ വകഭേദങ്ങൾക്കും. ഉയർന്ന ഡീസൽ വേരിയന്റ് 9.3 സെക്കന്‍ഡിലും രണ്ടാമത്തെ ഡീസൽ പതിപ്പ് 10.5 സെക്കറ്റിലും നൂറ് കിലോമീറ്റര്‍ വേഗം കൈവരുമ്പോൾ പെട്രോൾ വകഭേദത്തിന് 7 സെക്കന്‍ഡുകൾ മാത്രം മതി. ഡീസൽ വകഭേദങ്ങളുടെ കൂടിയ വേഗത 193 കിലോമീറ്ററും 205 കീലോമീറ്ററുമാണെങ്കിൽ പെട്രോൾ മോഡലിനു പരമാവധി വേഗത 230 കിലോമീറ്ററാണ്.