Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റോഡിലെ അമിത വേഗം: ഏഴുമാസത്തിനിടെ 1.21 ലക്ഷം കേസുകൾ

speed-cam

അമിത വേഗതയ്ക്ക് കൂച്ചുവിലങ്ങിടാൻ കേരള മോട്ടോർ വാഹന വകുപ്പ്. കഴിഞ്ഞ ഏഴു മാസത്തിനിടെ മോട്ടോർവാഹന വകുപ്പ് അമിതവേഗത്തിനെടുത്ത കേസുകൾ 1,21,000 എണ്ണം. കേരളത്തിലെ വിവിധ ക്യാമറകളിൽ പതിഞ്ഞ അമിതവേഗത്തിനെതിരെയാണ് മോട്ടർവാഹന വകുപ്പ് കേസുകൾ ചാർജ് ചെയ്തിരിക്കുന്നത്. കൂടാതെ  മോട്ടോർവാഹന നിയമം ലംഘിച്ചതിന് അഞ്ചുമാസത്തിനിടെ സംസ്ഥാനത്ത് 4,402 പേരുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു. അഞ്ചുതവണയിൽ കൂടുതൽ നിയമം ലംഘിച്ചവരുടെ ലൈസൻസാണ് നിലവിൽ സസ്പെൻഡ് ചെയ്യുന്നത്. സസ്പെൻഡ് ചെയ്താൽ മൂന്നു മാസം കഴിഞ്ഞേ ലൈസൻസ് ലഭിക്കൂ. പിന്നെയും നിയമലംഘനം തുടർന്നാൽ  കൂടുതൽ കാലയളവിലേക്ക് ലൈസൻസ് സസ്പെൻഡ് ചെയ്യും.

മദ്യപിച്ചു വാഹനമോടിച്ചതിനാണ് ഏറ്റവും കൂടുതൽ ലൈസൻസ് സസ്പെൻഡ് ചെയ്തിരിക്കുന്നത്. 1,728 എണ്ണം. കഴിഞ്ഞ മൂന്നുമാസത്തിനിടെ മാത്രം 2,629 പേരുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു. ‘നിയമനടപടികൾ കൂടുതൽ കർശനമാക്കാനാണു നിർദേശം നൽകിയിരിക്കുന്നതെന്നും, നിയമലംഘനങ്ങൾ ഗൗരവത്തോടെയാണു കാണുന്നതെന്നും ഗതാഗത വകുപ്പ് കമ്മിഷണർ എസ്. അനന്തകൃഷ്ണൻ ഐപിഎസ് മനോരമ ഓൺലൈനോട് പറഞ്ഞു. 

over-speed

ഒരു വാഹനം തന്നെ 160 തവണയിൽ കൂടുതൽ നിയമം ലംഘിച്ച സംഭവവുമുണ്ട്, തലശേരിയില്‍. നിയമം ലംഘിച്ച വാഹനത്തിനെതിരെ പിഴ ഈടാക്കി തുടർ നടപടികൾ സ്വീകരിച്ചു. ഒരുവാഹനം തന്നെ ഇരുപതു തവണയിൽകൂടുതൽ നിയമം ലംഘിച്ച നാൽപ്പതിലധികം കേസുകളുണ്ട്. ബന്ധപ്പെട്ട ആർടിഒമാരോട് നടപടിയെടുക്കാൻ നിർദേശം നൽകിയിട്ടുണ്ട്. ഇത്തരം വാഹനങ്ങളുടെ പ്രത്യേക പട്ടികയും മോട്ടോർവകുപ്പ് തയ്യാറാക്കി വരുന്നെന്നും എസ്. അനന്തകൃഷ്ണൻ പറഞ്ഞു. 

കഴിഞ്ഞ മൂന്നു മാസത്തിനിടെ ലൈസൻസ് റദ്ദാക്കപ്പെട്ടവരുടെ കണക്ക് 

∙മദ്യപിച്ച് വാഹനമോടിക്കൽ

എടുത്തകേസുകളുടെ എണ്ണം–2,300

ലൈസൻസ് സസ്പെൻഡ് ചെയ്തത്–1,728

മറ്റുള്ള കേസുകളിൽ നടപടികൾ പുരോഗമിക്കുന്നു

∙വാഹനമോടിക്കുന്നതിനിടെ മൊബൈൽ ഫോണിൽ സംസാരം

എടുത്തകേസുകളുടെ എണ്ണം–1,553

ലൈസൻസ് സസ്പെൻഡ് ചെയ്തത്–191

മറ്റുള്ള കേസുകളിൽ നടപടികൾ പുരോഗമിക്കുന്നു

∙അമിതഭാരം

എടുത്തകേസുകളുടെ എണ്ണം–2,058

ലൈസൻസ് സസ്പെൻഡ് ചെയ്തത്–41

മറ്റുള്ള കേസുകളിൽ നടപടികൾ പുരോഗമിക്കുന്നു

∙ഗുഡ്സ് വാഹനങ്ങളിൽ ആളെ കയറ്റൽ

എടുത്തകേസുകളുടെ എണ്ണം–123

ലൈസൻസ് സസ്പെൻഡ് ചെയ്തത്–51

മറ്റുള്ള കേസുകളിൽ നടപടികൾ പുരോഗമിക്കുന്നു

∙ അമിതവേഗം

ഏഴുമാസത്തിനിടെ 1,21,000 കേസുകൾ

ഒരു വാഹനം തന്നെ വിവിധ ക്യാമറകളിൽ കുടുങ്ങിയ കേസുകളുണ്ട്. ഇതു സംബന്ധിച്ച കണക്കെടുപ്പ് നടക്കുന്നതേയുള്ളൂ. ഇതു പൂർത്തിയായതിനുശേഷമേ സസ്പെൻഷൻ സംബന്ധിച്ച കൃത്യമായ കണക്ക് ലഭിക്കൂ.

∙ചുവപ്പ് ലൈറ്റ് ലംഘനം

എടുത്ത കേസുകൾ–30

∙ഹെൽമറ്റ് ധരിക്കാതെ വാഹനമോടിക്കൽ

എടുത്ത കേസുകളുടെ എണ്ണം –10,589

Read More: Auto News | Auto Tips | Fasttrack