വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ മിതാലി രാജിനു സമ്മാനമായി ബി എം ഡബ്ല്യു

Mithali Raj

വനിതാ ലോകകപ്പ് ക്രിക്കറ്റിന്റെ കലാശക്കളിയിൽ പൊരുതിത്തോറ്റ ഇന്ത്യൻ ടീമിന്റെ നായിക മിതാലി രാജിനു സമ്മാനമായി ബി എം ഡബ്ല്യു കാർ എത്തുന്നു. ഇന്ത്യൻ ജൂനിയർക്രിക്കറ്റ് ടീം സിലക്ടറായിരുന്ന വി ചാമുണ്ഡേശ്വർനാഥാണു മിതാലി രാജിനു കാർ സമ്മാനമായി നൽകുന്നത്. റിയോ ഒളിംപിക്സിൽ മെഡൽ നേടിയ ഇന്ത്യൻ താരങ്ങൾക്കും അദ്ദേഹം മുമ്പ് ആഡംബര കാർ സമ്മാനമായി നൽകിയിരുന്നു. ഹൈദരബാദിൽ തിരിച്ചെത്തിയാലുടൻ മിതാലി രാജിനു കാർ കൈമാറുമെന്നാണു നാഥിന്റെ വാഗ്ദാനം.

Mithali Raj

റിയോയിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ ബാഡ്മിന്റൻ വെള്ളി മെഡൽ ജേതാവ് പി വി സിന്ധു, വനിതാ ഗുസ്തിയിൽ വെങ്കലം നേടിയ സാക്ഷി മാലിക്, ജിംനാസ്റ്റിക്സിൽ നാലാമതെത്തിയ ദീപ കർമാൽകർ, ബാഡ്മിന്റൻ പരിശീലകൻ പുല്ലേല ഗോപിചന്ദ് എന്നിവർക്കായിരുന്നു ബി എം ഡബ്ല്യു കാറുകൾ സമ്മാനമായി ലഭിച്ചത്. ചാമുണ്ഡേശ്വർനാഥ് മിതാലി രാജിനു കാർ സമ്മാനിക്കുന്നതും ഇതാദ്യമല്ല. വനിതകളുടെ ഏകദിന ക്രിക്കറ്റിൽ ഏറ്റവുമധികം റൺസ് നേടി റെക്കോഡ് സൃഷ്ടിച്ചപ്പോൾ 2007ൽ അദ്ദേഹം രാജിനു ഷെവർലെ സമ്മാനിച്ചിരുന്നു. 

ഇന്ത്യൻ ക്രിക്കറ്റിൽ വൻസ്വാധീനമാണു മിതാലി രാജ് ചെലുത്തുന്നതെന്ന് ചാമുണ്ഡേശ്വർനാഥ് വിലയിരുത്തി. ഏറെ നാളായി വനിതാ ക്രിക്കറ്റ് ടീമിന് ഉജ്വല നേതൃത്വമാണ് മിതാലി രാജ് നൽകുന്നതെന്നും അദ്ദേഹം ഓർമിപ്പിച്ചു.മികച്ച പ്രകടനമാണു രാജ്യത്തിന്റെ വനിതാ ക്രിക്കറ്റ് ടീം പുറത്തെടുക്കുന്നത്. അതുകൊണ്ടുതന്നെ വനിതാ ക്രിക്കറ്റ് മികച്ച പിന്തുണ അർഹിക്കുന്നുമുണ്ട്. ഇംഗ്ലണ്ടിൽ സമാപിച്ച ലോകകപ്പിൽ ടീം നടത്തിയ പ്രകടനം വനിതാ ക്രിക്കറ്റിന് ഏറെ ശ്രദ്ധ നേടിക്കൊടുത്തിട്ടുണ്ട്. ടീം ഫൈനൽ വരെയെത്തിയ സാഹചര്യത്തിൽ ഇന്ത്യയിലെ കൂടുൽ പെൺകുട്ടികൾ ക്രിക്കറ്റ് കളത്തിലെത്തുമെന്നും ചാമുണ്ഡേശ്വർനാഥ് പ്രത്യാശിച്ചു.

ആന്ധ്രയ്ക്കായി ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് കളിച്ച താരമാണു ചാമുണ്ഡേശ്വർനാഥ്; 1978 — 79, 1991 — 92 സീസണുകളിലായിരുന്നു അദ്ദേഹം രംഗത്തുണ്ടായിരുന്നത്. നിലവിൽ ഇന്ത്യൻ ബാഡ്മിന്റൻ ലീഗ് ഫ്രാഞ്ചൈസിയായ മുംബൈ മാസ്റ്റേഴ്സ് സഹ ഉടമയാണ് നാഥ്; സുനിൽ ഗാവസ്കറും നടൻ നാഗാർജുനയുമാണ് ഈ ടീമിന്റെ മറ്റ് ഉടമസ്ഥർ.