‘ക്വിഡ്’ വിൽപ്പന 1.75 ലക്ഷം പിന്നിട്ടെന്നു റെനോ

എൻട്രി ലവൽ ഹാച്ച്ബാക്കായ ‘ക്വിഡി’ന്റെ ഇതുവരെയുള്ള മൊത്തം വിൽപ്പന 1.75 ലക്ഷം യൂണിറ്റിലെത്തിയെന്നു ഫ്രഞ്ച് നിർമാതാക്കളായ റെനോ ഇന്ത്യ. ചരക്ക്, സേവന നികുതി(ജി എസ് ടി) പ്രാബല്യത്തിലെത്തിയതോടെ 2.62 ലക്ഷം രൂപ വിലയ്ക്കാണു ‘ക്വിഡി’ന്റെ അടിസ്ഥാന മോഡൽ വിൽപ്പനയ്ക്കെത്തുന്നത്. വിവിധ സംസ്ഥാനങ്ങളിൽ ‘ക്വിഡി’ന്റെ പല വകഭേദങ്ങൾക്കും 5,200 മുതൽ 29,500 രൂപയുടെ വരെ വിലക്കഴിവാണു പ്രാബല്യത്തിലെത്തിയത്.

കടുത്ത മത്സരം നേരിടുന്ന ഇന്ത്യൻ മിനി ഹാച്ച്ബാക്ക് വിപണിയിൽ മികവു തെളിയിക്കാൻ ‘ക്വിഡി’നു സാധിച്ചതായി റെനോ ഇന്ത്യ ഓപ്പറേഷൻസ് കൺട്രി ചീഫ് എക്സിക്യൂട്ടീവ് ഓഫിസറും മാനേജിങ് ഡയറക്ടറുമായ സുമിത് സാഹ്നി അഭിപ്രായപ്പെട്ടു. ‘ക്വിഡി’ന്റെ അരങ്ങേറ്റത്തിനു ശേഷം കൃത്യമായ ഇടവേളകളിൽ പുതുമകളും പരിഷ്കാരങ്ങളും നടപ്പാക്കുക വഴി വിപണിയുടെ താൽപര്യം മായാതെ നിലനിർത്താനും കമ്പനിക്കു കഴിഞ്ഞു. ഉപയോക്താക്കളുടെ അഭിരുചി പരിഗണിച്ചാണു കമ്പനി ‘ക്ലൈംബറും’ ഓട്ടമേറ്റഡ് മാനുവൽ ട്രാൻസ്മിഷൻ(എ എം ടി) പതിപ്പുമൊക്കെ അവതരിപ്പിച്ചതെന്നും അദ്ദേഹം വിശദീകരിച്ചു.

സമകാലിക രൂപകൽപ്പനയ്ക്കൊപ്പം പണത്തിനു മികച്ച മൂല്യം ഉറപ്പുനൽകുന്ന ഉൽപന്നങ്ങളോടാണ് ഇന്ത്യൻ ഉപയോക്താക്കൾക്കു പ്രിയം. റെനോ ബ്രാൻഡിൽ അർപ്പിച്ച വിശ്വാസത്തിനും ‘ക്വിഡി’നു നൽകിയ ഉജ്വല വരവേൽപ്പിനും സാഹ്നി ഇന്ത്യൻ ഉപയോക്താക്കളോടു കൃതജ്ഞത രേഖപ്പെടുത്തി.

തുടക്കത്തിൽ 800 സി സി എൻജിനുള്ള ‘ക്വിഡ്’ ആയിരുന്നു വിപണിയിലെത്തിയത്; പിന്നീട് മാനുവൽ ട്രാൻസ്മിഷനോടെ ഒരു ലീറ്റർ എൻജിനുള്ള ‘ക്വിഡും’ വിൽപ്പനയ്ക്കെത്തി. പിന്നീട് ഓട്ടമേറ്റഡ് മാനുവൽ ട്രാൻസ്മിഷ(എ എം ടി)ന്റെ സൗകര്യം കൂടിയുള്ള 1.0 ലീറ്റർ എസ് സി ഇ ‘ക്വിഡ്’ പുറത്തിറക്കി. നിലവിൽ 800 സി സി എൻജിൻ ഘടിപ്പിച്ച അടിസ്ഥാന പതിപ്പിനു പുറമെ ഒരു ലീറ്റർ എൻജിനുള്ള മാനുവൽ ട്രാൻസ്മിഷൻ, ഒരു ലീറ്റർ എൻജിനുള്ള എ എം ടി, ‘ക്ലൈംബർ’ രൂപങ്ങളിലും ‘ക്വിഡ്’ വിൽപ്പനയ്ക്കുണ്ട്.