ടാറ്റ വാണിജ്യ വാഹനങ്ങളും ഫിലിപ്പൈൻസിലേക്ക്

Tata Motors

പ്രമുഖ നിർമാതാക്കളായ ടാറ്റ മോട്ടോഴ്സിന്റെ വാണിജ്യ വാഹനങ്ങൾ ഫിലിപ്പൈൻസിൽ വിൽപ്പനയ്ക്കെത്തി. പ്രാദേശിക പങ്കാളിയായ ഫിലിപിനാസ് താജ് ഓട്ടോഗ്രൂപ് ഇൻകോർപറേറ്റഡാണു ടാറ്റ മോട്ടോഴ്സിന്റെ ഫിലിപ്പൈൻസിലെ വിതരണക്കാർ. ഫിലിപ്പൈൻസിലെ വാഹന വ്യവസായ മേഖലയിലെ പ്രമുഖരായ ഫിലിപിനാസ് ഇൻകോർപറേറ്റഡുമായി സഹകരിച്ച് ‘പ്രിമ’ ശ്രേണിയിലെ ട്രാക്ടർ ട്രെയ്ലറുകളും ടിപ്പറുകളും ‘എൽ പി ടി’ ശ്രേണിയിലെ ലഘു, ഇടത്തരം, ഹെവി ഡ്യട്ടി ട്രക്കുകളും ‘എസ് എഫ് സി 407’ എന്നിവയും ടാറ്റ മോട്ടോഴ്സ് വിൽപ്പനയ്ക്കെത്തിക്കുന്നുണ്ട്. കൂടാതെ ‘എയ്സ്’, ‘സൂപ്പർ എയ്സ്’ ശ്രേണികളിലെ മിനി ട്രക്കുകളും ടാറ്റ ഫിലിപ്പൈൻസ് വിപണിയിലിറക്കും. 

ഫിലിപ്പൈൻസിനു പുറമെ മലേഷ്യ, വിയറ്റ്നാം, ഇന്തൊനീഷ തായ്ലൻഡ് തുടങ്ങിയ ദക്ഷിണ പൂർവ ഏഷ്യൻ വിപണികളിലും ടാറ്റ മോട്ടോഴ്സിന്റെ വാണിജ്യ വാഹനങ്ങൾ വിൽപ്പനയ്ക്കെത്തുന്നുണ്ട്. വിയറ്റ്നാമിലും തായ്ലൻഡിലും മലേഷ്യയിലും ടാറ്റ മോട്ടോഴ്സിനു വാഹന നിർമാണ സൗകര്യങ്ങളുമുണ്ട്.ദക്ഷിണ പൂർവ ഏഷ്യയിലെ തന്ത്രപ്രധാന വിപണിയായ ഫിലിപ്പൈൻസിലേക്കു പ്രവർത്തനം വ്യാപിപ്പിക്കുന്നതിൽ ആഹ്ലാദമുണ്ടെന്ന് ടാറ്റ മോട്ടോഴ്സ് വാണിജ്യ വാഹന വിഭാഗം മേധാവി(ഇന്റർനാഷനൽ ബിസിനസ്) രുദ്രരൂപ് മൈത്ര അഭിപ്രായപ്പെട്ടു. ഫിലിപിനാസ് താജ് ഓട്ടോഗ്രൂപ്പുമായുള്ള പങ്കാളിത്തത്തിലൂടെ ഈ വിപണിയുമായി ദീർഘകാല ബന്ധം സാധ്യമാവുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.

ദൃഢതയുള്ളതും വിശ്വാസ യോഗ്യവുമായ വാഹനങ്ങൾ ലഭ്യമാക്കാൻ ടാറ്റ മോട്ടോഴ്സുമായി പങ്കാളിത്തത്തിലെത്താൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്നായിരുന്നു ഫിലിപിനാസ് താജ് ഓട്ടോഗ്രൂപ് ഇൻകോർപറേറ്റഡ് പ്രസിഡന്റ് ജോൺ ഫെർണാണ്ടസ് ജൂനിയറിന്റെ പ്രതികരണം. ടാറ്റ മോട്ടോഴ്സിന്റെ കാറുകളും ചെറു വാണിജ്യ വാഹന വാഹനങ്ങളും 2014ലാണു ഫിലിപ്പൈൻസിൽ വിൽപ്പനയ്ക്കെത്തിയത്. ഡീസൽ എൻജിനുള്ള മോഡലുകളുടെ ലഭ്യതയും കുറഞ്ഞ പരിപാലന, പ്രവർത്തന ചെലവുകളുമാണു ടാറ്റ മോട്ടോഴ്സ് വാഹനങ്ങളുടെ പ്രധാന ആകർഷണമായി ഫിലിപ്പൈൻസ് വിപണി വിലയിരുത്തുന്നത്.