ബാറ്ററിയിൽ ഓടുന്ന ‘ടിയാഗൊ’

Tata Tiago

ബാറ്ററിയിൽ ഓടുന്ന ആദ്യ കാർ പുറത്തിറക്കാൻ ടാറ്റ മോട്ടോഴ്സ് ഒരുങ്ങുന്നു. കമ്പനിയുടെ പൂർണ ഉടമസ്ഥതയിൽ യു കെയിൽ പ്രവർത്തിക്കുന്ന ഉപസ്ഥാപനമായ ടാറ്റ മോട്ടോഴ്സ് യൂറോപ്യൻ ടെക്നിക്കൽ സെന്റർ(ടി എം ഇ ടി സി) ആണു ബാറ്ററിയിൽ ഓടുന്ന ‘ടിയാഗൊ’യുടെ വരവിനെപ്പറ്റി ട്വിറ്ററിൽ സൂചന നൽകിയത്. സെപ്റ്റംബർ ആറിനും ഏഴിനും യു കെയിൽ നടക്കുന്ന പരിസ്ഥിതി സൗഹൃദ വാഹന പ്രദർശനമായ ‘എൽ സി വി 2017’ സംബന്ധിച്ച ട്വീറ്റുകളിലാണ് ‘ടിയാഗൊ ഇ വി’യെക്കുറിച്ചുള്ള സൂചന. അതുകൊണ്ടുതന്നെ ബാറ്ററിയിൽ ഓടുന്ന ‘ടിയാഗൊ’യുടെ വികസന പ്രവർത്തനങ്ങൾ ടി എം ഇ ടി സിയിൽ കാര്യമായ പുരോഗതി കൈവരിച്ചിട്ടുണ്ടെന്നു വേണം കരുതാൻ.

വൈദ്യുത വാഹന നിർമാണത്തിനായി ടാറ്റ മോട്ടോഴ്സ് ശ്രമിക്കുന്നത് ഇതാദ്യമല്ല; ‘ബോൾട്ട് ഇ വി’യുടെ മാതൃക കമ്പനി മുമ്പു യു കെയിൽ പ്രദർശിപ്പിച്ചിരുന്നു. ഈ കാറിൽ ഉപയോഗിച്ച സാങ്കേതികവിദ്യയെ തന്നെയാവണം ബാറ്ററിയിൽ ഓടുന്ന ‘ടിയാഗൊ’ യാഥാർഥ്യമാക്കാനും ടാറ്റ മോട്ടോഴ്സ് ആശ്രയിക്കുന്നത്.  ചെലവ് കുറഞ്ഞ പ്ലാറ്റ്ഫോം അടിത്തറയാക്കിയാണു ടാറ്റ മോട്ടോഴ്സ് ചെറുഹാച്ച്ബാക്കായ ‘ടിയാഗൊ’ വികസിപ്പിച്ചത്. ഇതു വഴി വൈദ്യു പവർട്രെയ്ൻ, ബാറ്ററി, മറ്റ് അനുബന്ധ ഘടകങ്ങൾ തുടങ്ങിയവയ്ക്കുള്ള ചെലവ് നിയന്ത്രിക്കാൻ ടാറ്റ മോട്ടോഴ്സിനു കഴിയുമെന്നാണു പ്രതീക്ഷ. 

വൈദ്യുത വാഹന വികസനത്തിൽ ഇപ്പോൾ നടന്നു വരുന്ന പരീക്ഷണങ്ങൾ വിജയിക്കുന്ന പക്ഷം ‘നാനോ’യിലേക്കും ഈ തന്ത്രം വ്യാപിപ്പിക്കാൻ ടാറ്റ മോട്ടോഴ്സ് ആലോചിക്കുന്നുണ്ട്. വിൽപ്പനയിൽ നിരന്തര തിരിച്ചടി നേരിടുന്ന ‘നാനോ’യെ കരകയറ്റാൻ  ഇതു ചിലപ്പോൾ ടാറ്റ മോട്ടോഴ്സിനെ സഹായിച്ചേക്കാം.ബാറ്ററിയിൽ ഓടുന്ന ‘ടിയാഗൊ’യും ‘നാനോ’യുമൊന്നും തുടക്കത്തിൽ ഇന്ത്യയിൽ വിൽപ്പനയ്ക്കുണ്ടാവില്ല. ഒരു വർഷമെങ്കിലും കഴിഞ്ഞാവും ഈ മോഡലുകൾ ഇന്ത്യൻ വിപണിയിലെത്തുക. സ്വയം ഓടുന്ന കാറുകൾ വികസിപ്പിക്കാൻ യു കെ സർക്കാർ പ്രഖ്യാപിച്ച പദ്ധതിയിലെ പങ്കാളിത്തമാണ് ‘ടിയാഗൊ ഇ വി’ യാഥാർഥ്യമാക്കാൻ ടാറ്റ മോട്ടോഴ്സിനെ പ്രേരിപ്പിച്ചത്. ഗ്രീൻ ലൈറ്റ് ഓപ്റ്റിമൽ സ്പീഡ് അഡ്വൈസറി പരിശോധനയിൽ ‘ടിയാഗൊ’ പങ്കെടുക്കുന്ന വിഡിയോയും കഴിഞ്ഞ വർഷം പ്രത്യക്ഷപ്പെട്ടിരുന്നു.