മുന്ദ്ര എൽ എൻ ജി ടെർമിനൽ ഏറ്റെടുക്കാൻ ഐ ഒ സി

പ്രാദേശിക എതിർപ്പുകളെ തുടർന്നു കൊച്ചി പുതുവയ്പിലെ നിർദിഷ്ട പാചകവാതക(എൽ പി ജി) ഇറക്കുമതി ടെർമിനൽ നിർമാണം മുടങ്ങിക്കിടക്കുന്നതിനിടെ ഗുജറാത്തിലെ മുന്ദ്രയിൽ ദ്രവീകൃത പ്രകൃതി വാതക(എൽ എൻ ജി) ടെർമിനൽ പദ്ധതിയുമായി ഇന്ത്യൻ ഓയിൽ കോർപറേഷൻ(ഐ ഒ സി) മുന്നോട്ട്. പ്രതിവർഷം 50 ലക്ഷം ടൺ കൈകാര്യം ചെയ്യാൻ ശേഷിയോടെ ഗുജറാത്തിലെ മുന്ദ്ര തുറമുഖത്ത്  ജി എസ് പി എൽ എൽ എൻ ജി ലിമിറ്റഡ് സ്ഥാപിക്കുന്ന ടെർമിനലിൽ 50% വരെ ഓഹരി പങ്കാളിത്തം സ്വന്തമാക്കാനാണ് പൊതുമേഖല എണ്ണ വിപണന കമ്പനികളിൽ ഒന്നാം സ്ഥാനത്തുള്ള ഇന്ത്യൻ ഓയിലിന്റെ തീരുമാനം.

ഗുജറാത്തിലെ സർക്കാർ സ്ഥാപനമായ ഗുജറാത്ത് സ്റ്റേറ്റ് പെട്രോളിയം കോർപറേഷനും(ജി എസ് പി സി) സ്വകാര്യ മേഖലയിലെ അദനി എന്റർപ്രൈസസ് ലിമിറ്റഡും ചേർന്നാണു മുന്ദ്രയിൽ ജി എസ് പി എൽ എൽ എൻ ജി സ്ഥാപിക്കുന്നത്. 5,040 കോടി രൂപയാണു ടെർമിനലിനു നിർമാണചെലവ് പ്രതീക്ഷിക്കുന്നത്. നടപ്പു സാമ്പത്തിക വർഷം അവസാനിക്കുംമുമ്പ് ടെർമിനൽ നിർമാണം പൂർത്തിയാവുമെന്നാണു പ്രതീക്ഷ. എൽ എൻ ജി ഇറക്കാനും ശേഖരിക്കാനും വീണ്ടും വാതമാക്കി മാറ്റാനുമുള്ള സൗകര്യങ്ങളോടെയാണു മുന്ദ്ര ടെർമിനൽ ഒരുങ്ങുന്നതെന്ന് ഐ ഒ സി അറിയിച്ചു. കൂടാതെ അഞ്ജാറിൽ നിന്നു നിലവിൽ ജി എസ് പി എല്ലിനുള്ള വാതക പൈപ്പ് ലൈൻ ശൃംഖലയുമായി ടെർമിനലിനെ ബന്ധിപ്പിക്കുന്നുമുണ്ട്.

എൽ എൻ ജി ഇറക്കുമതി ടെർമിനലിലും നഗര വാതക വിതരണ ശൃംഖലയിലുമൊക്കെ ഗണ്യമായ നിക്ഷേപമാണു കമ്പനി നടത്തുന്നതെന്ന് ഐ ഒ സി ചെയർമാൻ സഞ്ജീവ് സിങ് വെളിപ്പെടുത്തി. ചെന്നൈയിലെ കാമരാജർ തുറമുഖത്ത് സ്ഥാപിക്കുന്ന 50 ലക്ഷം ടൺ വാർഷിക വാർഷിക ശേഷിയുള്ള എൽ എൻ ജി ഇറക്കുമതി ടെർമിനൽ അടുത്ത സാമ്പത്തിക വർഷത്തോടെ പ്രവർത്തനക്ഷമമാവും. ഇതോടൊപ്പം ഗുജറാത്തിലെ റിഫൈനറിയുടെ ശുദ്ധീകരണ ശേഷി പ്രതിവർഷം 1.8 കോടി ടണ്ണായി ഉയർത്താൻ 15,034 കോടി നിക്ഷേപിക്കാനും ഇന്ത്യൻ ഓയിൽ തീരുമാനിച്ചിട്ടുണ്ട്. നിവലിൽ 1.37 കോടി ടണ്ണാണു ശാലയുടെ വാർഷിക ശുദ്ധാകരണ ശേഷി.