പ്രധാന എതിരാളി ടെസ്‌‌ലയെന്നു ഫോക്സ്‌വാഗന്‍

ആധുനിക കാലത്ത് യു എസിൽ നിന്നുള്ള വൈദ്യുത വാഹന നിർമാതാക്കളായ ടെസ്‌‌ലയാണ് എതിരാളികളെന്നു ലോകത്തിലെ ഏറ്റവും വലിയ കാർ നിർമാതാക്കളായഫോക്സ്‌വാഗൻ. മുമ്പ് ടൊയോട്ടയും ഹ്യുണ്ടേയിയും ഫ്രഞ്ച് കമ്പനികളുമൊക്കെയായിരുന്നു എതിരാളികളെന്നും ഫോക്സ്‌വാഗൻ ബ്രാൻഡ് ചീഫ് എക്സിക്യൂട്ടീവ് ഹെർബെർട്ട് ഡയസ് വ്യക്തമാക്കുന്നു. കമ്പനിയുടെ പ്രധാന വ്യാപാര മേഖലയായ കാർ നിർമാണത്തിൽ മികവു കൈവരിക്കാനുള്ള പ്രചോദനത്തിനായി യു എസ് സ്റ്റാർട് അപ്പായ ടെസ്‌ല ഇൻകോർപറേറ്റഡിന്റെ പ്രവർത്തനത്തെയാണു ഫോക്സ്‌വാഗൻ പരിഗണിക്കുന്നതെന്നും ഇതോടെ വ്യക്തമാവുന്നു,

വ്യാപക വിൽപ്പന ലക്ഷ്യമിട്ടു വൈദ്യുത കാറായ ‘മോഡൽ ത്രീ’ യാഥാർഥ്യമാക്കിയതോടെയാണ് ടെസ്‌ലയും കമ്പനി സ്ഥാപകനും ചീഫ് എക്സിക്യൂട്ടീവ് ഓഫിസറുമായ എലോൺ മസ്കും വാഹന ലോകത്തിന്റെ തന്നെ ശ്രദ്ധാകേന്ദ്രമായി മാറിയത്. 35,000 ഡോളർ(22.32 ലക്ഷത്തോളം രൂപ) വിലയ്ക്കു ‘മോഡൽ ത്രീ’യുടെ അടിസ്ഥാന വകഭേദം വിൽപ്പനയ്ക്കെത്തിയതോടെ പരമ്പരാഗതമായി ആഡംബര കാർ വിപണിയിലെ എൻട്രി ലവൽ വിഭാഗം അടക്കിവാണിരുന്ന സെഡാനുകളായ ഔഡി ‘എ ഫോർ’, ബി എംഡബ്ല്യു ‘ത്രീ സീരീസ്’, മെഴ്സീഡിസ് ‘സി ക്ലാസ്’ തുടങ്ങിവയൊക്കെ കനത്ത വെല്ലുവിളിയാണു നേരിടുന്നത്.

ഈ സാഹചര്യത്തിലാണു കലിഫോണിയ ആസ്ഥാനമായ ടെസ്ലയ്ക്ക് ഒപ്പമെത്താനും മറികടക്കാനും തീവ്ര ശ്രമം വേണ്ടിവരുമെന്ന ഹെർബർട്ട് ഡയസിന്റെ വിലയിരുത്തലും ശ്രദ്ധേയമാവുന്നത്. കഴിഞ്ഞ വർഷം വെറും 83,922 കാർ വിറ്റ ടെസ്ലയ്്ക്കാണു മൊത്തം 59,87,800 യൂണിറ്റ് വാർഷിക വിൽപ്പനയുള്ള ബ്രാൻഡിന്റെ മേധാവിയായ ഡയസ് ഇത്രയേറെ പരിഗണന നൽകുന്നത്. നിലവിൽ കമ്പനിയുടെ പക്കലില്ലാത്ത കഴിവുകളും കാര്യക്ഷമതയുമുള്ള എതിരാളിയാണു ടെസ്ലയെന്നും ഡയസ് വിലയിരുത്തുന്നു.