ബജാജും ട്രയംഫും ഇനി ഭായ്... ഭായ്...

Bajaj Auto, Triumph Motorcycles Announce Global Partnership

പ്രമുഖ ഇരുചക്രവാഹന നിർമാതാക്കളായ ബജാജ് ഓട്ടോയും ഐതിഹാസിക മാനങ്ങളുള്ള ബ്രിട്ടീഷ് ബൈക്ക് നിർമാതാക്കളായ ട്രയംഫ് മോട്ടോർസൈക്കിൾസും സഖ്യധാരണയിലെത്തി. ആഗോളതലത്തിലെ മുൻനിര ബൈക്ക് നിർമാതാക്കൾക്കൊപ്പം ഇടംപിടിക്കാനുള്ള ബജാജ് ഓട്ടോ ലിമിറ്റഡിന്റെ മോഹങ്ങൾക്കു കരുത്തേകുന്ന നീക്കമാണിത്. ഓസ്ട്രിയൻ ബ്രാൻഡായ ‘കെ ടി എമ്മി’നൊപ്പം ‘ട്രയംഫും’ കൂട്ടു ചേരുന്നതോടെ എമേർജിങ് വിപണികളിൽ വിപണനം വ്യാപിപ്പിക്കാൻ ബജാജിനാവുമെന്നാണു പ്രതീക്ഷ. കൂടാതെ പുണെയ്ക്കടുത്ത് ചക്കനിലെ ശാല ഭാവിയിൽ ട്രയംഫിന്റെയും ഉൽപ്പാദന, കയറ്റുമതി കേന്ദ്രമായി മാറും; നിലവിൽ ‘കെ ടി എം’, ‘ഹസ്ക്വർണ’ ശ്രേണിയിലെ ബൈക്കുകളാണു ബജാജ് ചക്കനിൽ നിർമിക്കുന്നത്.

കർണാടകത്തിൽ പ്രഖ്യാപിച്ച 850 കോടി രൂപ ചെലവു പ്രതീക്ഷിക്കുന്ന നിർമാണശാല പദ്ധതിയിൽ നിന്നു ട്രയംഫ് കഴിഞ്ഞ വർഷം പിൻമാറിയിരുന്നു. ഇതിനു പകരമായി ബജാജിന്റെ ചക്കനിലെ ശാല പ്രയോജനപ്പെടുത്താനാവും ട്രയംഫിന്റെ പുതിയ നീക്കം.നിലവിലുള്ള ബജാജ് — കെ ടി എം സഖ്യ മാതൃകയാവും ട്രയംഫും പിന്തുടരുകയെന്നാണു സൂചന. പങ്കാളിയായി ബജാജ് ഓട്ടോ എത്തിയതോടെ കെ ടി എമ്മിന്റെ വാർഷിക വിൽപ്പന 65,000 യൂണിറ്റിൽ നിന്ന് രണ്ടു ലക്ഷത്തോളം യൂണിറ്റായി ഉയർന്നിട്ടുണ്ട്. പോരെങ്കിൽ 2013ലെ അരങ്ങേറ്റ വേളയിൽ ഇന്ത്യയെ കയറ്റുമതി കേന്ദ്രമായി വികസിപ്പിക്കാനുള്ള മോഹം ട്രയംഫ് പ്രകടിപ്പിച്ചിരുന്നു. 

തുടക്കത്തിൽ 500 സി സിയിൽ താഴെ എൻജിൻ ശേഷിയുള്ള വിഭാഗത്തിലേക്കു പ്രവർത്തനം വ്യാപിപ്പിക്കാൻ ട്രയംഫ് ആലോചിച്ചിരുന്നു. എന്നാൽ ബജാജുമായി സഹകരണം യാഥാർഥമാവുന്നതോടെ 500 സി സിയിൽ താഴെ എൻജിൻ ശേഷിയുള്ള ബൈക്ക് നിർമാണത്തിനു വീണ്ടും സാധ്യതയേറുകയാണ്. കെ ടി എം പ്രായോജകനായ സ്റ്റെഫാൻ പിയററുമായി സഹകരിച്ച് ഫോക്സ്‌വാഗൻ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ഇറ്റാലിയൻ സൂപ്പർ ബൈക്ക് നിർമാതാക്കളായ ഡ്യുകാറ്റിയിലെ ഓഹരി പങ്കാളിത്തത്തിനായി ബജാജ് സജീവമായി രംഗത്തുണ്ടായിരുന്നു. എന്നാൽ ഒൻപതു മാസത്തോളമായി ട്രയംഫുമായും ബജാജിന്റെ ചർച്ചകൾ പുരോഗമിക്കുന്നുണ്ടായിരുന്നത്രെ.