യു എസിൽ നിന്നു ഷെയൽ ഓയിലുമായി ഐ ഒ സി

യു എസിൽ നിന്ന് ഈഗിൾ ഫോഡ് ഷെയ്ൽ ഓയിൽ വാങ്ങുന്ന ഇന്ത്യയിലെ ആദ്യ ശുദ്ധീകരണശാലയായി പൊതുമേഖല സ്ഥാപനമായ ഇന്ത്യൻ ഓയിൽ കോർപറേഷൻ(ഐ ഒ സി) മാറി. അമേരിക്കയിൽ നിന്ന് എണ്ണ ഇറക്കുമതിക്കുള്ള രണ്ടാമതു ടെൻഡറിൽ 19 ലക്ഷം ബാരൽ(30.21 കോടി ലീറ്റർ) അസംസ്കൃത എണ്ണയാണു കമ്പനി വാങ്ങിയത്.  ഒക്ടോബർ അവസാനം ഇന്ത്യയിലെത്തിക്കണമെന്ന വ്യവസ്ഥയിലാണ് ഐ ഒ സി ഒൻപതര ലക്ഷം ബാരൽ വീതം ലൈറ്റ് സ്വീറ്റ് ഈഗിൾ ഫോഡ് ഷെയ്ൽ ഓയിലും ഹെവി സോർ മാഴ്സ് ക്രൂഡും വാങ്ങിയത്. എണ്ണ വ്യാപാര സ്ഥാപനമായ ട്രാഫിഗുരയാണ് ക്രൂഡ് ലഭ്യമാക്കുന്നതെന്നും ഐ ഒ സി ഫിനാൻസ് ഡയറക്ടർ എ കെ ശർമ അറിയിച്ചു.

യു എസിൽ നിന്ന് ക്രൂഡ് ഓയിൽ വാങ്ങാനുള്ള ആദ്യ ടെൻഡറിലൂടെ 20 ലക്ഷം ടൺ അസംസ്കൃത എണ്ണയാണ് ഐ ഒ സി നേരത്തെ വാങ്ങിയത്. 16 ലക്ഷം ബാരൽ മാഴ്സ് ക്രൂഡും നാലു ലക്ഷം ബാരൽ വെസ്റ്റേൺ കനേഡിയൻ സെലക്ടുമായിരുന്നു കമ്പനി വാങ്ങിയത്. അസംസ്കൃത എണ്ണ ഇറക്കുമതിയിൽ വൈവിധ്യം ലക്ഷ്യമിട്ടാണ് ഇന്ത്യയിലെ പൊതുമേഖല എണ്ണ കമ്പനികൾ യു എസിനെ ആശ്രയിച്ചു തുടങ്ങിയത്. യു എസിൽ എണ്ണ ഉൽപ്പാദനം വർധിച്ചതോടെ ആകർഷക വിലകളിൽ ക്രൂഡ് ലഭ്യമാണെന്ന നേട്ടവും ഇന്ത്യൻ കമ്പനികളെ കാത്തിരിപ്പുണ്ട്.

ഇന്ത്യൻ ഓയിലിനു പിന്നാലെ ഭാരത് പെട്രോളിയം കോർപറേഷൻ ലിമിറ്റഡും(ബി പി സി എൽ) യു എസിൽ നിന്നു ക്രൂഡ് വാങ്ങാൻ നടപടി സ്വീകരിച്ചിരുന്നു. 10 ലക്ഷം ബാരൽ ലോ സൾഫർ ഡബ്ല്യു ടി ഐ മിഡ്ലാൻഡ് ക്രൂഡ് വാങ്ങാൻ ഈ മാസം ആദ്യമാണു കമ്പനി തീരുമാനിച്ചത്. പിന്നാലെ സൾഫറിന്റെ സാന്നിധ്യം കുറവുള്ള യു എസ് ക്രൂഡ് വാങ്ങാൻ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപറേഷൻ ലിമിറ്റഡും(എച്ച് പി സി എൽ) രംഗത്തെത്തിയിട്ടുണ്ട്.