ടാറ്റയുടെ ‘ടിഗൊർ’ നേപ്പാളിലും

Tata Tigor

ടാറ്റ മോട്ടോഴ്സിന്റെ കോംപാക്ട് സെഡാനായ ‘ടിഗൊർ’ നേപ്പാളിലും വിൽപ്പനയ്ക്കെത്തി. അംഗീകൃത വിതരണക്കാരായ സിപ്രാഡി ട്രേഡിങ്ങിന്റെ സഹകരണത്തോടെ വിപണിയിലെത്തിയ 1.2 ലീറ്റർ ‘റെവൊട്രോൺ’ പെട്രോൾ എൻജിനുള്ള കാറിന് 23.45 ലക്ഷം നേപ്പാളി രൂപ(അഥവാ14.65 ലക്ഷം ഇന്ത്യൻ രൂപ)യാണു കഠ്മണ്ഡുവിലെ വില.

‘ടിഗൊറി’ന്റെ വരവോടെ നേപ്പാളിലെ മോഡൽ  ശ്രേണി വിപുലീകരിക്കാനും പുതിയ ഉപയോക്താക്കളെ കണ്ടെത്താനുമാവുമെന്ന് ടാറ്റ മോട്ടോഴ്സ് രാജ്യാന്തര ബിസിനസ് മേധാവി ജോണി ഉമ്മൻ പ്രത്യാശിച്ചു. ഇന്ത്യയിലെ യാത്രാവാഹന വിപണിയിൽ കമ്പനിയുടെ ശക്തമായ തിരിച്ചുവരവിനു കളമൊരുക്കിയ മോഡലാണു ‘ടിഗൊർ’ എന്നും അദ്ദേഹം ഓർമിപ്പിച്ചു. ടാറ്റ മോട്ടോഴ്സിൽ നിന്നുള്ള തകർപ്പൻ മോഡലാണു ‘ടിഗൊർ’ എന്നായിരുന്നു സിപ്രാഡി ട്രേഡിങ് പ്രസിഡന്റ് സൗര്യ റാണയുടെ പ്രതികരണം. കാറിനു നേപ്പാളിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാനാവുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. 

കഴിഞ്ഞ മാർച്ചിലാണു ടാറ്റ മോട്ടോഴ്സ് സെഡാനായ ‘ടിഗൊറി’നെ ഇന്ത്യയിൽ വിൽപ്പനയ്ക്കെത്തിച്ചത്. ‘എക്സ് ഇ’, ‘എക്സ് ടി’, ‘എക്സ് സെഡ്’, ‘എക്സ് സെഡ് (ഒ) എന്നീ നാലു വകഭേദങ്ങളിലാണു കാർ ലഭ്യമാവുക; കോപ്പർ ഡാസ്ൽ, എസ്പ്രെസൊ ബ്രൗൺ, പേൾസെന്റ് വൈറ്റ്, പ്ലാറ്റിനം സിൽവർ, സ്ട്രൈക്കർ ബ്ലൂ, ബെറി റെഡ് നിറങ്ങളിൽ കാർ വിൽപ്പനയ്ക്കുണ്ട്. നാലു വർഷം അഥവാ മുക്കാൽ ലക്ഷം കിലോമീറ്റർ നീളുന്ന വാറന്റി സഹിതമാണു ടാറ്റ മോട്ടോഴ്സ് ‘ടിഗൊർ’ അവതിപ്പിച്ചിരിക്കുന്നത്; ഇതിനു ശേഷം വാറന്റി കാലാവധി ദീർഘിപ്പിക്കാനുള്ള അവസരവും കമ്പനി ഒരുക്കിയിട്ടുണ്ട്.