മാരുതി സുസുക്കി മേധാവിക്കു ശമ്പളം 4.20 കോടി

Kenichi Ayukawa

രാജ്യത്തെ കാർ വിപണിയെ നയിക്കുന്ന മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡി(എം എസ് ഐ എൽ)ന്റെ മേധാവി കെനിചി അയുകാവയ്ക്കു കഴിഞ്ഞ വർഷം ലഭിച്ച പ്രതിഫലം 4.20 കോടി രൂപ. കമ്പനി മാനേജിങ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫിസറുമായ അയുകാവയ്ക്കു മുൻ സാമ്പത്തിക വർഷം ലഭിച്ച വേതനത്തെ അപേക്ഷിച്ച് 6.32% അധികമാണിത്. കമ്പനിയുടെ വാർഷിക റിപ്പോർട്ട് പ്രകാരം മാനേജിങ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫിസറുമായ അയുകാവയ്ക്ക് 4,20,67,808 രൂപയായിരുന്നു 2016 — 17ലെ പ്രതിഫലം. പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ ലഭിച്ച 1,50,39,000 രൂപയടക്കമുള്ള പ്രതിഫലമാണിത്.

അതേസമയം 2015 — 16ൽ 3,95,44,573 രൂപയായിരുന്നു അയുകാവയുടെ മൊത്തം പ്രതിഫലം; ഇതിൽ 1,27,45,000 രൂപ പ്രകടനമികവിനു ലഭിച്ച ബോണസായിരുന്നു. കമ്പനിയുടെ ചെയർമാനായ ആർ സി ഭാർഗവയ്ക്ക് 2016 — 17ൽ എം എസ് ഐ എൽ പ്രതിഫലമായി നൽകിയത് 99 ലക്ഷം രൂപയാണ്. ഇതിൽ 91.50 ലക്ഷം രൂപ അദ്ദേഹത്തിന്റെ കമ്മിഷനും അവശേഷിക്കുന്ന ഏഴര ലക്ഷം രൂപ ബോർഡ്, കമ്മിറ്റി യോഗങ്ങളിൽ പങ്കെടുത്തതിനുള്ള ഫീസുമാണ്. 2015 — 16ലാവട്ടെ 77.50 ലക്ഷം രൂപ കമ്മിഷനും 10 ലക്ഷം രൂപ സിറ്റിങ് ഫീസുമടക്കം മൊത്തം 87.50 ലക്ഷം രൂപയായിരുന്നു ഭാർഗവയുടെ പ്രതിഫലം. 

മാതൃസ്ഥാപനമായ സുസുക്കി മോട്ടോർ കോർപറേഷൻ(എസ് എം സി) ചെയർമാൻ ഒസാമു സുസുക്കിക്ക് ബോർഡ്, കമ്മിറ്റി യോഗങ്ങളിൽ പങ്കെടുത്തതിനു പ്രതിഫലമായി നാലു ലക്ഷം രൂപയാണ് മാരുതി സുസുക്കി അനുവദിച്ചത്. എം എസ് ഐ എൽ നോൺ എക്സിക്യൂട്ടീവ് ഡയറക്ടറായ സുസുക്കിക്ക് 2015 — 16ൽ ലഭിച്ചതും ഇതേ ഫീസ് തന്നെ.മറ്റൊരു നോൺ എക്സിക്യൂട്ടീവ് ഡയറക്ടറായ, എസ് എം സി പ്രസിഡന്റായ തൊഷിഹിരൊ സുസുക്കിക്ക് മാരുതി സുസുക്കി ബോർഡ് യോഗങ്ങളിൽ പങ്കെടുത്ത വകയിൽ ഫീസായി ലഭിച്ചത് ആറു ലക്ഷം രൂപയാണ്. 2015 — 16ൽ അദ്ദേഹത്തിനു ലഭിച്ച ഫീസ് നാലു ലക്ഷം രൂപയായിരുന്നു.

എം എസ് ഐ എൽ ജോയിന്റ് മാനേജിങ് ഡയറക്ടറായിരുന്ന തൊഷിയാകി ഹസുയ്കെയ്ക്ക് കമ്പനി 2.35 കോടി രൂപ പ്രതിഫലം നൽകി. ഇതിൽ 82 ലക്ഷം രൂപ പ്രകടനക്ഷമതയ്ക്കുള്ള ബോണസ് ആണ്. 2016 നവംബർ 19 മുതൽ പ്രാബല്യത്തോടെ അദ്ദേഹം ഡയറക്ടർ പദമൊഴിഞ്ഞിരുന്നു.  എന്നാൽ 2015 — 16ൽ 1.08 കോടി രൂപ ബോണസ് ഉൾപ്പടെ 3.41 കോടി രൂപയായിരുന്നു അദ്ദേഹത്തിന്റെ പ്രതിഫലം.