സൂപ്പർ ഹിറ്റായി ‘ജീപ് കോംപസ്’ ബുക്കിങ് 8,100 യൂണിറ്റ് പിന്നിട്ടു

Jeep Compass

കഴിഞ്ഞ മാസം ഇന്ത്യയിൽ അവതരിപ്പിച്ച പുത്തൻ സ്പോർട് യൂട്ടിലിറ്റി വാഹന(എസ് യു വി)മായ ‘ജീപ് കോംപസി’നു ലഭിച്ച തകർപ്പൻ വരവേൽപ്പ് ഇറ്റാലിയൻ യു എസ് നിർമാതാക്കളായ ക്രൈസ്ലർ ഓട്ടമൊബീൽസി(എഫ് സി എ)ന് ഇന്ത്യയിൽ പുത്തൻ ഉണർവേകുന്നു. ഇന്ത്യയിൽ സ്ഥാപിച്ച വാഹന നിർമാണശാലയുടെ മുടക്കുമുതൽ ‘കോംപസി’ലൂടെ വൈകാതെ തിരിച്ചുപിടിക്കാമെന്ന കണക്കുകൂട്ടലിലാണ് എഫ് സി എ.

അരങ്ങേറ്റം കുറിച്ച് ആഴ്ചകൾക്കകം 8,171 ‘ജീപ് കോംപസി’നുള്ള ഓർഡർ ലഭിച്ചെന്നാണ് എഫ് സി എ ഇന്ത്യ അവകാശപ്പെടുന്നത്. ഇതുവഴി 24.50 കോടി ഡോളർ(ഏകദേശം 1,570 കോടി രൂപ) വരുമാനവും കമ്പനി പ്രതീക്ഷിക്കുന്നു. രഞ്ജൻഗാവ് ശാലയ്ക്കായി 28 കോടി ഡോളർ(ഏകദേശം 1,793.89 കോടി രൂപ) ആയിരുന്നു എഫ് സി എ നിക്ഷേപിച്ചത്. അടുത്ത ഒന്നോ രണ്ടോ മാസത്തിനുള്ളിൽ ‘കോംപസി’നുള്ള ഓർഡർ 10,000 യൂണിറ്റ് പിന്നിടുന്നതോടെ ശാലയിൽ നടത്തിയ നിക്ഷേപത്തിലേറെ വരുമാനം ഇന്ത്യയിൽ നിന്നു കൈവരുമെന്നും എഫ് സി എ ഇന്ത്യ കണക്കുകൂട്ടുന്നു. ആഭ്യന്തര വിപണിയിൽ നിന്നുള്ള ആവശ്യത്തിനൊപ്പം ‘കോംപസ്’ കയറ്റുമതി കൂടിയാവുന്നതോടെ എഫ് സി എ ഇന്ത്യയുടെ സാമ്പത്തികസ്ഥിതി അതിവേഗം മെച്ചപ്പെടുമെന്നും അധികൃതർ കരുതുന്നു. 

ടാറ്റ ഗ്രൂപ്പും എഫ് സി എയുമായുള്ള സംയുക്ത സംരംഭമായ ഫിയറ്റ് ഇന്ത്യ ഓട്ടമൊബീൽസാണ് പുണെയ്ക്കടുത്ത് രഞ്ജൻഗാവിൽ നിർമാണശാല സ്ഥാപിച്ചത്. ‘കോംപസി’ന് ഉജ്വല വരവേൽപ് ലഭിച്ചതോടെ ആഴ്ചയിൽ ആറു ദിവസം രണ്ടു ഷിഫ്റ്റ് വീതമാണ് ഈ ശാല ഇപ്പോൾ പ്രവർത്തിക്കുന്നത്. ദശാബ്ദത്തോളം മുമ്പ് സ്ഥാപിതമായ ശാല ഇത്രയും ദിവസം തുടർച്ചയായി ഉൽപ്പാദനം നടത്തുന്നത് ഇതാദ്യമാണ്.‘ജീപ് കോംപസി’നു പുറമെ ടാറ്റ മോട്ടോഴ്സിൽ നിന്നുള്ള പുതിയ ചെറു എസ് യു വിയായ ‘നെക്സൊണും’ രഞ്ജൻഗാവിലാണ് ഉൽപ്പാദിപ്പിക്കുന്നത്. ശാലയുടെ ശേഷി വിനിയോഗം ഉയരാൻ ഇതും സഹായകമായിട്ടുണ്ട്.

വിപണിയിൽ നിന്നുള്ള ഉജ്വല വരവേൽപ്പിന്റെ പശ്ചാത്തലത്തിൽ ‘ജീപ് കോംപസ്’ ഉൽപ്പാദനം മുമ്പ് നിശ്ചയിച്ചതിലും 25% വർധിപ്പിക്കാനും എഫ് സി എ തയാറെടുക്കുന്നുണ്ട്. നിലവിൽ പ്രതിദിനം 90 ‘ജീപ് കോംപസ്’ ആണു കമ്പനി ഉൽപ്പാദിപ്പിക്കുന്നത്; ഇത് 110 ആക്കി ഉയർത്താനാണ് കമ്പനിയുടെ പദ്ധതി. കയറ്റുമതി കൂടി ആരംഭിക്കുന്നതോടെ രഞ്ജൻഗാവ്ശാലയുടെ ശേഷി വിനിയോഗം വീണ്ടും ഉയരുമെന്നും എഫ് സി എ വ്യക്തമാക്കുന്നു.