വിവാദ സ്വാമി പറന്നത് ഇൗ വാഹനങ്ങളിൽ

Gurmeet Ram Rahim Car Collections

ബലാത്സംഗക്കേസില്‍ കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയ സച്ചാ സൗദാ തലവനും ആള്‍ ദൈവവുമായ ഗുര്‍മീത്‌ റാം റഹീം സിങിനെ ശിക്ഷിച്ചത് കഴിഞ്ഞ ദിവസമാണ്. കൂളിങ് ഗ്ലാസും ജാക്കറ്റും നീട്ടിയ താടിയും വിലകൂടിയ വസ്ത്രങ്ങളും ആഭരണങ്ങളുമണിഞ്ഞ് റോക്സ്റ്റാർ പരിവേഷത്തിൽ പ്രത്യക്ഷപ്പെടുന്ന ഗുർമീതിന് എല്ലാ മേഖലകളിലുമുണ്ട് കമ്പം. സിനിമയും സംഗീതവും നൃത്തവും സംഘടനവും തുടങ്ങിയ ഇഷ്ടപ്പെടുന്ന സ്വാമി തികഞ്ഞൊരു വാഹന പ്രേമി കൂടിയാണ്. ആശ്രമത്തിന് പുറത്തിറങ്ങണമെങ്കിൽ ബാബയ്ക്ക് 100 വാഹനങ്ങൾ എങ്കിലും വേണമത്രേ. കേസിലെ അന്തിമ വിധിക്കായി റാം റഹീമും സംഘവും കോടതിയില്‍ എത്തിയതുപോലും ലാന്‍ഡ് റോവര്‍ അടക്കം ഇരുന്നൂറോളം കാറുകളുടെ അകമ്പടിയോടെയായിരുന്നു.

വിചിത്രമായി മോഡിഫൈ ചെയ്ത കാറുകളാണ് റോക്സ്റ്റാർ ബാബയുടെ മറ്റൊരു സന്തോഷം. മാരുതി 800 മുതൽ ഇന്ത്യൻ നിരത്തിലെ ഒട്ടുമിക്ക വാഹനങ്ങളിലും ബാബ കൈവെച്ചിട്ടുണ്ട്. ഗുര്‍മീത്‌ റാം റഹീം സിങിന്റെ വാഹന ശേഖരത്തിൽ ചിലത്.

ചാരിയറ്റ് ഓഫ് ഗോഡ്

ലോകത്തിലെ ഏറ്റവും വേഗതയേറിയ ബുഗാട്ടി വെയ്റോണിനെ അടിസ്ഥാനമാക്കി നിർമ്മിച്ച കാറാണ് ചാരിയറ്റ് ഓഫ് ഗോഡ്. ഹൃദയത്തിന്റെ ആകൃതിയിലുള്ള ഗ്രില്ലും പച്ചയും ചുവപ്പും നിറവും സ്വാമിയുടെ ബുഗാറ്റിയെ വ്യത്യസ്തനാക്കുന്നു. പൂർ‌വ്വാശ്രമിത്തിൽ പാവം ഹോണ്ട അക്കോഡായിരുന്നു കക്ഷി.

അഗ്രോ ജെറ്റർ

ആതുര സേവനത്തിനായി സ്വാമി രൂപകൽപ്പ ചെയ്ത വാഹനമാണിത്. റോഡുകളില്ലാത്ത ഗ്രാമപ്രദേശങ്ങളിലേക്ക് മെഡിക്കൽ സേവനം എത്തിക്കുന്നതിനായാണ് സ്വാമി ഹീറോ കരിസ്മയിൽ ഈ വിചിത്ര വാഹനം നിർമിച്ചത്. പിയാജിയോയുടെ എംപി3 സ്കൂട്ടറായിരുന്നു പ്രചോദനം

ഡോണർ കാർ

ഹ്യുണ്ടേയ് സാൻട്രോയെയാണ് ബാബ ഈ അവസ്ഥയിൽ എത്തിയത്. ബോളിവുഡിലെ ഒരു സിനിമ നടിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് കാർ മോഡിഫൈ ചെയ്തത്.

ഇന്ത്യൻ ഹമ്മര്‍‌

ഹമ്മറിൽ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടുകൊണ്ട് സ്വാമി നിർ‌മിച്ച ഇന്ത്യൻ ഹമ്മറാണിത്. പൂർവ്വാശ്രമത്തിൽ ഇത് ഏതുവാഹനമാണെന്ന് രഹസ്യമായി തുടരുന്നു.

ഇവകൂടാതെ നിരവധി വാഹനങ്ങൾ ഗുര്‍മീത്‌ റാം റഹീം സിങ് മോഡിഫൈ ചെയ്തിട്ടുണ്ട്. അവയിൽ ചിലതിന്റെ പടങ്ങൾ ചുവടെ ചേർക്കുന്നു. ഏത് വാഹനമാണ് മാത്രം ചോദിക്കരുത്...