ബംഗ്ലദേശിലും ‘നാനോ’ നിർമിക്കാൻ സാധ്യത

പശ്ചിമ ബംഗാളിലെ സിംഗൂരിൽ നിന്നു നിഷ്കാസിതരായ ‘നാനോ’യ്ക്കു ബംഗ്ലദേശിൽ നിർമാണശാല ഉയരാൻ സാധ്യത. ടാറ്റ മോട്ടോഴ്സിന്റെ ബംഗ്ലദേശിലെ വിതരണക്കാരായ നിതൊൽ നിലൊയ് ഗ്രൂപ്പാണു ചെറുകാറായ ‘നാനോ’യുടെ നിർമാണത്തിന് അസംബ്ലിങ് ശാല സ്ഥാപിക്കാൻ താൽപര്യം പ്രകടിപ്പിച്ചു രംഗത്തെത്തിയിരിക്കുന്നത്.

ബംഗ്ലദേശിൽ ‘നാനോ’ അസംബ്ൾ ചെയ്യാനുള്ള സാധ്യതാപഠന റിപ്പോർട്ട് ടാറ്റ ഗ്രൂപ്പിനു കൈമാറിയതായി നിതൊൽ നിലൊയ് ഗ്രൂപ് ചെയർമാൻ എ മത്ലബ് അഹമ്മദാണു സ്ഥിരീകരിച്ചത്. പ്രാദേശികമായി നിർമിച്ച ‘നാനോ’ പുറത്തിറക്കുക വഴി ബംഗ്ലദേശ് വാഹന വിപണിയിൽ മികച്ച വിൽപ്പന കൈവരിക്കാനാവുമെന്ന് അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. പോരെങ്കിൽ ടാറ്റ മോട്ടോഴ്സിന്റെ ചില വാണിജ്യ വാഹനങ്ങൾ നിതൊൽ നിലൊയ് ഗ്രൂപ് നിലവിൽ അസംബ്ൾ ചെയ്തു വിൽക്കുന്നുമുണ്ട്.

വർഷം തോറും 200 — 300 ‘നാനോ’യാണു കമ്പനി ബംഗ്ലദേശിൽ വിൽക്കുന്നത്. ‘നാനോ’യടക്കമുള്ള മോഡലുകൾ പ്രാദേശികമായി അസംബ്ൾ ചെയ്താൽ വിൽപ്പന ഗണ്യമായി ഉയരുമെന്നാണു മത്ലബ് അഹമ്മദിന്റെ വിലയിരുത്തൽ. വിദേശ നിർമിത കാറുകൾക്ക് കനത്ത ഇറക്കുമതി ചുങ്കമാണ് ബംഗ്ലദേശ് ഈടാക്കുന്നത്. പ്രാദേശിക അസംബ്ലിങ്ങിലൂടെ വില കുറയ്ക്കനാവുമെന്നും അതുവഴി വിൽപ്പന ഉയരുമെന്നും അദ്ദേഹം കണക്കുകൂട്ടുന്നു. ജപ്പാനിൽ നിന്നുള്ള റീകണ്ടീഷൻഡ് കാറുകൾ വാഴുന്ന ബംഗ്ലദേശ് വിപണിയിൽ ടാറ്റ മോട്ടോഴ്സിന്റെ വിഹിതം ഏഴു ശതമാനത്തോളമാണ്.

അതിനിടെ വിൽപ്പനയിലെ തിരിച്ചടികൾക്കിടയിലും ‘നാനോ’യെ പിൻവലിക്കാൻ പദ്ധതിയില്ലെന്നു ടാറ്റ മോട്ടോഴ്സ് എക്സിക്യൂട്ടീവ് ഡയറക്ടറും ചീഫ് ഓപ്പേറ്റിങ് ഓഫിസറുമായ സതീഷ് ബി ബൊർവങ്കർ വ്യക്തമാക്കിയിരുന്നു. രത്തൻ ടാറ്റയുടെ ആശയം യാഥാർഥ്യമാക്കി ‘ലോകത്തിലെ ഏറ്റവും വില കുറഞ്ഞ കാർ’ ആയി മാറിയ ‘നാനോ’യുടെ കാര്യത്തിൽ കമ്പനിക്കു വൈകാരിക ബന്ധമാണുള്ളതെന്നും അദ്ദേഹം വിശദീകരിച്ചു. വിപണിയിൽ കാറിന്റെ സ്ഥാനം പരിഷ്കരിച്ചു ‘നാനോ’യെ കരകയറ്റാനാവുമെന്ന പ്രതീക്ഷയും അദ്ദേഹം പ്രകടിപ്പിച്ചു.