ചൈനയിൽ വൈദ്യുത വാഹന നിർമാണത്തിനു റെനോ നിസ്സാൻ

ചൈനീസ് വിപണിക്കായി വൈദ്യുത വാഹന(ഇ വി)ങ്ങൾ നിർമിക്കാൻ ജാപ്പനീസ് നിർമാതാക്കളായ നിസ്സാൻ മോട്ടോർ കമ്പനിയും ഫ്രഞ്ച് പങ്കാളിയായ റെനോ എസ് എയും പുത്തൻ സഖ്യം സ്ഥാപിക്കുന്നു. ചൈനീസ് നിർമാതാക്കളായ ഡോങ്ഫെങ് മോട്ടോർ ഗ്രൂപ് കമ്പനിയാണു റെനോ നിസ്സാന്റെ വൈദ്യുത വാഹന രൂപകൽപ്പന, നിർമാണ സംരംഭത്തിൽ പങ്കാളിയാവുക.

ഇ ജി ടി ന്യൂ എനർജി ഓട്ടമോട്ടീവ് കമ്പനി എന്നു പേരിട്ട പുതിയ സംയുക്ത സംരംഭത്തിന്റ 25% വീതം ഓഹരികളാണു നിസ്സാന്റെയും റെനോയുടെയും ഉടമസ്ഥതയിലുണ്ടാവുക; അവശേഷിക്കുന്ന 50% ഓഹരികൾ ഡോങ്ഫെങ്ങിന്റെ പക്കലാവുമെന്നു റെനോ നിസ്സാൻ വ്യക്തമാക്കി.

ലോകത്തിലെ ഏറ്റവും വലിയ വാഹന വിപണിയായ ചൈനയിൽ ബാറ്ററിയിൽ ഓടുന്ന മോഡലുകൾക്കുള്ള ആവശ്യമേറുന്നതു പരിഗണിച്ചാണു റെനോ നിസ്സാന്റെ ഈ നീക്കം. പ്ലഗ് ഇൻ മോഡലുകൾക്കു ചൈന നിശ്ചയിച്ചിരിക്കുന്ന കർശന ക്വോട്ട വ്യവസ്ഥയിൽ നേട്ടം കൊയ്യുകയെന്ന ലക്ഷ്യത്തോടെയാണു റെനോ നിസ്സാനും ഡോങ്ഫെങ്ങുമായി കൈ കോർക്കുന്നത്.

ചൈനീസ് വിപണി ലക്ഷ്യമിട്ടു വൈദ്യുത വാഹന നിർമാണത്തിനു സംയുക്ത സംരംഭം സ്ഥാപിക്കാനുള്ള സാധ്യത തേടുകയാണെന്നു യു എസ് നിർമാതാക്കളായ ഫോഡ് മോട്ടോർ കമ്പനിയും നേരത്തെ പ്രഖ്യാപിച്ചിരുന്നു. ചൈനീസ് കമ്പനിയായ അൻഹുയ് സോട്ടെ ഓട്ടമൊബീൽ കമ്പനിയുടെ പങ്കാളിത്തത്തോടെ പുത്തൻ ബ്രാൻഡിലുള്ള വൈദ്യുത വാഹനങ്ങൾ വിപണിയിലിറക്കാനാണു ഫോഡിന്റെ പദ്ധതി.