പി വി സിന്ധു ബ്രിജ്സ്റ്റോൺ ഇന്ത്യ അംബാസഡർ

P.V. Sindhu

ജാപ്പനീസ് ടയർ നിർമാതാക്കളായ ബ്രിജ്സ്റ്റോണിന്റെ ഇന്ത്യയിലെ ബ്രാൻഡ് അംബാസഡറാവാൻ പ്രശസ്ത ബാഡ്മിന്റൻ താരം പി വി സിന്ധു എത്തുന്നു. ബ്രിജ്സ്റ്റോൺ ഇന്ത്യ നിയോഗിക്കുന്ന ആദ്യ ബ്രാൻഡ് അംബാസഡറാണു ലോക ചാംപ്യൻഷിപ്പിലെ വെള്ളി മെഡൽ ജേതാവായ സിന്ധു. കഴിഞ്ഞ ഒളിംപിക്സിലും സിന്ധു വെള്ളി മെഡൽ നേടിയിരുന്നു; ഈ നേട്ടം കൈവരിരിക്കുന്ന ആദ്യ ഇന്ത്യൻ വനിതയായ സിന്ധുവിനെ പത്മശ്രീ നൽകിയാണു രാജ്യം ആദരിച്ചത്. 

ഷട്ടിൽ കോർട്ടിൽ പുതിയ ഉയരങ്ങൾ കീഴടക്കിയ സിന്ധുവുമായി മൂന്നു വർഷ കരാറാണു ബ്രിജ്സ്റ്റോൺ ഇന്ത്യ ഒപ്പുവച്ചത്. ജപ്പാനിൽ 2020ൽ നടക്കുന്ന ഒളിംപിക്സിന്റെ പ്രായോജകർ കൂടിയാണു ബ്രിജ്സ്റ്റോൺ. ഒളിംപിക്സുമായി ബന്ധപ്പെട്ട പരിപാടികളിലടക്കം വരുന്ന മൂന്നു വർഷത്തിനിടെ ബ്രിജ്സ്റ്റോൺ ഒരുക്കുന്ന വിവിധ വേദികളിൽ സിന്ധുവിന്റെ സാന്നിധ്യമുണ്ടാവുമെന്നു ബ്രിജ്സ്റ്റോൺ ഇന്ത്യ എക്സിക്യൂട്ടീവ് ഡയറക്ടർ കസുതൊഷി ഒയാമ അറിയിച്ചു.  ബ്രിജ്സ്റ്റോണിന്റെ ഇന്ത്യയിലെ ആദ്യ ബ്രാൻഡ് അംബാസഡറായി സിന്ധുവിനെ അവതരിപ്പിക്കാൻ സാധിച്ചതിൽ ആഹ്ലാദമുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി. 

ആഗോളതലത്തിൽ തന്നെ പ്രമുഖ ടയർ നിർമാതാക്കളായ ബ്രിജ്സ്റ്റോൺ 2014 മുതലാണ് ഒളിംപിക്സുമായി സഹകരിക്കുന്നത്. രാജ്യാന്തര ഒളിംപിക് കമ്മിറ്റിയുമായി ദീർഘകാല കരാറിലേർപ്പെട്ട ബ്രിജ്സ്റ്റോൺ 2024 വരെ കായിക മാമാങ്കത്തിന്റെ പ്രായോജകരായി രംഗത്തുണ്ടാവും.