വൈദ്യുത വാഹന വിഭാഗത്തിലേക്കു മാരുതി സുസുക്കിയും

വൈദ്യുതി വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിൽ കേന്ദ്ര സർക്കാർ ശ്രദ്ധ കേന്ദ്രീകരിക്കുന്ന സാഹചര്യത്തിൽ മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡും ഈ വിഭാഗത്തോടു മുഖം തിരിക്കില്ലെന്നു കമ്പനി ചെയർമാൻ ആർ സി ഭാർഗവ. ഉപയോക്താക്കളുടെ താൽപര്യം വിലയിരുത്തി വിവിധ വൈദ്യുത വാഹന മോഡലുകൾ കമ്പനി അവതരിപ്പിക്കുമെന്നും അദ്ദേഹം വെളിപ്പെടുത്തി.  നിലവിൽ രാജ്യത്തെ കാർ വിപണിയിൽ പകുതിയോളം വിഹിതമാണു മാരുതി സുസുക്കി ഇന്ത്യയ്ക്കുള്ളത്. അടുത്ത മൂന്നു മുതൽ അഞ്ചു വർഷക്കാലം 10 ശതമാനത്തിലേറെ വിൽപ്പന വളർച്ച നിലനിർത്താനാവുമെന്ന പ്രതീക്ഷയും ഭാർഗവ പ്രകടിപ്പിച്ചു.

ഇന്ത്യയിൽ വൈദ്യുത വാഹനങ്ങളുടെ വ്യാപനം ത്വരിതപ്പെടുത്താനുള്ള പദ്ധതികളാണു സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്. പരിസ്ഥിതി മലിനീകരണം ചെറുക്കാനുള്ള ഉദ്യമമെന്ന നിലയിൽ ഈ നയം മാറ്റം അഭിനന്ദനാർഹമാണെന്നു കമ്പനിയുടെ വാർഷിക പൊതുയോഗ(എ ജി എം)ത്തിൽ ഭാർഗവ അഭിപ്രായപ്പെട്ടു. ഒപ്പം ഉപയോക്താക്കളുടെ അഭിരുചികൾ തിരിച്ചറിഞ്ഞ ശേഷമാവും മാരുതി സുസുക്കി ഈ വിഭാഗത്തിലെ മോഡലുകൾ നിശ്ചയിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.

വൈദ്യുത വാഹന വിഭാഗത്തിൽ നിന്നു വിട്ടുനിൽക്കാൻ കമ്പനി ആലോചിക്കുന്നില്ല. ഉപഭോക്താക്കളുടെ അഭിരുചികൾ വ്യക്തമായാലുടൻ കമ്പനി ഈ വിഭാഗത്തിനുള്ള മോഡലുകൾ വികസിപ്പിക്കുമെന്ന് ഭാർഗവ വെളിപ്പെടുത്തി. അതുവരെ നിലവിലുള്ള മോഡലുകളുടെ ഇന്ധനക്ഷമത മെച്ചപ്പെടുത്താനും പുത്തൻ സാങ്കേതികവിദ്യകൾ അവതരിപ്പിക്കാനുമാവും കമ്പനി മുൻഗണന നൽകുകയെന്നും അദ്ദേഹം അറിയിച്ചു.

അടുത്ത അഞ്ചു വർഷക്കാലം ഇന്ത്യൻ വാഹന വ്യവസായം 10 ശതമാനത്തിലേറെ വളർച്ച നേടി മുന്നേറുമെന്നു ഭാർഗവ പ്രതീക്ഷ പ്രകടിപ്പിച്ചു. സുസുക്കിയുടെ പിന്തുണയോടെ മാരുതിയും ഇതേ വളർച്ചാനിരക്ക് കൈവരിക്കുമെന്ന് അദ്ദേഹം പ്രത്യാശിച്ചു. 2020 ആകുമ്പോഴേക്ക് പ്രതിവർഷം 20 ലക്ഷം യൂണിറ്റ് വിൽപ്പന നേടാൻ മാരുതി സുസുക്കിക്കു കഴിയുമെന്നാണു പ്രതീക്ഷ. ക്രമേണ വാർഷിക വിൽപ്പന 25 ലക്ഷവും 30 ലക്ഷവുമൊക്കെയായി ഉയരുമെന്നും അദ്ദേഹം പ്രത്യാശിച്ചു.  മാതൃസ്ഥാപനമായ സുസുക്കി മോട്ടോർ കോർപറേഷൻ ചെയർമാൻ ഒസാമു സുസുക്കിയും മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് മാനേജിങ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫിസറുമായ കെനിചി അയുകാവയും എ ജി എമ്മിൽ പങ്കെടുക്കാനെത്തിയിരുന്നു.