ഉത്സവകാല ഇളവുകളുമായി നിസ്സാനും ഡാറ്റ്സനും

RediGo

നവരാത്രി, ദീപാവലി ആഘോഷങ്ങൾ പ്രമാണിച്ച് ആകർഷക ആനുകൂല്യങ്ങളുമായി ജാപ്പനീസ് നിർമാതാക്കളായ നിസ്സാൻ ഇന്ത്യ. നിസ്സാന്റെയും ബജറ്റ് ബ്രാൻഡായ ഡാറ്റ്സന്റെയും ശ്രേണിയിലെ വാഹനങ്ങൾക്കുള്ള ഇളവുകൾ സെപ്റ്റംബർ അഞ്ചു മുതൽ പ്രാബല്യത്തിലെത്തിയിട്ടുണ്ട്. നിസ്സാൻ മോഡലുകൾക്ക് 71,000 രൂപ വരെയും ഡാറ്റ്സന് 16,000 രൂപയുടെയും ഇളവുകളാണു കമ്പനികൾ പ്രഖ്യാപിച്ചിരിക്കുന്നത്.

സൗജന്യ ഇൻഷുറൻസ്, എക്സ്ചേഞ്ച് ബോണസ്(20,000 രൂപ വരെ), കോർപറേറ്റ് ഓഫർ(6,000 രൂപ വരെ) തുടങ്ങിയവയൊക്കെ ചേരുന്നതാണ് നിസ്സാന്റെ വാഗ്ദാനം. ‘മൈക്ര എം സി’ക്ക് 39,000 രൂപയോളവും ‘മൈക്ര ആക്ടീവി’ന് 34,000 രൂപയോളവുമാണ് ഇളവ് പ്രതീക്ഷിക്കാവുന്നത്; ഇതിൽ സൗജന്യ ഇൻഷുറൻസും എക്സ്ചേഞ്ച് ബോണസും(10,000 രൂപ വരെ) കോർപറേറ്റ് ഓഫറും(4,000 രൂപ വരെ) ഉൾപ്പെടും.ഡാറ്റ്സനാവട്ടെ ‘ഗോ പ്ലസി’ന് 16,000 രൂപയുടെയും ‘ഗോ’യ്ക്ക് 14,500 രൂപയുടെയും 800 സി സി ‘റെഡി ഗൊ’യ്ക്ക് 13,000 രൂപയുടെയും ആനുകൂല്യങ്ങളാണ് ഉത്സവകാലത്ത് വാഗ്ദാനം ചെയ്യുന്നത്.

സൗജന്യ ഇൻഷുറൻസും 2,000 രൂപ വരെ എക്സ്ചേഞ്ച് ബോണസുമൊക്കെ ചേരുന്നതാണ് ഡാറ്റ്സന്റെ ഉത്സവകാല ആനുകൂല്യം. കൂടാതെ ‘റെഡി ഗൊ’ വാങ്ങാനെത്തുന്ന സർക്കാർ ജീവനക്കാർക്കു ‘പില്ലേഴ്സ് ഓഫ് ഇന്ത്യ’ പദ്ധതി പ്രകാരം 6,000 രൂപയുടെ അധിക വിലക്കിഴിവും ഡാറ്റ്സൻ വാഗ്ദാനം ചെയ്യുന്നുണ്ട്. കൂടാതെ ഉത്സവകാലത്ത് കാർ വാങ്ങുന്നവർക്ക് നിസ്സാനും ഡാറ്റ്സനും സ്വർണ നാണയവും സമ്മാനമായി നൽകും. ഒപ്പം വ്യവസ്ഥകൾക്കു വിധേയമായി 7.99% പലിശ നിരക്കിൽ വാഹന വായ്പയും വാഗ്ദാനമുണ്ട്.
സെപ്റ്റംബർ അഞ്ചിനും 19നുമിടയിൽ കാർ ബുക്ക് ചെയ്യുന്നവർക്ക് നറുക്കെടുപ്പിലൂടെ കാർ സൗജന്യ സമ്മാനമായി നേടാനും അവസരമുണ്ട്. ഉത്സവകാലത്ത് ഒൻപതു വീതം നിസ്സാൻ, ഡാറ്റ്സൻ ഉപയോക്താക്കൾക്കാണ് സൗജന്യ കാർ സമ്മാനം നേടാൻ അവസരമുള്ളത്.