ലക്ഷം യൂണിറ്റ് വിൽപ്പന മോഹിച്ച് റെനോ ഇന്ത്യ

Renault Kwid- 2nd Anniversary Edition

ഇക്കൊല്ലത്തെ ആഭ്യന്തര വിൽപ്പന ഒരു ലക്ഷം യൂണിറ്റിലെത്തിക്കാനാവുമെന്ന് ഫ്രഞ്ച് നിർമാതാക്കളായ റെനോ ഇന്ത്യയ്ക്കു പ്രതീക്ഷ. വിവിധോദ്ദേശ്യ വാഹന(എം പി വി)മായ ‘ലോജി’ക്ക് ഫ്ളീറ്റ് വിഭാഗത്തിൽ നിന്നുള്ള ആവശ്യമേറിയതും റെനോയ്ക്ക് ആഹ്ലാദം പകരുന്നുണ്ട്. ഇക്കൊല്ലം തന്നെ ഇന്ത്യയിൽ നിർമിച്ച മോഡലുകൾ ഭൂട്ടാനിലും ബംഗ്ലദേശിലും വിൽപ്പനയ്ക്കെത്തുമെന്നും റെനോ ഇന്ത്യ ചീഫ് എക്സിക്യൂട്ടീവ് ഓഫിസറും മാനേജിങ് ഡയറക്ടറുമായ സുമിത് സാഹ്നി അറിയിച്ചു. നിലവിൽ ദക്ഷിണ ആഫ്രിക്കയിലും ശ്രീലങ്കയിലുമാണു റെനോ ഇന്ത്യ നിർമിച്ച വാഹനങ്ങൾ വിൽപ്പനയ്ക്കെത്തുന്നത്.

ഇക്കൊല്ലത്തെ ആഭ്യന്തര വിൽപ്പന 1,00,000 യൂണിറ്റ് പിന്നിടുമെന്നാണു പ്രതീക്ഷയെന്നു സാഹ്നി അറിയിച്ചു. ഇക്കൊല്ലം ഇതുവരെയുള്ള വിൽപ്പന 80,000 യൂണിറ്റ് പിന്നിട്ടതായും അദ്ദേഹം വെളിപ്പെടുത്തി. ടാക്സി വിഭാഗത്തിൽ നിന്നു ‘ലോജി’ക്ക് ആവശ്യക്കാരേറുന്നുണ്ട്. അനുകൂല സാഹചര്യം മുൻനിർത്തി ഈ ആഴ്ച മുതൽ ‘ലോജി’യിൽ സ്പീഡ് ഗവർണർ ഘടിപ്പിക്കാനും റെനോ ഇന്ത്യ തീരുമാനിച്ചിട്ടുണ്ട്.കഴിഞ്ഞ വർഷം അവസാനത്തോടെയാണു റെനോ ‘ലോജി’യുടെ ഫ്ളീറ്റ് മോഡൽ വിപണിയിലെത്തിച്ചത്. വിൽപ്പന ഉയർന്നതോടെ ഈ പരീക്ഷണം വിജയമായെന്നാണു കമ്പനിയുടെ വിലയിരുത്തൽ. 

എം പി വി വിഭാഗത്തിലെ ചില മോഡലുകളുടെ ഉൽപ്പാദനം നിലച്ചതും ‘ലോജി’ക്ക് അനുകൂുല ഘടകമായിട്ടുണ്ടെന്ന് പേരുകൾ വെളിപ്പെടുത്താതെ സാഹ്നി വിശദീകരിച്ചു. ഈ സാഹചര്യത്തിൽ പഴയ വാഹനം മാറ്റി പുതിയതു വാങ്ങുന്ന ഫ്ളീറ്റ് ഉടമസ്ഥർ ‘ലോജി’ തേടിയെത്തുന്നുണ്ട്. റെനോയുടെ പ്രീമിയം സ്പോർട് യൂട്ടിലിറ്റി വാഹന(എസ് യു വി)മായ ‘കാപ്റ്റർ’ വർഷാവസാനത്തോടെ ഇന്ത്യയിൽ വിൽപ്പനയ്ക്കെത്തുമെന്നും സാഹ്നി അറിയിച്ചു. എസ് യു വി വിപണിയിൽ പുത്തൻ വിഭാഗം സൃഷ്ടിക്കാൻ ക്രോസോവർ ശൈലിയിൽ രൂപകൽപ്പന ചെയ്ത ‘കാപ്റ്ററി’നു കഴിയുമെന്നാണു റെനോയുടെ പ്രതീക്ഷ. ആഗോളതലത്തിൽ 10 ലക്ഷത്തിലേറെ യൂണിറ്റ് വിൽപ്പന കൈവരിച്ച മികവുമായാവും ‘കാപ്റ്റർ’ ഇന്ത്യയിൽ അരങ്ങേറ്റം കുറിക്കുക.  ഇന്ത്യൻ വിപണിയിൽ വില പിടിച്ചു നിർത്താൻ ‘കാപ്റ്ററി’ന്റെ 75 — 80% ഘടകങ്ങൾ പ്രാദേശികമായി സമാഹരിക്കാനാണു റെനോ ലക്ഷ്യമിടുന്നതെന്നും സാഹ്നി അറിയിച്ചു.