വൈദ്യുതവാഹനം: പണം വാരിയെറിഞ്ഞു ഫോക്സ്‍‌‌വാഗൻ

Representative Image

വൈദ്യുത വാഹന വിഭാഗത്തിലേക്കു ശ്രദ്ധ തിരിക്കുന്നതിന്റെ ഭാഗമായി ഈ മേഖലയിൽ കനത്ത നിക്ഷേപത്തിനും ജർമൻ വാഹന നിർമാതാക്കളായ ഫോക്സ്‍‌‌വാഗൻ തയാറെടുക്കുന്നു. വ്യാപക വിൽപ്പനയുള്ള വൈദ്യുത വാഹനങ്ങളുടെ വിഭാഗത്തിൽ യു എസിൽ നിന്നുള്ള ടെസ്‌ലയെ വെല്ലുവിളിക്കാനായി 2030 വരെ 2,400 കോടി ഡോളർ(ഏകദേശം 1.54 ലക്ഷം കോടി രൂപ) ആണു ഫോക്സ്‍‌‌വാഗൻ നിക്ഷേപിക്കുക. 2025നകം വിവിധ ബ്രാൻഡുകളിലായി 80 പുതിയ വൈദ്യുത കാറുകൾ പുറത്തിറക്കാനാണു വിൽപ്പന അടിസ്ഥാനത്തിൽ ലോകത്തിലെ ഏറ്റവും വലിയ വാഹന നിർമാതാക്കളായ ഫോക്സ്‍‌‌വാഗൻ ലക്ഷ്യമിടുന്നത്; നേരത്തെ 30 വൈദ്യുത കാറുകൾ അവതരിപ്പിക്കാൻ ലക്ഷ്യമിട്ടിരുന്ന സ്ഥാനത്താണിത്. പോരെങ്കിൽ 2030 ആകുമ്പോഴേക്ക് ഗ്രൂപ്പിന്റെ ഉൽപന്ന ശ്രേണിയിലെ എല്ലാ മോഡലിന്റെയും വൈദ്യുത വകഭേദം ലഭ്യമാക്കാനും ഫോക്സ്‍‌‌വാഗനു പദ്ധതിയുണ്ട്.

വൈദ്യുത വാഹന വിഭാഗത്തിലേക്കുള്ള ചുവടുമാറ്റത്തിനായി 2025നുള്ളിൽ 1000 കോടി യൂറോ(ഏകദേശം 76,560 കോടി രൂപ) ചെലവിടുമെന്നു ഫോക്സ്‍‌‌വാഗൻ മുമ്പേ പ്രഖ്യാപിച്ചിരുന്നതാണ്. യു എസിലെ കർശന മലിനീകരണ നിയന്ത്രണ പരിശോധന ജയിക്കാൻ ഡീസൽ എൻജിനുകളിൽ ‘പുകമറ’ സോഫ്റ്റ്വെയറിന്റെ സഹായം തേടിയെന്നു രണ്ടു വർഷം മുമ്പ് സമ്മതിക്കേണ്ടി വന്നതോടെയാണു ഫോക്സ്‍‌‌വാഗന്റെ ജാതകം തിരുത്തിയത്. അതുവരെ വൈദ്യുത വാഹന സാങ്കേതികവിദ്യയോടും സ്വയം ഓടുന്ന കാറുകളോടുമൊക്കെ തണുപ്പൻ സമീപനം സ്വീകരിച്ചിരുന്ന കമ്പനി, ‘ഡീസൽഗേറ്റ്’ വിവാദ പശ്ചാത്തലത്തിൽ ഈ നിലപാടുകൾ മാറ്റാൻ നിർബന്ധിതരാവുകയായിരുന്നു. ഫോക്സ്‍‌‌വാഗൻ സൃഷ്ടിച്ച വിവാദം പരിസ്ഥിതി മലിനീകരണ വിഷയത്തിൽ കർക്കശ നിലപാടിലേക്കു നീങ്ങാൻ ലോക രാജ്യങ്ങവെ പ്രേരിപ്പിച്ചു; ബാറ്ററി മേഖലയിലെ വൻമുന്നേറ്റം കൂടിയായതോടെ മലിനീകരണ വിമുക്തമായ വാഹനങ്ങളുടെ വികസനം എല്ലാ നിർമാതാക്കൾക്കും സുപ്രധാനമായി. 

ഫോക്സ്വാഗനെ പോലുള്ള കമ്പനി പിന്തുടരുകയല്ല, മുന്നിൽ നിന്നു നയിക്കുകയാണു വേണ്ടെതെന്നായിരുന്നു ഗ്രൂപ്പിന്റെ ‘റോഡ്മാപ് ഇ’ ഫ്രാങ്ക്ഫുർട് ഓട്ടോ ഷോയിൽ അനാവരണം ചെയ്തു ചീഫ് എക്സിക്യൂട്ടീവ് മത്തിയാസ് മ്യുള്ളറുടെ പ്രഖ്യാപനം. ഇ ഗതാഗത മേഖലയിലെ അന്തിമ വിജയത്തിനുള്ള അരങ്ങൊരുക്കുകയാണു ഫോക്സ്‍‌‌വാഗനെന്നും അദ്ദേഹം അവകാശപ്പെട്ടു.ടെസ്‌ല ശ്രേണിയിൽ 35,000 ഡോളറി(ഏകദേശം 22.41 ലക്ഷം രൂപ)നു ലഭിക്കുന്നതും ഏറ്റവും വില കുറഞ്ഞതുമായ മോഡലായ ‘മോഡൽ ത്രീ’യോട് ഏറ്റുമുട്ടാനാണു ഫോക്സ്‍‌‌വാഗൻ ‘ഐ ഡി’യെ അണിയിച്ചൊരുക്കുന്നത്. ‘ഐ ഡി’യിലൂടെ വ്യാപക വിൽപ്പന കൈവരിക്കാനാവുമെന്നാണു ഫോക്സ്‍‌‌വാഗന്റെ പ്രതീക്ഷ. ‘റോഡ് മാപ് ഇ’യുടെ ഭാഗമായി ബാറ്ററി ലഭ്യമാക്കാനുള്ള പങ്കാളികൾക്കായി ഫോക്സ്‍‌‌വാഗൻ ചൈനയിലും യൂറോപ്പിലും നോർത്ത് അമേരിക്കയിലുമൊക്കെ ടെൻഡർ നടപടികളും തുടങ്ങിക്കഴിഞ്ഞു. ബാറ്ററി സെല്ലുകൾക്കും അനുബന്ധ സാങ്കേതികവിദ്യയ്ക്കുമൊക്കൊയി 5000 കോടി യൂറോ(3.82 ലക്ഷം കോടി രൂപ)യാണു ചെലവ് കണക്കാക്കുന്നത്.