കിയ മോട്ടോറിനു പുതിയ സ്റ്റൈലിങ് മേധാവി മോട്ടോറിനു പുതിയ സ്റ്റൈലിങ് മേധാവി

കൊറിയൻ വാഹന നിർമാതാക്കളായ കിയ മോട്ടോഴ്സ് കോർപറേഷന്റെ സ്റ്റൈലിങ് മേധാവിയായി പിയറി ലെക്ലെർക്ക് എത്തുന്നു. ജർമൻ ആഡംബര കാർ നിർമാതാക്കളായ ബി എം ഡബ്ല്യുവിന്റെയും ചൈനീസ് നിർമാതാക്കളായ ഗ്രേറ്റ്വാൾ മോട്ടോറിന്റെയുമൊക്കെ ഡിസൈനറായിരുന്നു ലെക്ലെർക്ക്.  അതുകൊണ്ടുതന്നെ പ്രധാന വിപണിയായ ചൈനയിൽ നേരിടുന്ന തിരിച്ചടി മറികടക്കാൻ ഈ തീരുമാനം സഹായകമാവുമെന്ന പ്രതീക്ഷയിലാണു ഹ്യുണ്ടേയ് മോട്ടോറിന്റെ സഹസ്ഥാപനമായ കിയ.

ഗ്രേറ്റ്വാൾ മോട്ടോഴ്സിന്റെ രൂപകൽപ്പനാ വിഭാഗം മേധാവിയായി 2013ലാണു ലെക്ലെർക്ക് ചുമതലയേറ്റത്. തുടർന്ന് അദ്ദേഹത്തിന്റെ നേതൃത്വത്തിൽ സാക്ഷാത്കരിച്ച ‘ഹവൽ എച്ച് സിക്സ് എസ് യു വി’ പരിഷ്കൃത രൂപകൽപ്പനയുടെ മികവിൽ സ്വീകാര്യത കൈവരിച്ചിരുന്നു. ബി എം ഡബ്ല്യുവിന്റെ എസ് യു വികളായ ‘എക്സ് ഫൈവി’ന്റെയും ‘എക്സ് സിക്സി’ന്റെയും രൂപകൽപ്പന നിർവഹിച്ചതും ലെക്ലെർക്കായിരുന്നു. പ്രകടനക്ഷമതയേറിയ വാഹനൾക്കായി രൂപീകരിച്ച ഉപബ്രാൻഡായ ‘എമ്മി’ന്റെ മേൽനോട്ടവും അദ്ദേഹത്തിനായിരുന്നു. യൂറോപ്പ്, യു എസ്, ചൈന തുടങ്ങി ആഗോളതലത്തിലെ പ്രധാന വാഹന വിപണികളിലെല്ലാം പ്രവർത്തിച്ചു പരിചയമുള്ള അപൂർവം ഡിസൈനർമാരിലൊരാളാണു ലെക്ലെർക്ക് എന്നാണു കിയ മോട്ടോറിന്റെ വിലയിരുത്തൽ. 

ഫോക്സ്വാഗൻ ഗ്രൂപ് ചൈനയുടെ ഡയറക്ടറായിരുന്ന സൈമൺ ലോസ്ബിയെ ചൈന ഡിസൈൻ മേധാവിയായി മൂന്നു മാസം മുമ്പ് ഹ്യുണ്ടേയ് നിയമിച്ചിരുന്നു. ബെൽജിയത്തിൽ ജനിച്ച ലെക്ലെർക്ക് മാസാവസാനത്തോടെ കിയയിലെ പുതിയ ചുമതലയേറ്റെടുക്കുമെന്നാണു സൂചന. മുമ്പ് ഔഡിക്കൊപ്പമായിരുന്ന ഹ്യുണ്ടേയ് ചീഫ് ഡിസൈൻ ഓഫിസർ പീറ്റർ ഷ്റെയർക്കും കൊറിയയിലെ കിയ ഡിസൈൻ സെന്റർ മേധാവി യുൻ സിയോൻ ഹോയ്ക്കുമൊപ്പമാവും ദക്ഷിണ കൊറിയ കേന്ദ്രീകരിച്ചാവും അദ്ദേഹത്തിന്റെ പ്രവർത്തനം. 

ആഗോളതലത്തിൽ അഞ്ചാം സ്ഥാനമാണു ഹ്യുണ്ടേയ് — കിയ മോട്ടോർ സഖ്യത്തിനുള്ളത്. എന്നാൽ പ്രധാന വിപണിയായ ചൈനയിൽ വിൽപ്പന ഇടിയുന്നതു കമ്പനിക്കു കനത്ത വെല്ലുവിളി സൃഷ്ടിച്ചിട്ടുണ്ട്. ഇരുരാജ്യങ്ങളുമായി രാഷ്ട്രീയതലത്തിലുള്ള ഭിന്നതകളും ചൈനീസ് ബ്രാൻഡുകൾ ഉയർത്തുന്ന കനത്ത വെല്ലുവിളിയും ജനപ്രിയമായ സ്പോർട് യൂട്ടിലിറ്റി വാഹന(എസ് യു വി) മോഡലുകൾ ഇല്ലാത്തതുമൊക്കെ ഹ്യുണ്ടേയ് — കിയ സഖ്യത്തിന്റെ പോരായ്മകളായി വിലയിരുത്തപ്പെടുന്നു.