ബെൻസിനെ ഇടിച്ചുതെറിപ്പിച്ച് കെഎസ്ആർടിസി, യാത്രക്കാർ രക്ഷപ്പെട്ടത് അത്ഭുതകരമായി - വിഡിയോ

വാഹനത്തിലെ സുരക്ഷാ സംവിധാനങ്ങൾ യാത്രക്കാരെ അപകടങ്ങളിൽനിന്ന് രക്ഷിക്കാറുണ്ട്. എബിഎസും എയർബാഗും ജീവൻ രക്ഷാ ഉപകരണങ്ങളാണ്. അപകടത്തിന്റെ ആഘാതം പൂർണ്ണമായും വാഹനത്തിലെ യാത്രക്കാരിലേക്ക് എത്തിക്കാതെ രക്ഷിക്കുകയാണ് ഈ സുരക്ഷാ ഉപകരണങ്ങളുടെ ധർമം. കഴിഞ്ഞ ദിവസം കോട്ടയത്ത് എംസി റോഡിൽ നടന്ന അപകടത്തിൽ നിന്ന് യാത്രക്കാർ രക്ഷപ്പെട്ടത് ഇതിന്റെ ഉദാഹരണമാണ്.

കോട്ടയം എംസി റോഡിൽ തെള്ളകം പെട്രോൾ പമ്പിനു സമീപമാണ് അപകടം നടന്നത്. കോട്ടയത്തുനിന്ന് ഏറ്റുമാനൂർ ഭാഗത്തേക്കു പോവുകയായിരുന്ന കെഎസ്ആർടിസി ബസ്, റോഡുമുറിച്ച് പെട്രോൾ പമ്പിലേയ്ക്ക് കടക്കാൻ ശ്രമിച്ച ബെൻസിൽ ഇടിക്കുകയായിരുന്നു. കാറിന്റെ മധ്യഭാഗത്തായാണ് ബസ് ഇടിച്ചതെങ്കിലും കർട്ടൻ എയർബാഗുകളുണ്ടായതുകൊണ്ട് യാത്രക്കാർക്ക് ഗുരുതരമായ പരിക്കുകൾ ഏറ്റില്ല.

അപകടത്തിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആകുകയാണ്. പെട്രോൾ പമ്പിലെ സിസിടിവി ക്യാമറയിലാണ് ദൃശ്യങ്ങൾ പതിഞ്ഞത്. മെഴ്സഡീസ് ബെൻസിന്റെ സി 220യാണ് അപകടത്തിൽ പെട്ടത്. ഏഴ് എയർബാഗുകൾ അടക്കം അത്യാധുനിക സുരക്ഷാ സംവിധാനങ്ങളുള്ള കാറിന്റെ എക്സ്ഷോറൂം വില ഏകദേശം 40 ലക്ഷം രൂപയാണ്.