ജിഎസ്ടി ചതിച്ചു: ജീപ്പിന്റെ വിലയിൽ വൻ വര്‍ദ്ധനവ്

Jeep Compass

ലക്ഷ്വറി കാറുകൾക്കും എസ്‍‌യുവികൾക്കും സെ‍ഡാനുകൾക്കുമുള്ള ജി എസ് ടി പ്രകാരമുള്ള അധിക സെസ് നിരക്കുകൾ പരിഷ്കരിച്ചതോടെ വാഹന വില വർധിപ്പിച്ച് അമേരിക്കൻ യുവി നിർമാതാക്കളായ ജീപ്പും. അടുത്തിടെ പുറത്തിറങ്ങിയ ജീപ്പ് കോംപസിന് 21000 രൂപ മുതൽ 72000 രൂപ വരെ വർദ്ധിച്ചപ്പോൾ പൂർണ്ണമായും ഇറക്കുമതി ചെയ്യുന്ന ഗ്രാന്റ് ചെറോക്കിക്ക് 2.75 ലക്ഷം രൂപയും റാഗ്ലർ അൺലിമിറ്റഡിന് 6.4 ലക്ഷം രൂപയും വർദ്ധിച്ചു. ഇതോടെ ജീപ്പ് കോംപസിന്റെ വില 15.16 ലക്ഷം മുതൽ 21.37 ലക്ഷം രൂപവരെയായി ഉയർന്നു.

ജീപ്പിനെ കൂടാതെ മാതൃകമ്പനിയായ ഫീയറ്റിന്റെ ലീനിയ, പുന്തോ തുടങ്ങിയ മോഡലുകളുടെ വില 9000 രൂപ മുതല്‍ 14000 രൂപ വരെയും കമ്പനി വർദ്ധിപ്പിച്ചു. നേരത്തെ സെസ് നിരക്ക് ഉയർന്ന സാഹചര്യത്തിൽ ഇന്ത്യയിലെ വാഹന വില വർധിപ്പിക്കുകയാണെന്നു ജാപ്പനീസ് നിർമാതാക്കളായ ടൊയോട്ട കിർലോസ്കർ മോട്ടോർ (ടി കെ എം) പ്രഖ്യാപിച്ചിരുന്നു.  ഇതോടെ ഡൽഹിയിൽ ‘ഇന്നോവ ക്രിസ്റ്റ’യ്ക്ക് 78,000 രൂപ ഉയരുമ്പോൾ ‘ഫോർച്യൂണറി’ന്റെ വില വർധന 1.60 ലക്ഷം രൂപയാണ്. ‘കൊറോള ഓൾട്ടിസി’ന്റെ വിലയിൽ 72,000 രൂപയുടെയും ‘പ്ലാറ്റിനം എത്തിയോസി’ന്റെ വിലയിൽ 13,000 രൂപയുടെയും വർധനയുണ്ട്. അതേസമയം സങ്കര ഇന്ധന മോഡലുകൾക്കും ചെറിയ കാറുകൾക്കും വിലയിൽ മാറ്റമില്ലെന്നും ടി കെ എം വ്യക്തമാക്കിയിരുന്നു.