‘സിറ്റി’ക്കും ‘ബി ആർ — വി’ക്കും വിലയേറുമെന്നു ഹോണ്ട

ചരക്ക്, സേവന നികുതി(ജി എസ് ടി)യുടെ സെസ് നിരക്ക് പരിഷ്കരിച്ച സാഹചര്യത്തിൽ വാഹന വില വർധിപ്പിക്കാൻ ജാപ്പനീസ് നിർമാതാക്കളായ ഹോണ്ട കാഴ്സ് ഇന്ത്യയും തീരുമാനിച്ചു. പ്രീമിയം മോഡലുകളായ ‘സിറ്റി’ സെഡാന്റെയും സ്പോർട് യൂട്ടിലിറ്റി വാഹന(എസ് യു വി)ങ്ങളായ ‘ബി ആർ — വി’, ‘സി ആർ — വി’ എന്നിവയുടെയും വിലയാണ് ഉയരുക. ഇടത്തരം സെഡാനുകളുടെയും എസ് യു വികളുടെയും ആഡംബര മോഡലുകളുടെയും സെസ് നിരക്കാണു കഴിഞ്ഞ ദിവസം കേന്ദ്ര സർക്കാർ പരിഷ്കരിച്ചത്. വലിയ കാറുകളുടെയും സ്പോർട് യൂട്ടിലിറ്റി വാഹന(എസ് യു വി)ങ്ങളുടെയും നികുതിയിൽ രണ്ടു മുതൽ ഏഴു ശതമാനം വരെ വർധനയായിരുന്നു ജി എസ് ടി കൗൺസിൽ നിർദേശിച്ചത്.

കഴിഞ്ഞ 11 മുതൽ പ്രാബല്യത്തോടെ ഈ മോഡലുകളുടെ വിലയിൽ 11,000 മുതൽ 89,000 രൂപയുടെ വരെ വർധനയാണു നിലവിൽ വന്നതെന്നു കമ്പനി അറിയിച്ചു. ചെറുകാറുകളുടെയും നാലു മീറ്ററിൽ താഴെ നീളമുള്ള മോഡലുകളുടെയും സെസ് നിരക്ക് പരിഷ്കരിക്കാത്തതിനാൽ ഇന്ത്യയിൽ വിൽപ്പനയ്ക്കുള്ള ‘ബ്രിയൊ’, ‘ജാസ്’, ‘ഡബ്ല്യു ആർ — വി’, ‘അമെയ്സ്’ എന്നിവയുടെ വിലയിൽ മാറ്റമില്ലെന്നും കമ്പനി വ്യക്തമാക്കി. ജി എസ് ടി നടപ്പായതു വഴി വാഹന വിലയിൽ ലഭിച്ച ആനുകൂല്യങ്ങൾ ഉപയോക്താക്കൾക്ക് ആദ്യം തന്നെ കൈമാറിയ കമ്പനികളിലൊന്നാണു ഹോണ്ട. 

സെസ് നിരക്ക് ഉയർന്ന സാഹചര്യത്തിൽ ഇന്ത്യയിലെ വാഹന വില വർധിപ്പിക്കുകയാണെന്നു ജാപ്പനീസ് നിർമാതാക്കളായ ടൊയോട്ട കിർലോസ്കർ മോട്ടോർ(ടി കെ എം) കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഇതോടെ ഡൽഹിയിൽ ‘ഇന്നോവ ക്രിസ്റ്റ’യ്ക്ക് 78,000 രൂപ ഉയരുമ്പോൾ ‘ഫോർച്യൂണറി’ന്റെ വില വർധന 1.60 ലക്ഷം രൂപയാണ്. ‘കൊറോള ഓൾട്ടിസി’ന്റെ വിലയിൽ 72,000 രൂപയുടെയും ‘പ്ലാറ്റിനം എത്തിയോസി’ന്റെ വിലയിൽ 13,000 രൂപയുടെയും വർധനയുണ്ട്. അതേസമയം സങ്കര ഇന്ധന മോഡലുകൾക്കും ചെറിയ കാറുകൾക്കും വിലയിൽ മാറ്റമില്ലെന്നും ടി കെ എം വ്യക്തമാക്കിയിരുന്നു.