പെട്രോൾ ഓട്ടമാറ്റിക്കുമായി ജീപ്പ് കോംപസ്

Jeep Compass

അരങ്ങേറ്റം കുറിച്ച് രണ്ടുമാസത്തിനുള്ളിൽ തന്നെ സൂപ്പർഹിറ്റായി മുന്നേറുന്ന കോംപസിന് പെട്രോൾ ഓട്ടമാറ്റിക്ക് പതിപ്പുമായി ജീപ്പ് എത്തുന്നു. കൂടുതൽ ഉപഭോക്താവിനെ ആകർഷിക്കുന്നതിന്റെ ഭാഗമായാണ് പുതിയ പെട്രോൾ ഓട്ടമാറ്റിക്ക് വകഭേദവുമായി കമ്പനി എത്തുക. ഉയർന്ന വകഭേദമായ ലിമിറ്റഡിനായിരിക്കും ഏഴ് സ്പീഡ് ഓട്ടമാറ്റിക്ക് ഗിയർബോക്സ് ലഭിക്കുക. കൂടാതെ ഫോർ‌വീൽ‌ ഡ്രൈവ് മോഡും ഓപ്ഷണലായുണ്ടാകും. ഏകദേശം 18.70 ലക്ഷം മുതൽ 19.40 ലക്ഷം രൂപ വരെയാണ് പെട്രോൾ ഓട്ടമാറ്റിക്ക് പതിപ്പിന് പ്രതീക്ഷിക്കുന്ന വില.

അമേരിക്കൻ വാഹന നിർമാതാക്കളായ ജീപ്പിന്റെ ആദ്യ ഇന്ത്യൻ നിർ‌മിത വാഹനം ജീപ്പ് കോംപസ് ജൂലൈ 31 നാണ് പുറത്തിറങ്ങുന്നത്. പതിനഞ്ച് ലക്ഷം രൂപ പ്രാരംഭ വിലയിലെത്തിയ കോംപസിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. പുറത്തിറങ്ങി ഒരു മാസം കൊണ്ട് ഏകദേശം 10000 ബുക്കിങ്ങുകൾ കോംപസിന് ലഭിച്ചു എന്നാണ് കമ്പനി അവകാശപ്പെടുന്നത്. കൂടാതെ യുറോ എന്‍സിഎപി നടത്തിയ ക്രാഷ് ടെസ്റ്റില്‍ അഞ്ചു സ്റ്റാറും ജീപ്പ് കോംപസ് സ്വന്തമാക്കിയിരുന്നു.

പെട്രോൾ ഡീസൽ മോഡലുകളുള്ള ജീപ്പിന്റെ 2 ലീറ്റര്‍ മള്‍ട്ടിജെറ്റ് ഡീസല്‍ എൻജിൻ 3750 ആര്‍പിഎമ്മില്‍ 173 പിഎസ് കരുത്തും 1750 മുതല്‍ 2500 വരെ ആര്‍പിഎമ്മില്‍ 350 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കും. 1.4 ലീറ്റര്‍ പെട്രോള്‍ എൻജിൻ 162 എച്ച് പി വരെ കരുത്തും 250 എന്‍ എം വരെ ടോര്‍ക്കും നല്‍കുന്നുണ്ട്. ഡീസല്‍ എന്‍ജിനു ലീറ്ററിന് 17.1 കിലോമീറ്റർ മൈലേജാണു കമ്പനി അവകാശപ്പെടുന്നത്. ഇരു എന്‍ജിനുകള്‍ക്കുമൊപ്പം ആറു സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനാണു ഗീയര്‍ബോക്‌സ്. 15.16 ലക്ഷം മുതൽ 21.37 ലക്ഷം രൂപവരെയാണ് ജീപ്പ് കോംപസിന്റെ  എക്സ്ഷോറൂം വില.