ഏഴര കോടി പിന്നിട്ട് ഹീറോയുടെ മൊത്തം വിൽപ്പന

രാജ്യത്തെ ഏറ്റവും വലിയ ഇരുചക്രവാഹന നിർമാതാക്കളായ ഹീറോ മോട്ടോ കോർപിന്റെ മൊത്തം വിൽപ്പന ഏഴര കോടി യൂണിറ്റ് പിന്നിട്ടു. 2020ൽ മൊത്തം വിൽപ്പന 10 കോടിയിലെത്തിക്കാനാണു ഹീറോ മോട്ടോ കോർപ് ലക്ഷ്യമിട്ടിരിക്കുന്നത്. ഒപ്പം നവരാത്രി, ദീപാവലി ഉത്സവകാലത്തെ വിൽപ്പന മുൻവർഷത്തെ അപേക്ഷിച്ച് ഇരട്ടിയാക്കാനും കമ്പനിക്കു പദ്ധതിയുണ്ട്.

വിൽപ്പന 7.50 കോടിയിലെത്തിയതിന്റെ ആഹ്ലാദസൂചകമായി ഉപയോക്താക്കൾക്ക് ആനുകൂല്യങ്ങൾ പ്രഖ്യാപിക്കുമെന്നും ഹീറോ മോട്ടോ കോർപ് സൂചിപ്പിച്ചു. മൂന്നു വർഷത്തിനകം വിൽപ്പന 10 കോടിയിലെത്തിക്കുകയെന്ന മുൻലക്ഷ്യത്തിലേക്കുള്ള മുന്നേറ്റത്തിലെ സുപ്രധാന ചുവടുവയ്പാണിതെന്നും കമ്പനി കരുതുന്നു. കഴിഞ്ഞ നവരാത്രി, ദീപാവലി ഉത്സവദിനങ്ങളിൽ 10 ലക്ഷത്തിലേറെ യൂണിറ്റ് വിൽപ്പനയാണു ഹീറോ മോട്ടോ കോർപ് കൈവരിച്ചത്. ഇക്കൊല്ലം ഇതിലും മികച്ച പ്രകടനം കാഴ്ചവയ്ക്കാനാവുമെന്നാണു കമ്പനിയുടെ പ്രതീക്ഷ. 

വിവിധ മോഡലുകൾക്കു മേഖല തിരിച്ചുള്ള വിപണന തന്ത്രങ്ങൾ തയാറാക്കിയതായും ഹീറോ മോട്ടോ കോർപ് വ്യക്തമാക്കുന്നു. ഉപഭോക്തൃ വിഭാഗങ്ങളെ തിരിച്ചറിഞ്ഞ് അവരുമായി സംവദിക്കാനുള്ള വിശദ രൂപരേഖയും തയാറായിട്ടുണ്ട്. ഇന്ത്യ ആതിഥ്യമരുളുന്ന ഫിഫ അണ്ടർ 17 ലോകകപ്പ് ഫുട്ബോൾ മത്സരങ്ങളുമായി ബന്ധപ്പെട്ടു കമ്പനി തയാറാക്കിയ വിപണനതന്ത്രങ്ങളെയും ഉത്സവകാല പ്രചാരണവുമായി ബന്ധിപ്പിച്ചിട്ടുണ്ട്. ഫിഫ ടൂർണമെന്റിന്റെ ദേശീയ പങ്കാളിയാവാൻ ഈ വർഷം ആദ്യമാണു ഹീറോ മോട്ടോ കോർപ് തീരുമാനിച്ചത്. ലോകകപ്പ് ഫുട്ബോളുമായി ബന്ധപ്പെട്ട് അച്ചടി, ടെലിവിഷൻ, ഡിജിറ്റൽ, സാമൂഹിക മാധ്യമ മേഖലകളിൽ വിപുലമായ പരസ്യപ്രചാരണത്തിനും ഹീറോ തയാറെടുക്കുന്നുണ്ട്.

മഹാരാഷ്ട്രയിൽ വിനായക ചതുർഥി നാളുകളിൽ മകിച്ച വിൽപ്പന നേടാൻ കഴിഞ്ഞതായി ഹീറോ മോട്ടോ കോർപ് അവകാശപ്പെട്ടു. സംസ്ഥാനത്തെ വിൽപ്പനയിൽ 25% വർധനയാണു കൈവരിച്ചത്; മുംബൈ, പുണെ, നാഗ്പൂർ, കോലാപ്പൂർ, സോലാപ്പൂർ, ഔറംഗബാദ് നഗരങ്ങളിലെല്ലാം മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ സാധിച്ചെന്നും ഹീറോ മോട്ടോ കോർപ് വ്യക്തമാക്കി. ഇതുവഴി ഓഗസ്റ്റിൽ റെക്കോഡ് വിൽപ്പന നേടാനും ഹീറോയ്ക്കു കഴിഞ്ഞു; 6.78 ലക്ഷം യൂണിറ്റ് വിൽപ്പനയോടെയാണു കമ്പനി പ്രതിമാസ വിൽപ്പനയിൽ പുതിയ ചരിത്രം സൃഷ്ടിച്ചത്.