‘എൻഡേവറി’ന് 1.80 ലക്ഷം വരെ വിലയേറുമെന്നു ഫോഡ്

ചരക്ക്, സേവന നികുതി(ജി എസ് ടി)യുടെ സെസ് നിരക്കുകൾ പരിഷ്കരിച്ചതോടെ യു എസ് നിർമാതാക്കളായ ഫോഡ് പ്രീമിയം സ്പോർട് യൂട്ടിലിറ്റി വാഹന(എസ് യു വി)മായ ‘എൻഡേവറി’ന്റെ വില വർധിപ്പിച്ചു. മോഡൽ അടിസ്ഥാനത്തിൽ 1.20 ലക്ഷം മുതൽ 1.80 ലക്ഷം രൂപയുടെ വരെ വർധനയാണു നടപ്പായതെന്നു ഫോഡ് ഇന്ത്യ അറിയിച്ചു.

ഹാച്ച്ബാക്കായ ‘ഫിഗൊ’ മുതൽ പ്രകടനക്ഷമതയേറിയ ആഡംബര സെഡാനായ ‘മസ്താങ്’ വരെയാണ് ഫോഡ് ഇന്ത്യയിൽ വിൽക്കുന്നത്. ‘എൻഡേവർ’ ഒഴികെയുള്ളവയുടെ വിലയിൽ കാര്യമായ മാറ്റമില്ലെന്നാണ് കമ്പനി വക്താവ് നൽകുന്ന സൂചന. ജൂലൈ ഒന്നിനു നിലവിൽവന്ന ജി എസ് ടി പ്രകാരം കാറുകൾക്ക് ഏറ്റവും ഉയർന്ന നിരക്കായ 28% ആണ് ഈടാക്കിയിരുന്നത്; കൂടാതെ വിവിധ വിഭാഗങ്ങൾക്ക് ഒന്നു മുതൽ 22% വരെ അധിക സെസും ഈടാക്കിയിരുന്നു.

സാധാരണ ഗതിയിൽ കാറുകൾക്ക് 28% ജി എസ് ടിയും 15% അധിക സെസുമാണ് ഈടാക്കിയിരുന്നത്. എന്നാൽ വലിയ കാറുകൾ, എസ് യു വികൾ, ആഡംബര കാറുകൾ എന്നിവയ്ക്ക് അധിക സെസ് ഈടാക്കാനുള്ള ജി എസ് ടി കൗൺസിൽ ശുപാർശ കേന്ദ്ര സർക്കാർ സ്വീകരിക്കുകയായിരുന്നു. വലിയ കാറുകൾ, എസ് യു വികൾ, ആഡംബര കാറുകൾ എന്നിവയുടെ സെസ് നിരക്കിൽ യഥാക്രമം രണ്ട്, അഞ്ച്, ഏഴ് ശതമാനം വീതം വർധനയാണു നടപ്പായത്. 

വലിയ കാറുകൾക്കും എസ് യു വികൾക്കും ആഡംബര വാഹനങ്ങൾക്കുമെല്ലാമുള്ള സെസ് ഇപ്രകാരം ഉയർത്തിയതോടെ ഇന്ത്യയിൽ നാലു മീറ്ററിലേറെ നീളമുള്ള വാഹനങ്ങൾക്കെല്ലാം വിലയേറുന്ന സാഹചര്യമാണ്.ഇതോടെ മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ്, ഹ്യുണ്ടേയ് മോട്ടോർ ഇന്ത്യ, ഫിയറ്റ് ക്രൈസ്ലർ ഓട്ടമൊബീൽസ്(എഫ് സി എ) ഇന്ത്യ, ഹോണ്ട കാഴ്സ് ഇന്ത്യ, ടൊയോട്ട കിർലോസ്കർ മോട്ടോർ(ടി കെ എം) തുടങ്ങിയ നിർമാതാക്കളെല്ലാം വിവിധ മോഡലുകളുടെ വില പരിഷ്കരിച്ചിരുന്നു.