ക്രോസോവറായി‘സെലേറിയൊ എക്സ്’

Maruti Suzuki Celerio

ഹാച്ച്ബാക്കായ ‘സെലേറിയൊ’യുടെ ക്രോസോവർ പതിപ്പ് അവതരിപ്പിക്കാൻ മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ്(എം എസ് ഐ എൽ) ഒരുങ്ങുന്നു. ‘സെലേറിയൊ എക്സ്’ എന്നു പേരിട്ട കാറുമായി കാര്യമായ മത്സരമില്ലാത്ത ക്രോസോവർ — ഹാച്ച്ബാക്ക് വിഭാഗത്തിലേക്കു കടക്കാനാണു കമ്പനിയുടെ നീക്കം. നിലവിൽ ഹ്യുണ്ടേയ് ‘ഐ 20 ആക്ടീവ്’, ഫിയറ്റ് ‘അവെഞ്ചുറ’, ടൊയോട്ട ‘എത്തിയോസ് ക്രോസ്’ തുടങ്ങിയവയാണ് ക്രോസ് — ഹാച്ച്ബാക്ക് വിഭാഗത്തിൽ വിൽപ്പനയ്ക്കുള്ളത്; എന്നാൽ ഇവയ്ക്കെല്ലാം ‘സെലേറിയൊ എക്സി’നെ അപേക്ഷിച്ച് വിലയേറെയാണെന്നതാവും മാരുതി സുസുക്കി കാണുന്ന സാധ്യത. എന്തായാലും അടുത്ത മാസം ആദ്യവാരത്തിൽ തന്നെ ‘സെലേറിയൊ എക്സ്’ വിൽപ്പനയ്ക്കെത്തുമെന്നാണു സൂചന.

രാജ്യത്ത് ഏറ്റവുമധികം വിൽപ്പന കൈവരിച്ചു മുന്നേറുന്ന കാറുകൾക്കൊപ്പമാണു മാരുതി സുസുക്കി ‘സെലേറിയൊ’യ്ക്കു സ്ഥാനം. മാരുതിയുടെ ശ്രേണിയിൽ ആദ്യമായി ഓട്ടോ ഗീയർ ഷിഫ്റ്റ്(എ ജി എസ്) എന്നു കമ്പനി വിളിക്കുന്ന ഓട്ടമേറ്റഡ് മാനുവൽ ട്രാൻസ്മിഷൻ(എ എം ടി) ഇടംപിടിച്ചതും ‘സെലേറിയൊ’യിലായിരുന്നു.

സാധാരണ ‘സെലേറിയൊ’യ്ക്കു ചുറ്റും സൈഡ് സ്കർട്ടിലും വീൽ ആർച്ചിലുമടക്കം പ്ലാസ്റ്റിക് ക്ലാഡിങ് ഘടിപ്പിച്ചാവും മാരുതി സുസുക്കി ‘സെലേറിയൊ എക്സ്’ സാക്ഷാത്കരിക്കുക. കാറിനു പുത്തൻ മുൻ പിൻ ബംപറുകളും ഇതിൽ കറുപ്പ് പ്ലാസ്റ്റിക് ക്ലാഡിങ്ങും ബ്രഷ്ഡ് സിൽവർ അക്സന്റുമൊക്കെ പ്രതീക്ഷിക്കാം. നവീകരിച്ച രൂപകൽപ്പനയുമായി ഒത്തു പോകാൻ പുതിയ വീൽ സഹിതമാവും ‘സെലേറിയൊ എക്സി’ന്റെ വരവ്. കാഴ്ചയിൽ ക്രോസോവർ പകിട്ടിന്റെ പൂർണതയ്ക്കായി റൂഫ് റയിലും കാറിലുണ്ടാവും.

അതേസമയം ‘സെലേറിയൊ എക്സി’ൽ സാങ്കേതികമായ മാറ്റമൊന്നും പ്രതീക്ഷിക്കേണ്ടതില്ല; ‘സെലേറിയൊ’യ്ക്കു കരുത്തേകുന്ന ഒരു ലീറ്റർ പെട്രോൾ എൻജിൻ തന്നെയാവും പുതിയ മോഡലിലുമുണ്ടാവുക. സാധാരണ മാരുതി സുസുക്കി ഡീലർഷിപ്പുകൾ വഴി വിൽപ്പനയ്ക്കെത്തുന്ന ‘സെലേറിയൊ എക്സി’ന്റെ വില സംബന്ധഇച്ചും സൂചനകളൊന്നുമില്ല.