‘നാനോ’ വിപണിയിൽ തുടരുമെന്നു ടാറ്റ

ചെറുകാറായ ‘നാനോ’യുടെ ഉൽപ്പാദനം തുടരുമെന്നു ടാറ്റ മോട്ടോഴ്സ്. ഗ്രൂപ്പുമായി കാറിനുള്ള വൈകാരിക ബന്ധം മുൻനിർത്തി കുറച്ചു കാലം കൂടി ‘നാനോ’ ഉൽപ്പാദനത്തിൽ തുടരുമെന്നാണു കമ്പനി വ്യക്തമാക്കുന്നത്. എൻട്രി ലവൽ ഹാച്ച്ബാക്ക് വിഭാഗത്തിൽ കമ്പനിക്കുള്ള ഏക മോഡലെന്ന നിലയിൽ യാത്രാവാഹന വിഭാഗത്തിന്റെ തന്ത്രങ്ങളിൽ ‘നാനോ’യ്ക്കു പ്രാധാന്യമേറെയാണെന്ന് ടാറ്റ മോട്ടോഴ്സ് വക്താവ് വിശദീകരിക്കുന്നു. ആദ്യമായി കാർ വാങ്ങാനെത്തുന്നവരെ സംബന്ധിച്ചിടത്തോളവും ‘നാനോ’യുടെ സാന്നിധ്യം നിർണായകമാണെന്നു കമ്പനി കരുതുന്നു.

ഉൽപന്ന ശ്രേണിയെക്കുറിച്ച് പതിവായി കമ്പനി തുടർച്ചയായി അവലോകനം നടത്താറുണ്ട്; ‘നാനോ’യുടെ പരിഷ്കരിച്ച പതിപ്പും വൈകാതെ പ്രതീക്ഷിക്കാം. ചില പ്രധാന വിപണികളിൽ കാറിനുള്ള ആവശ്യം മുൻനിർത്തി ‘നാനോ’ ഉൽപ്പാദനത്തിൽ തുടുരമെന്നും കമ്പനി വക്താവ് വ്യക്തമാക്കി.ടാറ്റ സൺസ് ചെയർമാൻ എമിരറ്റസ് രത്തൻ ടാറ്റയുടെ ആശയവും ആവിഷ്കാരവുമായ ‘നാനോ’യുടെ ഭാവിയെക്കുറിച്ച് അടുത്തയിടെയായി വ്യാപക ചർച്ചകൾ നടക്കുന്നുണ്ട്. കാർ ഉൽപ്പാദനത്തിൽ തുടരുമോ എന്നതിനെക്കുറിച്ചു വരെ ആശങ്കയും അവ്യക്തതയും നിലവിലുണ്ട്.

അതേസമയം, കാറിന്റെ ഭാവിയെക്കുറിച്ചു വ്യാപക ചർച്ച നടക്കുന്നുണ്ടെങ്കിലും ‘നാനോ’യെ സംബന്ധിച്ച് തീരുമാനമൊന്നുമെടുത്തിട്ടില്ലെന്നാണു ടാറ്റ മോട്ടോഴ്സിന്റെ നിലപാട്. മാത്രമല്ല, ‘നാനോ’യ്ക്കു മാത്രമായി തീരുമാനമെടുക്കുക പ്രായോഗികമല്ലെന്നും കമ്പനി ചൂണ്ടിക്കാട്ടുന്നു. യാത്രാവാഹന വിഭാഗത്തിനായി രൂപീകരിക്കുന്ന തന്ത്രങ്ങളുടെ ഭാഗമായി മാത്രമേ ഏതെങ്കിലും മോഡലിന്റെ കാര്യത്തിൽ തീരുമാനം സാധ്യമാവൂ എന്നും ടാറ്റ മോട്ടോഴ്സ് വ്യക്തമാക്കുന്നു.

അതേസമയം അടുത്ത വർഷം അവസാനത്തോടെ രാജ്യത്തെ യാത്രാവാഹന വിപണിയിൽ ആദ്യ മൂന്നു സ്ഥാനങ്ങളിലൊന്നു സ്വന്തമാക്കുകയാണു ലക്ഷ്യമെന്നു ടാറ്റ മോട്ടോഴ്സ് പാസഞ്ചർ വെഹിക്കിൾ ബിസിനസ് യൂണിറ്റ് പ്രസിഡന്റ് മയങ്ക് പരീക്ക് പ്രഖ്യാപിച്ചിട്ടുണ്ട്. പുതിയ വിഭാഗങ്ങളിലേക്കു പ്രവർത്തനം വ്യാപിപ്പിച്ചും വിപണിയെ നയിക്കാൻ പ്രാപ്തിയുള്ള മോഡലുകൾ അവതരിപ്പിച്ചും 2020 ആകുമ്പോഴേക്ക് കാർ വിപണിയുടെ 95% ഭാഗത്തും സാന്നിധ്യം ഉറപ്പാക്കാനാണു കമ്പനിയുടെ പദ്ധതി.