‘ബലേനൊ’യ്ക്കുള്ള കാത്തിരിപ്പ് കുറഞ്ഞേക്കും

ജനപ്രീതിയാർജിച്ചു മുന്നേറുന്ന ‘ബലേനൊ’യ്ക്കും ‘വിറ്റാര ബ്രേസ’യ്ക്കുമുള്ള കാത്തിരിപ്പ് കുറയ്ക്കാൻ നടപടിയുമായി നിർമാതാക്കളായ മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ്. മാതൃസ്ഥാപനമായ സുസുക്കി മോട്ടോർ കോർപറേഷനു ഗുജറാത്തിലെ ഹൻസാൽപൂരിലുള്ള ശാലയിൽ രണ്ടാം ഷിഫ്റ്റ് ആരംഭിക്കുന്നതോടെ പ്രീമിയം ഹാച്ച്ബാക്കായ ‘ബലേനൊ’യ്ക്കും കോംപാക്ട് എസ് യു വിയായ ‘വിറ്റാര ബ്രേസ’യ്ക്കുമുള്ള കാത്തിരിപ്പ് കുറയുമെന്നാണു മാരുതി സുസുക്കിയുടെ വാഗ്ദാനം. പുതിയ ‘ബലേനൊ’ ലഭിക്കാൻ 18 മുതൽ 19 ആഴ്ച വരെയും ‘വിറ്റാര ബ്രേസ’യ്ക്കായി 20 ആഴ്ചയോളവും കാത്തിരിക്കേണ്ട സാഹചര്യവുമാണ്.

ഈ മാസത്തോടെ ഹൻസാൽപൂർ ശാലയിൽ രണ്ടാം ഷിഫ്റ്റിൽ ഉൽപ്പാദനം ആരംഭിക്കുമെന്നു മാരുതി സുസുക്കി ഇന്ത്യ സീനിയർ എക്സിക്യൂട്ടീവ് ഡയറക്ടർ(സെയിൽസ് ആൻഡ് മാർക്കറ്റിങ്) ആർ എസ് കാൽസി വെളിപ്പെടുത്തി. ഇതോടെ ‘വിറ്റാര ബ്രേസ’, ‘ബലേനൊ’ ഉൽപ്പാദനത്തിൽ ഗുരുഗ്രാം, മനേസാർ ശാലകൾ നേരിടുന്ന സമ്മർദത്തിന് അയവുവരുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.  നിലവിൽ പ്രതിമാസം പതിനായിരത്തിലേറെ ‘ബലേനൊ’യാണ് ഗുജറാത്ത് ശാല ഉൽപ്പാദിപ്പിക്കുന്നത്. ഹൻസാൽപൂരിനു പുറമെ മനേസാറിലും ‘ബലേനൊ’ നിർമിക്കുന്നുണ്ട്. ‘വിറ്റാര ബ്രേസ’ എത്തുന്നതവാട്ടെ ഗുരുഗ്രാം ശാലയിൽ നിന്നാണ്. ഗുജരാത്ത് ശാലയിൽ രണ്ടാം ഷിഫ്റ്റ് ആരംഭിച്ചാലും ഉൽപ്പാദനം ഉടനടി ഇരട്ടിയാവില്ലെന്നാണു കാൽസി നൽകുന്ന സൂചന; ഘട്ടം ഘട്ടമായിട്ടാവുമത്രെ ഉൽപ്പാദനം പൂർണ തോതിലെത്തുക. 

തുടക്കത്തിൽ പ്രതിമാസം 8,000 യൂണിറ്റായിരുന്നു പുതിയ ശാലയുടെ ഉൽപ്പാദനം. ക്രമേണ ഉൽപ്പാദനം 12,000 യൂണിറ്റ് വരെയായി ഉയർത്താൻ സുസുക്കിക്കു കഴിഞ്ഞു. ഇതോടെ ‘ബലേനൊ’യ്ക്കായി മുമ്പ് 24 ആഴ്ച വരെ നീണ്ടിരുന്ന കാത്തിരിപ്പ് 18 — 19 ആഴ്ചയായി കുറയ്ക്കാനുമായെന്നു കാൽസി അവകാശപ്പെടുന്നു. നടപ്പു സാമ്പത്തിക വർഷം ഹൻസാൽപൂരിൽ നിന്ന് ഒന്നര ലക്ഷത്തോളം കാറുകൾ വിൽപ്പനയ്ക്കെത്തിക്കാനാവുമെന്നാണു മാരുതി സുസുക്കിയുടെ പ്രതീക്ഷ.  അതേസമയം ഉൽപ്പാദനം ഉയരുന്നതിനൊത്ത് ആവശ്യക്കാരുമേറുന്നതാണു ‘വിറ്റാര ബ്രേസ’യുടെ കാത്തിരിപ്പ് കാലം കുറയാതിരിക്കാൻ കാരണമെന്നു കാൽസി വിശദീകരിക്കുന്നു. എങ്കിലും ഗുജറാത്തിൽ നിന്നുള്ള ‘ബലേനൊ’ ഉൽപ്പാദനമേറുന്നതോടെ മനേസാറിലും ഗുരുഗ്രാമിലും പുനഃക്രമീകരണങ്ങൾ നടത്താനാവുമെന്ന പ്രതീക്ഷയിലാണ് അദ്ദേഹം.