വർണ്ണ കാഴ്ചകളൊരുക്കി ജീപ്പ് കോംപസ് വിഡിയോ

Image Capture From Video

ചില ദൃശ്യങ്ങൾ അങ്ങനെയാണ് എത്ര കണ്ടാലും മതിവരില്ല. നഗ്ന നേത്രങ്ങൾക്ക് കാണാനാവാത്ത ഭംഗിയാണ് ക്യാമറ കണ്ണിലൂടെ അവയെ ഒപ്പിയെടുക്കുമ്പോൾ. ഇന്ത്യയുടെ സാംസ്കാരിക തനിമയെ അങ്ങനെ ഒപ്പിയെടുത്തിരിക്കുകയാണ് ജീപ്പിന്റെ പുതിയ വിഡിയോയിൽ. ഇന്ത്യയുടെ തെക്കേ അറ്റമായ കേരളത്തിലെ കഥകളിയും തെയ്യവും തുടങ്ങി വടക്കേ അറ്റത്തെ സാംസ്കാരിക തനിമ വരെയുണ്ട് വിഡിയോയിൽ. 

ലോകപ്രശസ്ത പരസ്യ സംവിധായകൻ മാർക് ടോയിയയാണ് വിഡിയോയുടെ പിന്നിൽ. ജീവിതത്തിലെ അവിസ്മരണീയ അനുഭവം എന്നാണ് വിഡിയോ പോസ്റ്റ് ചെയ്തുകൊണ്ട് പറഞ്ഞിരിക്കുന്നത്. റെഡ് 8 കെ ക്യാമറയിലാണ് വിഡിയോ ചിത്രീകരിച്ചിരിക്കുന്നത്. അരങ്ങേറ്റത്തിൽ ആവേശം സൃഷ്ടിച്ച ജീപ്പിന്റെ അതിമോഹരമാക്കുന്നുണ്ട് പുതിയ വിഡിയോ.

അമേരിക്കൻ വാഹന നിർമാതാക്കളായ ജീപ്പിന്റെ ആദ്യ ഇന്ത്യൻ നിർ‌മിത വാഹനം ജീപ്പ് കോംപസ് ജൂലൈ 31 നാണ് പുറത്തിറങ്ങുന്നത്. പതിനഞ്ച് ലക്ഷം രൂപ പ്രാരംഭ വിലയിലെത്തിയ കോംപസിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. പുറത്തിറങ്ങി ഒരു മാസം കൊണ്ട് ഏകദേശം 10000 ബുക്കിങ്ങുകൾ കോംപസിന് ലഭിച്ചു എന്നാണ് കമ്പനി അവകാശപ്പെടുന്നത്. കൂടാതെ യുറോ എന്‍സിഎപി നടത്തിയ ക്രാഷ് ടെസ്റ്റില്‍ അഞ്ചു സ്റ്റാറും ജീപ്പ് കോംപസ് സ്വന്തമാക്കിയിരുന്നു.

പെട്രോൾ ഡീസൽ മോഡലുകളുള്ള ജീപ്പിന്റെ 2 ലീറ്റര്‍ മള്‍ട്ടിജെറ്റ് ഡീസല്‍ എൻജിൻ 3750 ആര്‍പിഎമ്മില്‍ 173 പിഎസ് കരുത്തും 1750 മുതല്‍ 2500 വരെ ആര്‍പിഎമ്മില്‍ 350 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കും. 1.4 ലീറ്റര്‍ പെട്രോള്‍ എൻജിൻ 162 എച്ച് പി വരെ കരുത്തും 250 എന്‍ എം വരെ ടോര്‍ക്കും നല്‍കുന്നുണ്ട്. ഡീസല്‍ എന്‍ജിനു ലീറ്ററിന് 17.1 കിലോമീറ്റർ മൈലേജാണു കമ്പനി അവകാശപ്പെടുന്നത്. ഇരു എന്‍ജിനുകള്‍ക്കുമൊപ്പം ആറു സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനാണു ഗീയര്‍ബോക്‌സ്. 15.16 ലക്ഷം മുതൽ 21.37 ലക്ഷം രൂപവരെയാണ് ജീപ്പ് കോംപസിന്റെ  എക്സ്ഷോറൂം വില.