കാറിന് വിമാനത്തിന്റെ എൻജിൻ, കരുത്ത് 135,000 ബിഎച്ച്പി, വേഗം മണിക്കൂറിൽ 1600 കിലോമീറ്റർ!

Bloodhound SSC, Image Source-Bloodhound SSC

1997ൽ ആയിരുന്നു ആന്‍ഡി ഗ്രിൻ എന്ന ഫൈറ്റർ ജെറ്റ് പൈലറ്റ് 763.035 മൈൽ (1227.985 കിലോമീറ്റർ) വേഗത്തിൽ കാറോടിച്ച് ലോകത്തെ ഞെട്ടിച്ചത്. രണ്ട് ജെറ്റ് എൻജിൻ ഘടിപ്പിച്ച ഏകദേശം 110,000 ബിഎച്ച്പി കരുത്തുള്ള ത്രസ്റ്റ് എസ്എസ്‌സി എന്ന സൂപ്പർ സോണിക് കാർ തിരുത്തിക്കുറിച്ച ലാൻഡ് സ്പീഡ് റെക്കോർഡ് ഇന്നും തകർക്കാതെ നിലനിൽക്കുന്നു. പലരും ആ വേഗത്തെ മറികടക്കാൻ ശ്രമിച്ചെങ്കിലും നീണ്ട ഇരുപതാം വർഷത്തിലും തല ഉയർത്തി നിൽ‌ക്കുന്ന ആ റെക്കാർഡ് തകർക്കാൻ എത്തുകയാണ് ബ്ലെഡ്ഹുഡ് എസ്എസ്‌സി ടീം.

Bloodhound SSC, Land Speed Record,.

ലോകത്തെ ഏറ്റവും മികച്ച ഫൈറ്റർ ജെറ്റുകളിലൊന്നായ യൂറോഫൈറ്റർ ടൈഫൂണിന്റെ രണ്ട് എൻജിനുകളാണ് ഗിന്നസ് റെക്കോർഡിൽ കയറാൻ ശ്രമിക്കുന്ന ഈ കാറിന് കരുത്ത് പകരുന്നത്. എകദേശം 135,000 ബിഎച്ച്പി കരുത്തുള്ള കാർ മണിക്കൂറിൽ 1000 മൈൽ (മണിക്കൂറിൽ 1600 കിലോമീറ്റർ) വേഗത്തിൽ സഞ്ചരിച്ചാണ് റെക്കോർഡിടാൻ ശ്രമിക്കുന്നത്. കൂടാതെ റോക്കറ്റ് എൻജിൻ പ്രവർത്തിപ്പിക്കുന്നതിനായി ജാഗ്വറിന്റെ 800 ബിഎച്ച്പി കരുത്തുള്ള സൂപ്പർചാർജിന് വി8 എൻജിനും ഉപയോഗിക്കുന്നുണ്ട്.

Bloodhound SSC, Land Speed Record,.

ഈ വർഷത്തെ ലാൻഡ് സ്പീഡ് റെക്കോർഡ് മത്സരത്തിൽ തയാറിട്ടില്ലെങ്കിലും അടുത്തവർഷം ഈ സൂപ്പർസോണിക്ക് കാർ റെക്കോർഡ് തിരുത്തിക്കുറിക്കും എന്നാണ് നിർമാതാക്കൾ പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ ദിവസം എൻജിൻ പ്രവർത്തിപ്പിക്കുന്നതിന്റെ വിഡിയോ പുറത്തുവിട്ട ബ്ലെഡ്ഹുഡ് എസ്എസ്‌സിയുടെ പരീക്ഷണയോട്ടം ഈ മാസം അവസാനം ബ്രിട്ടനിൽ നടക്കും. 2007 ആരംഭിച്ച കാറിന്റെ പ്രവർത്തനം ഘട്ടംഘട്ടമായി പൂർത്തിയാക്കിയാണ് പരീക്ഷണയോട്ടത്തിൽ എത്തി നിൽക്കുന്നത് എന്നാണ് ബ്ലെഡ്ഹുഡ് എസ്എസ്‌സി പറയുന്നത്.