വൈദ്യുത വാഹനം: മാരുതി ഊർജിത നടപടിക്ക്

വൈദ്യുത വാഹന വികസനത്തിൽ നഷ്ടമായ സമയം തിരിച്ചുപിടിക്കാൻ മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡിന്റെ തീവ്രശ്രമം. ഫെബ്രുവരിയിൽ ടൊയോട്ടയുമായി സുസുക്കി ഒപ്പിട്ട കരാറിന്റെ പിൻബലത്തിൽ വൈദ്യുത വാഹന വികസനം ഊർജിതമാക്കാനാണു കമ്പനിയുടെ ശ്രമം. ഇന്ത്യൻ വാഹന നിർമാതാക്കളിൽ നിലവിൽ മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ ഉൽപന്നശ്രേണിയിൽ മാത്രമാണു രണ്ടു വൈദ്യുത വാഹനങ്ങളുള്ളത്. കേന്ദ്ര സർക്കാർ ഓഫിസുകൾക്കു വൈദ്യുത കാർ ലഭ്യമാക്കാൻ എനർജി എഫിഷ്യൻസി സർവീസസ് ലിമിറ്റഡ്(ഇ ഇ എസ് എൽ) നടത്തിയ ടെൻഡറിൽ തിരഞ്ഞെടുക്കപ്പെട്ടെങ്കിലും ടാറ്റ മോട്ടോഴ്സ് ഇതുവരെ വാണിജ്യാടിസ്ഥാനത്തിൽ വൈദ്യുത വാഹനങ്ങൾ വിൽപ്പനയ്ക്കെത്തിച്ചിട്ടില്ല. 10,000 കാറുകൾക്കുള്ള ഈ കരാർ പാലിക്കാൻ കോംപാക്ട് സെഡാനായ ‘ടിഗൊറി’ന്റെ വൈദ്യുത പതിപ്പ് ഗുജറാത്തിലെ സാനന്ദിൽ നിന്നു പുറത്തിറക്കാനാണു കമ്പനി ഒരുങ്ങുന്നത്. ഇതോടെ ഉൽപന്നശ്രേണിയിൽ വൈദ്യുത വാഹന സാന്നിധ്യമില്ലാത്ത പ്രമുഖ കാർ നിർമാതാവായി മാരുതി സുസുക്കി മാറുകയാണ്. 

ഇന്ത്യയിലെന്നല്ല ആഗോളതലത്തിലും പെട്രോളും ഡീസലും ഇന്ധനമാക്കുന്ന വാഹനങ്ങളോടുള്ള വിയോജിപ്പേറുകയാണ്. 2030 മുതൽ ഇന്ത്യയിൽ വൈദ്യുത, ബദൽ ഇന്ധന വാഹനങ്ങൾ മാത്രം വിൽപ്പനയ്ക്കെത്തിക്കുകയെന്ന ലക്ഷ്യത്തിലാണു കേന്ദ്ര സർക്കാർ. ചൈനയാവട്ടെ 2019 മുതൽ തന്നെ മൊത്തം വാഹന വിൽപ്പനയിലൊരു പങ്ക് പുത്തൻ ഇന്ധനങ്ങളിൽ ഓടുന്നവയാവണമെന്നു നിഷ്കർഷിച്ചിട്ടുണ്ട്. കൂടാതെ വിവിധ യൂറോപ്യൻ രാജ്യങ്ങളും വൈദ്യുത വാഹനങ്ങളെ പ്രോത്സാഹിപ്പിച്ചു ഡീസലിനെയും പെട്രോളിനെയും പടിക്കു പുറത്താക്കാൻ തയാറെടുക്കുന്നുണ്ട്. 

ഇതെല്ലാം മുന്നിൽ കണ്ടാണു മാരുതി സുസുക്കി വൈദ്യുത വാഹന വിഭാഗത്തിലെ പ്രവർത്തനം ഊർജിതമാക്കുന്നത്. സാങ്കേതിക വിദ്യ വികസനത്തിൽ സഹകരിക്കാനും ഉൽപന്നങ്ങളും യന്ത്രഘടകങ്ങളും നിർമിച്ചു കൈമാറാനുമായിരുന്നു കഴിഞ്ഞ ഫെബ്രുവരിയിൽ ടൊയോട്ടയും സുസുക്കിയും ഒപ്പിട്ട കരാറിലെ ധാരണ.

അടിസ്ഥാനപരമായി പുതിയ വൈദ്യുത വാഹന പ്ലാറ്റ്ഫോം സാക്ഷാത്കരിക്കുകയാണു ടൊയോട്ട — സുസുക്കി കൂട്ടുകെട്ടിന്റെ ദൗത്യം. ഇതിനുള്ള നടപടികൾ തുടങ്ങിക്കഴിഞ്ഞെന്നും വിശദാംശങ്ങൾ സംബന്ധിച്ച ചർച്ച അന്തിമഘട്ടത്തിലാണെന്നുമാണു സൂചന. അധികം വൈകാതെ ഈ സഖ്യം വികസിപ്പിച്ച വൈദ്യുത കാർ വിൽപ്പനയ്ക്കെത്തുമെന്നാണു പ്രതീക്ഷ.