പ്രീമിയം ലുക്കിൽ പുതിയ സെലേറിയോ

New Celerio

മാരുതിയുടെ ജനപ്രിയ ബജറ്റ് ഹാച്ച്ബാക്കായ സെലേറിയോയുടെ പുതിയ പതിപ്പ് വിപണിയിൽ. സ്റ്റൈലുകൂട്ടി പ്രീമിയം ലുക്കിൽ പുറത്തിറങ്ങിയിരിക്കുന്ന പുതിയ സെലേറിയോയുടെ വിലയിൽ കാര്യമായ മാറ്റങ്ങളില്ല. ഓട്ടോഗിയർ ഷിഫ്റ്റുമായി ഇന്ത്യയിൽ പുറത്തിറങ്ങിയ ആദ്യ കാറാണ് സെലേറിയോ. മികച്ച ഉപയോഗക്ഷമതയും സ്റ്റൈലും മികച്ച ഫീച്ചറുകളുമായി എത്തിയ ഈ ബജറ്റ് കാർ തുടക്കത്തിൽ തന്നെ മാരുതിയുടെ ടോപ് സെല്ലർ ലിസ്റ്റിൽ ഇടം പിടിച്ചു.

New Celerio

ക്രോം ഗാർണിഷോടു കൂടിയ സ്പോർട്ടിയറായ പുതിയ ഗ്രിൽ, പുതിയ ഫോഗ് ലാമ്പ് കൺസോൾ, റീഡിസൈൻ ചെയ്ത പിൻ ബമ്പർ എന്നിവയാണ് പുറം ഭാഗത്തെ പ്രധാനമാറ്റങ്ങള്‍. ഇന്റീരയറിലെ മികച്ച കളർടോൺ, റീഡിസൈൻ ചെയ്ത സീറ്റുകൾ എന്നിവ കാറിന് പ്രീമിയം ഫീൽ നൽകുന്നുണ്ട്. സുരക്ഷയ്ക്ക് കൂടുതൽ പ്രാധാന്യം നൽകിക്കൊണ്ടാണ് പുതിയ സെലേറിയോ പുറത്തിറങ്ങിയിരിക്കുന്നത്. എല്ലാ മോഡലുകളിലും ഡ്രൈവർ സൈഡ് എയർബാഗുകളുണ്ട് കൂടാതെ ഡ്രൈവർ സൈഡ് സീറ്റ് ബെൽറ്റ് റിമൈന്റർ കൂടി നൽകിയിരിക്കുന്നു. കൂടാതെ എല്ലാ വകഭേദങ്ങളിലും പാസഞ്ചർ സൈഡ് എയർബാഗും എബിഎസും ഓപ്ഷണനായും നൽകിയിട്ടുണ്ട്.

New Celerio

എൻജിനിൽ കാര്യമായ മാറ്റങ്ങളൊന്നുമില്ല. ഇന്ത്യയിലെ ആദ്യ ഓട്ടോമേറ്റഡ് മാനുവൽ ട്രാൻസ്മിഷനോടു കൂടിയാണ് 2014 ൽ സെലേറിയ പുറത്തിറങ്ങുന്നത്. മൂന്ന് വർഷം കൊണ്ട് 3 ലക്ഷം സേലേറിയോകളാണ് ഇന്ത്യയിൽ ആകെമാനം വിറ്റിരിക്കുന്നത്. 2015 ലാണ് ലോകത്തിലെ ഏറ്റവും ചെറിയ ഡീസല്‍ എൻജിനുമായി സെലേറിയോ ഡീസൽ പുറത്തിറക്കിയെങ്കിലും ഡീസൽ സെലേറിയോയുടെ നിർമാണം കമ്പനി അവസാനിപ്പിച്ചു.