3-4 വർഷത്തിനകം 5% വിപണി വിഹിതമെന്നു റെനോ

Renault Kwid- 2nd Anniversary Edition

വരുന്ന മൂന്നോ നാലോ വർഷത്തിനുള്ളിൽ ഇന്ത്യൻ കാർ വിപണിയിൽ അഞ്ചു ശതമാനം വിഹിതം സ്വന്തമാക്കാനാവുമെന്നു ഫ്രഞ്ച് നിർമാതാക്കളായ റെനോയ്ക്കു പ്രതീക്ഷ. ഹ്രസ്വകാല ലക്ഷ്യമെന്ന നിലയിലാണ് കമ്പനി അഞ്ചു ശതമാനം വിപണി വിഹിതം നിശ്ചയിച്ചിരിക്കുന്നതെന്നും റെനോ ഇന്ത്യ കൺട്രി ചീഫ് എക്സിക്യൂട്ടീവ് ഓഫിസറും മാനേജിങ് ഡയറക്ടറുമായ സുമിത് സാഹ്നി വ്യക്മതാക്കി. നിലവിൽ ഇന്ത്യൻ കാർ വിപണിയിൽ നാലു ശതമാനത്തോളമാണു റെനോയുടെ വിഹിതമെന്നും അദ്ദേഹം വെളിപ്പെടുത്തി. 

കഴിഞ്ഞ വർഷം ഇന്ത്യൻ കാർ നിർമാതാക്കളിൽ ഏഴാം സ്ഥാനത്തായിരുന്നു റെനോ; ഇക്കൊല്ലവും ഈ സ്ഥാനം നിലനിർത്താനാവുമെന്നാണു കമ്പനിയുടെ പ്രതീക്ഷ. എസ് യു വിയായ ‘കാപ്റ്റർ’ കൂടിയെത്തിയതോടെ റെനോയുടെ ഇന്ത്യൻ ഉൽപന്നശ്രേണി വികസിക്കുകയാണ്. എൻട്രി ലവൽ ഹാച്ച്ബാക്കായ ‘ക്വിഡ്’, കോംപാക്ട് എസ് യു വിയായ ‘ഡസ്റ്റർ’, വിവിധോദ്ദേശ്യ വാഹന(എം പി വി)മായ ‘ലോജി’ എന്നിവയാണു കമ്പനി ഇന്ത്യയിൽ വിൽക്കുന്നത്. ‘കാപ്ചറി’ന്റെ വില ഈ മാസം തന്നെ പ്രഖ്യാപിക്കുമെന്നും അടുത്ത മാസം ആദ്യം മുതൽ കാർ ഉടമകൾക്കു കൈമാറുമെന്നും സാഹ്നി അറിയിച്ചു.

പ്രീമിയം എസ് യു വിയായ ‘കാപ്റ്ററി’ന്റെ നിർമാണത്തിനുള്ള 80% ഘടകങ്ങൾ പ്രാദേശികമായി സമാഹരിക്കാനും റെനോ ലക്ഷ്യമിടുന്നുണ്ടെന്നു സാഹ്നി വ്യക്തമാക്കി. വാഹന വിൽപ്പനയുടെ കണക്കെടുത്താൽ എസ് യു വി വിഭാഗം ഇക്കൊല്ലം 46% വളർച്ചയാണു കൈവരിച്ചതെന്നും അദ്ദേഹം വെളിപ്പെടുത്തി. 

ഓരോ വർഷവും ഇന്ത്യയിൽ ഓരോ പുതിയ മോഡൽ അവതരിപ്പിക്കുകയെന്നതാണു റെനോ പിന്തുടരുന്ന വിപണന തന്ത്രം. നാലു മീറ്ററിൽ താഴെയും നാലു മീറ്ററിലേറെയും നീളമുള്ള വാഹന വിഭാഗങ്ങളിൽ റെനോ പുതിയ മോഡലുകൾ അവതരിപ്പിക്കുമെന്നും സാഹ്നി വ്യക്തമാക്കി. ഇന്ത്യയിലെ മൊത്തം വാഹന വിൽപ്പനയിൽ 70 ശതമാനത്തോളം നാലു മീറ്ററിൽ താഴെ നീളമുള്ള വിഭാഗങ്ങളിലാണ്; അതുകൊണ്ടുതന്നെ ഈ വിഭാഗത്തെ അവഗണിക്കാനാവില്ല.