പുതിയ ശാല: സിയറ്റ് ചെന്നൈയിൽ 163 എക്കർ വാങ്ങി

റേഡിയൽ ടയർ നിർമാണത്തിനായി പുതിയ ശാല സ്ഥാപിക്കാൻ സിയറ്റ് ടയേഴ്സ് ചെന്നൈയിൽ 163 ഏക്കർ ഭൂമി സ്വന്തമാക്കി. 60 കോടിയിലേറെ രൂപ ചെലവിലാണ് കമ്പനി ഭൂമി ഏറ്റെടുത്തതെന്ന് പ്രോപ്പർട്ടി കൺസൽറ്റന്റുമാരായ ജെ എൽ എൽ ഇന്ത്യ വെളിപ്പെടുത്തി. അടുത്ത അഞ്ചു വർഷത്തിനകം 5,000 കോടി രൂപ ചെലവിൽ ചെന്നൈയിൽ പുതിയ റേഡിയൽ ടയർ നിർമാണശാല സ്ഥാപിക്കാനാണ് ആർ പി ജി എന്റർപ്രൈസിന്റെ പതാകവാഹക സ്ഥാപനമായ സിയറ്റ് ടയേഴ്സ് ലക്ഷ്യമിടുന്നത്. 

നിർദിഷ്ട ചെന്നൈ — ബെംഗളൂരു വ്യാവസായിക ഇടനാഴിക്കു സമീപമായി ശ്രീപെരുംപുതൂർ വ്യവസായ മേഖലയിലാണു സിയറ്റ് നിർമാണശാല സ്ഥാപിക്കാൻ സ്ഥലം കണ്ടെത്തിയത്. ധാരാളം വാഹന നിർമാണസ്ഥാപനശാലകൾ പ്രവർത്തിക്കുന്ന മേഖലയാണു ശ്രീപെരുംപുതൂർ എന്നതാണു സിയറ്റ് ടയേഴ്സ് കാണുന്ന സവിശേഷത. സിയറ്റ് ടയേഴ്സിന്റെ ദക്ഷിണേന്ത്യയിലെ ആദ്യ ടയർ നിർമാണകേന്ദ്രം രണ്ടായിരത്തോളം തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നാണു പ്രതീക്ഷ. മേഖലയുടെ മൊത്തം സാമ്പത്തിക — സാമൂഹിക പുരോഗതിക്കും ശാല സഹായകമാവുമെന്നു സിയറ്റ് ടയേഴ്സ് കരുതുന്നു.

ഹ്യുണ്ടേയ്, റെനോ നിസ്സാൻ, ഫോഡ്, ഡെയ്മ്ലർ, കിയ, ഇസൂസു തുടങ്ങിയ വാഹന നിർമാതാക്കളുടെ പ്ലാന്റുകളോടുള്ള സാമീപ്യമാണു ശ്രീപെരുപുതൂരിനെ തിരഞ്ഞെടുക്കാൻ സിയറ്റ് ടയേഴ്സിനെ പ്രേരിപ്പിച്ചതെന്ന് ജെ എൽ എം ഇന്ത്യ മാനേജിങ് ഡയറക്ടർ(ചെന്നൈ ആൻഡ് കോയമ്പത്തൂർ) സരിത ഹണ്ട് അഭിപ്രായപ്പെട്ടു. വാഹന നിർമാണ രംഗത്ത് ചെന്നൈയ്ക്കുള്ള സ്വാധീനമാണു ദക്ഷിണേന്ത്യയിലെ ആദ്യ നിർമാണശാല ഇവിടെത്തന്നെ സ്ഥാപിക്കാൻ സിയറ്റിനെ പ്രേരിപ്പിച്ചതെന്നും അവർ വിലയിരുത്തി.