ക്യാപ്റ്റൻ ആദം, ഇത്തിഹാദിന്റെ ആറു വയസുകാരൻ ‌‌‌പൈലറ്റ്

Adam Mohammad Amer in the A380 simulator. Image Courtesy Etihad

വലുതാവുമ്പോള്‍ ആരായിത്തീരണമെന്ന് കൊച്ചുകുട്ടികൾക്കു വ്യത്യസ്ത ആഗ്രഹങ്ങളുണ്ടാകും. ചിലർക്കു പൊലീസ് ആകണമെന്നാണ് ആഗ്രഹമെങ്കിൽ ചിലർക്കു ഡോക്ടറും, അധ്യാപകരുമൊക്കെ ആകാനാകും താത്പര്യം. എന്നാൽ‌ ആദം മുഹമ്മദ് അമീർ എന്ന ഈജിപ്ഷ്യൻ–മൊറോക്കൻ വംശജനായ ആറു വയസുകാരൻ‌ ഒരു സംശയവുമില്ലാതെ പറയും അവനു പൈലറ്റ് ആകണമെന്ന്. അ‍ഞ്ചു വയസും പതിനൊന്നു മാസവും പ്രായമുള്ളപ്പോൾ എത്തിഹാദ് ക്രൂവിനോട് വിമാനം പറത്തുന്നതിനെപ്പറ്റി ആധികാരികമായി സംസാരിച്ചതു മുതലാണ് ആദം താരമാകുന്നത്. പൈലറ്റുമാരിൽ ഒരാൾ എടുത്ത വി‍ഡിയോ സമൂഹമാധ്യമങ്ങളിൽ സൂപ്പർഹിറ്റാകുകയും ചെയ്തു.

ഇപ്പോഴിതാ ആദത്തിന്റെ സ്വപ്നം യാഥാർഥ്യമായിരിക്കുന്നു. ഒരു ദിവസത്തേയ്ക്കായിരുന്നു ആദം ക്യാപ്റ്റന്റെ വേഷം അണിഞ്ഞത്. ഇത്തിഹാദിന്റെ ട്രെയിനിങ് അക്കാദമിയിലേക്ക് ക്ഷണിച്ചുവരുത്തി എയർബസ് എ380യുടെ സിമുലേറ്ററിന്റെ പൈലറ്റായത്. പൈലറ്റാകാൻ പഠിക്കുന്നവരെ പരിശീലിപ്പിക്കാനാണു സ്റ്റിമുലേറ്ററുകൾ ഉപയോഗിക്കുന്നത്. ആകാശത്തു പറക്കുന്നില്ലെങ്കിലും പറക്കുന്ന വിമാനത്തിന്റെ കോക്പിറ്റിലെ സാഹചര്യങ്ങൾ തന്നെയായിരിക്കും ഇതിനുള്ളിലും. ലോകത്തെ ഏറ്റവും വലിയ യാത്രാവിമാനമായ എ 380യുടെ കോക്പിറ്റും  സാഹചര്യങ്ങളുമായിരുന്നു ആദമിന്.

ഏതാണ്ട് അഞ്ചു മണിക്കൂറിലധികം സമയം കുട്ടിപൈലറ്റായി ആദം തിളങ്ങി എന്നാണ് ഇത്തിഹാദ് പറയുന്നത്. ഇതിന്റെ വിഡിയോയും ഇത്തിഹാദ് പുറത്തുവിട്ടു. ക്യാപ്റ്റൻ സമീറിനും മറ്റുപൈലറ്റുകൾക്കുമൊപ്പമുള്ള യാത്ര മകൻ ഏറെ ആസ്വദിച്ചുവെന്ന് ആദത്തിന്റെ പിതാവ് മുഹമ്മദ് അമീർ പറഞ്ഞു. പൈലറ്റുമാരും ക്യാബിൻ ക്രൂ മെബർമാരും നേരിട്ടെത്തി ആദമിനെ സ്വീകരിച്ചു. അവന് ശരിക്കും വിമാനം പറത്തുന്ന അനുഭവമായിരുന്നു ഉണ്ടായിരുന്നത്. അടിയന്തരസമയങ്ങളിൽ എങ്ങനെയാണ് വിമാനം ലാൻഡ് ചെയ്യുക, ഈ സമയത്ത് എങ്ങനെയാണു പ്രതികരിക്കേണ്ടത് തുടങ്ങിയ കാര്യങ്ങളാണ് ആദം ചോദിച്ചതെന്നും പിതാവ് പറഞ്ഞു.

മൊറോക്കോയിൽ നിന്നും അബുദാബിയിലേക്കുള്ള യാത്രയ്ക്കിടെയാണ് ആദം എന്ന കുട്ടി ശ്രദ്ധയിൽപ്പെട്ടതെന്നും. ഞങ്ങളുടെ ക്രൂവിനോട് സംസാരിച്ച ആദം ഞെട്ടിച്ചുവെന്നും എത്തിഹാദ് പത്രക്കുറിപ്പിൽ പറഞ്ഞു. അവന്റെ സ്വപ്നങ്ങളെ യാഥാർഥ്യമാക്കണമെന്നാണ് ‍ഞങ്ങളുടെ ആഗ്രഹം.  ഒരു ദിവസം നിങ്ങൾ ഒരു പൈലറ്റാകും. ‘ക്യാപ്റ്റൻ ആദം, നിങ്ങളുടെ സ്വപ്നങ്ങൾ കൂടുതൽ ഉയരത്തിലാകട്ടേ’.... എന്ന ആശംസയോടെ നിരവധി സമ്മാനങ്ങളും നൽകിയാണ് എത്തിഹാദ് ആദമിനെ യാത്രയാക്കിയത്.