വാഹന ലോകത്തെ അമ്പരപ്പിച്ച് പുതിയ ‘ഡിസയർ’

മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡിന്റെ എൻട്രി ലവൽ സെഡാനായ ‘ഡിസയറി’നു തുടക്കം മുതൽ തന്നെ ഇന്ത്യൻ വിപണിയിൽ മികച്ച സ്വീകാര്യതയാണു ലഭിക്കുന്നത്. കഴിഞ്ഞ മേയിൽ പുതുതലമുറ ‘ഡിസയർ’ എത്തിയതോടെയാവട്ടെ വിപണിക്ക് ഈ കാർ കൂടുതൽ പ്രിയങ്കരമായ മട്ടാണ്.  നിരത്തിലെത്തി അഞ്ചു മാസത്തിനകം 95,000 യൂണിറ്റ് വിൽപ്പനയാണു പുത്തൻ ‘ഡിസയർ’ കൈവരിച്ചത്. നവരാത്രി, ദീപാവലി ആഘോഷവേള കൂടിയായതോടെ ‘ഡിസയർ’ വിൽപ്പന കുതിച്ചുയർന്നിട്ടുമുണ്ടെന്നാണു സൂചന. അരങ്ങേറ്റ മാസത്തെ വിൽപ്പനയുമായി താതരമ്യം ചെയ്താൽ 300% വളർച്ചയാണു പ്രതിമാസ വിൽപ്പനയിൽ ‘ഡിസയർ’ കൈവരിച്ചത്. ആവശ്യക്കാരേറിയതോടെ പുത്തൻ ‘ഡിസയർ’ ലഭിക്കാൻ മൂന്നു മാസത്തോളം കാത്തിരിക്കേണ്ട സാഹചര്യവുമാണ്.

മാരുതി സുസുക്കി 2008ലാണ് ‘സ്വിഫ്റ്റ് ഡിസയർ’ ആദ്യമായി അവതരിപ്പിച്ചത്. എന്നാൽ ഇതുവരെ നിരത്തിലെത്തിയവയിൽ ഏറ്റവും കാഴ്ചപ്പകിട്ടുള്ള ‘ഡിയസറി’നെയാണു കമ്പനി കഴിഞ്ഞ മേയിൽ നിരത്തിലെത്തിച്ചത്. മാരുതി സുസുക്കിയുടെ പുതിയ രൂപകൽപ്പനാ സിദ്ധാന്തമായ ‘ഹാർടെക്’ ആണു പുതിയ ‘ഡിയസറി’ലും പ്രതിഫലിക്കുന്നത്. പുത്തൻ പ്ലാറ്റ്ഫോമിന്റെ പിൻബലത്തിൽ മുൻഗാമിയെ അപേക്ഷിച്ച് 105 കിലോഗ്രാം ഭാരം കുറയ്ക്കാനും എന്നിട്ടും ദൃഢത വർധിപ്പിക്കാനും മാരുതി സുസുക്കിക്കു സാധിച്ചിട്ടുണ്ട്. 

പുത്തൻ ‘ഡിസയറി’ന്റെ മുൻവശം സമഗ്രമായി പൊളിച്ചുപണിതത് ഹാച്ച്ബാക്കായ ‘സ്വിഫ്റ്റി’ന്റെ അടുത്ത തലമുറയെക്കുറിച്ചു കൂടിയുള്ള സൂചനയാണെന്നാണു വിലയിരുത്തൽ. ചുറ്റും ക്രോം പതിച്ച പുത്തൻ ഗ്രിൽ, എൽ ഇ ഡി ഡേടൈം റണ്ണിങ് ലാംപ് സഹിതമുള്ള പ്രൊജക്ടർ ഹെഡ്ലാംപ്, പുത്തൻ ബംപർ എന്നിവ പ്രീമിയം സ്പർശം പകർന്നതിനൊപ്പം കാറിന്റെ മുഖഛായ തന്നെ മാറ്റിമറിച്ചു. ആപ്പിൾ കാർപ്ലേ, ആൻഡ്രോയ്ഡ് ഓട്ടോ, മിറർ ലിങ്ക് തുടങ്ങിയവയോടു യോജിക്കുന്ന ടച്സ്ക്രീൻ ഇൻഫൊടെയ്ൻമെന്റ് സംവിധാനമടക്കമുള്ള സൗകര്യങ്ങളാണു കാറിൽ മാരുതി സുസുക്കി വാഗ്ദാനം ചെയ്യുന്നത്. മികച്ച സുരക്ഷയ്ക്കായി ഇരട്ട എയർബാഗ്, ഇ ബി ഡി സഹിതം എ ബി എസ്, ഐസോഫിക്സ് ചൈൽഡ് സീറ്റ് മൗണ്ട് എന്നിവയും കാറിലുണ്ട്.

കാറിനു കരുത്തേകുന്നതാവട്ടെ മികവു തെളിയിച്ച 1.2 ലീറ്റർ കെ സീരീസ്, 1.3 ലീറ്റർ ഡി ഡി ഐ എസ് ഡീസൽ എൻജിനുകളാണ്. പെട്രോൾ എൻജിന പരമാവധി 82 ബി എച്ച് പി കരുത്തും 113 എൻ എം ടോർക്കും സൃഷ്ടിക്കാനാവും; ഡീസൽ എൻജിൻ സൃഷ്ടിക്കുന്നതാവട്ടെ 74 ബി എച്ച് പി കരുത്തും 190 എൻ എം ടോർക്കുമാണ്. അഞ്ചു സ്പീഡ് മാനുവൽ, ഓട്ടമേറ്റഡ് മാനുവൽ ട്രാൻസ്മിഷൻ(എ എം ടി) ഗീയർബോക്സുകളാണു ട്രാൻസ്മിഷൻ സാധ്യത.