ജപ്പാൻ മോഡൽ ശ്രേണി പാതിയാക്കാൻ ടൊയോട്ട

സ്വന്തം നാടായ ജപ്പാൻ വിപണിയിലെ മോഡൽ ശ്രേണി പാതിയായി കുറയ്ക്കാൻ പ്രമുഖ വാഹന നിർമാതാക്കളായ ടൊയോട്ട മോട്ടോർ കോർപറേഷൻ(ടി എം സി) ഒരുങ്ങുന്നു. 2025 ആകുമ്പോഴേക്ക് ജപ്പാനിൽ വിൽപ്പനയ്ക്കെത്തുന്ന മോഡലുകളുടെ എണ്ണം 30 ആയി കുറയ്ക്കുമെന്നാണു സൂചന. വിൽപ്പനയിൽ ക്രമമായ ഇടിവു നേരിടുന്ന ജപ്പാൻ വിപണിയിൽ ജനപ്രീതിയുള്ള മോഡലുകൾ മാത്രം നിലനിർത്താനാണു ടി എം സിയുടെ ആലോചന. 

ഇപ്പോൾ 62 കാറുകളാണു ടൊയോട്ട ജപ്പാനിൽ ലഭ്യമാക്കുന്നത്. കോംപാക്ട് ഹാച്ച്ബാക്കായ ‘അക്വ’യും കാര്യമായ വിൽപ്പനയില്ലാത്ത ‘പ്രീമിയൊ’ സെഡാനും മുതൽ സങ്കര ഇന്ധന മോഡലായ ‘പ്രയസ്’ വരെ നീളുന്നതാണു ടൊയോട്ടയുടെ ജപ്പാൻ ശ്രേണി. ജപ്പാനിൽ വൃദ്ധരുടെ എണ്ണം പെരുകുന്ന സാഹചര്യത്തിൽ വിൽപ്പന കുത്തനെ ഇടിയുന്നതു ടൊയോട്ടയടക്കമുള്ള ആഭ്യന്തര നിർമാതാക്കൾക്ക് കനത്ത വെല്ലുവിളി സൃഷ്ടിച്ചിട്ടുണ്ട്. എണ്ണത്തിൽ കുറവുള്ള പുതുതലമുറയ്ക്കാവട്ടെ കാർ സ്വന്തമാക്കുന്നതിൽ താൽപര്യമില്ലെന്നതാണു മറ്റൊരു പ്രതിസന്ധി. ഈ പ്രതികൂല സാഹചര്യത്തിൽ ലഭ്യമായ വിഭവങ്ങൾ മികച്ച രീതിയിൽ ഉപയോഗിക്കാനാണു ടൊയോട്ടയുടെ നീക്കം. 

അതേസമയം തിരിച്ചടികൾക്കിടയിലും ജപ്പാനിലെ വാർഷിക വിൽപ്പന 15 ലക്ഷത്തിൽ നിലനിർത്താൻ വിവിധ തന്ത്രങ്ങൾ കമ്പനിയുടെ പരിഗണനയിലുണ്ടെന്ന് ടൊയോട്ട വക്താവ് അക്കികൊ കിത്ത അറിയിച്ചു. നിലവിൽ 16 ലക്ഷം കാറുകളാണു ടൊയോട്ട ഓരോ വർഷവും ജപ്പാനിൽ വിൽക്കുന്നത്.  പരിസ്ഥിതിയെ മലിനമാക്കാത്ത വാഹനങ്ങൾ വികസിപ്പിച്ചും വൈദ്യുത കാറുകളിലേക്കു ചുവടുമാറിയുമൊക്കെ ജപ്പാനിൽ പിടിച്ചു നിൽക്കാനാണു ടൊയോട്ടയടക്കമുള്ള നിർമാതാക്കളുടെ ശ്രമം. ആഭ്യന്തര വിപണിയിലെ സാധ്യതകൾ വറ്റുന്ന സാഹചര്യത്തിൽ ഇന്ത്യ പോലുള്ള എമേർജിങ് വിപണികളിലെ വിഹിതം ഉയർത്താനുള്ള തന്ത്രങ്ങളും ഇവർ മെനയുന്നുണ്ട്.