മാരുതി സിയാസിനേയും ഹോണ്ട സിറ്റിയേയും കടത്തിവെട്ടി ഹ്യുണ്ടേയ് വെർണ

The Next Gen VERNA

പുതുമകളോട് ഇന്ത്യൻ കാർ വിപണിക്കുള്ള ആഭിമുഖ്യത്തിൽ പുതുമയേതുമില്ല.  ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളായ ഹ്യുണ്ടേയ് മോട്ടോർ ഇന്ത്യ ഇടത്തരം സെഡാനായ ‘വെർണ’യുടെ പുതുരൂപം അവതരിപ്പിച്ചപ്പോൾ വിപണി നൽകിയ വരവേൽപ്പ് ആവർത്തിച്ചു വ്യക്തമാക്കുന്നതും ഇതു തന്നെ. നിരത്തിലെത്തി ആഴ്ചകൾക്കകം എതിരാളികളായ ഹോണ്ട ‘സിറ്റി’യെയും മാരുതി സുസുക്കി ‘സിയാസി’നെയുമൊക്കെ പിന്തള്ളി ‘വെർണ’ മുന്നേറുകയാണെന്നതിനു രാജ്യത്തെ വാഹന നിർമാതാക്കളുടെ സൊസൈറ്റിയായ ‘സയാ’മിന്റെ കണക്കുകളും തെളിവാകുന്നു. 

മൂന്നു വർഷത്തെ ഇടവേള പിന്നിട്ടാണ് ഇടത്തരം സെഡാൻ വിഭാഗത്തിൽ ഹ്യുണ്ടേയ് നേട്ടം കൊയ്യുന്നത്. കഴിഞ്ഞ മാസത്തെ കണക്കനുസരിച്ച് 6,054 ‘വെർണ’യാണു ഹ്യുണ്ടേയ് വിറ്റത്; രണ്ടാം സ്ഥാനത്തുള്ള ‘സിറ്റി’യുടെ വിൽപ്പന 6,010 യൂണിറ്റായിരുന്നു. 5,603 യൂണിറ്റ് വിൽപ്പനയോടെ ‘സിയാസ്’ മൂന്നാം സ്ഥാനത്തുണ്ട്. പുതിയ പതിപ്പ് എത്തുംമുമ്പ് പ്രതിമാസം 800 — 900 ‘വെർണ’യാണു ഹ്യുണ്ടേയ് വിറ്റിരുന്നതും എന്നതും ഈ അവസരത്തിൽ ഓർക്കേണ്ടതുണ്ട്. എന്നാൽ നിരത്തിലെത്തി 40 നാളിനുള്ളിൽ 15,000 ബുക്കിങ് വാരിക്കൂട്ടാൻ പുത്തൻ ‘വെർണ’യ്ക്കായി; കാറിനെപ്പറ്റി ലഭിച്ച മൊത്തം അന്വേഷണങ്ങളാവട്ടെ 1.24 ലക്ഷത്തിലേറെ വരുമെന്നാണു ഹ്യുണ്ടേയിയുടെ അവകാശവാദം.

‘വെർണ’യുടെ കരുത്തിൽ കഴിഞ്ഞ മാസത്തെ മൊത്തം വിൽപ്പന അര ലക്ഷം യൂണിറ്റിനു മുകളിലെത്തിക്കാനും ഹ്യുണ്ടേയിക്കു സാധിച്ചു. 2016 സെപ്റ്റംബറുമായി താരതമ്യം ചെയ്താൽ 17.4% ആണു വർധന.പ്രാരംഭ ആനൂകൂല്യമെന്ന നിലയിൽ ആദ്യ 20,000 കാറുകൾക്ക് ആകർഷക വിലയും ഹ്യുണ്ടേയ് പ്രഖ്യാപിച്ചിരുന്നു. 7.99 ലക്ഷം രൂപയ്ക്കാണു ഹ്യുണ്ടേയ് ഇപ്പോൾ പെട്രോൾ ‘വെർണ’ വിൽക്കുന്നത്; ഡീസൽ പതിപ്പിനാവട്ടെ 9.19 ലക്ഷം രൂപ മതലാണ വില.

പുതിയ ‘കെ ടു’ പ്ലാറ്റ്ഫോം അടിത്തറയാവുന്ന ‘വെർണ’യ്ക്കു കരുത്തേകുന്നത് 1.6 ലീറ്റർ ഡ്യുവൽ വി ടി വി ടി പെട്രോൾ, 1.6 ലീറ്റർ യു ടു കോമൺ റയിൽ ടെക്നോളജി ബി ജി ടി ഡീസൽ എൻജിനുകളാണ്.  ലോകവ്യാപകമായി 66 രാജ്യങ്ങളിലാണു ഹ്യുണ്ടേയ് ‘വെർണ’ വിൽപ്പനയ്ക്കെത്തുന്നത്; ഈ മോഡലിന്റെ ഇതുവരെയുള്ള മൊത്തം വിൽപ്പനയാവട്ടെ 88 ലക്ഷം യൂണിറ്റിനു മുകളിലുമാണ്.