എകെ 47 ൽ നിന്ന് ബൈക്കിലേക്ക്

Kalashnikov E-Bike

ലോകത്തിലെ തന്നെ ഏറ്റവും പ്രശസ്ത ആയുധമായ ‘എ കെ — 47’ അസോൾട്ട് റൈഫിൾ ഉൽപ്പാദകരായ കലാഷ്നികോവ് വൈദ്യുത മോട്ടോർ സൈക്കിൾ നിർമാണ രംഗത്തേക്ക്. അടുത്ത വർഷം മോസ്കോയിൽ നടക്കുന്ന ഫിഫ ലോക കപ്പ് ഫുട്ബോൾ വേളയിൽ പൊലീസിന്റെ ഉപയോഗത്തിനു വേണ്ടിയാണു കമ്പനി ആദ്യത്തെ 50 വൈദ്യുത ബൈക്കുകൾ നിർമിച്ചു നൽകുന്നത്. കഴിഞ്ഞ മാസം റഷ്യയിൽ നടന്ന ‘ആർമി 2017 — ഇന്റർനാഷനൽ മിലിറ്ററി’ ടെക്നിക്കൽ ഫോറത്തിൽ കലാഷ്നികോവ് ഗ്രൂപ് നിർമിച്ച വൈദ്യുത ബൈക്കുകളുടെ കൈമാറ്റവും നടന്നു. വിശദാംശങ്ങൾ അറിവായിട്ടില്ലെങ്കിലും ഒറ്റത്തവണ ചാർജ് ചെയ്താൽ 150 കിലോമീറ്റർ ഓടുന്ന ബൈക്കുകളാണു കമ്പനി പൊലീസിനു കൈമാറിയതെന്നാണു സൂചന.

Kalashnikov E Bike

സൈന്യത്തിനായി എൻഡ്യൂറൊ ശൈലിയിലും വൻനഗരങ്ങളിലെ പൊലീസിനായി സൂപ്പർ മോട്ടോ രീതിയിലുമാണു കലാഷ്നികോവ് വൈദ്യുത ബൈക്ക് രൂപകൽപ്പന ചെയ്തിരിക്കുന്നത്. സൈന്യത്തിനുള്ള ബൈക്കുകൾക്ക് ശത്രുവിനെ കബളിപ്പിക്കാൻ പ്രാപ്തമായ കമോഫ്ളാഷ് നിറങ്ങളാണു കമ്പനി തിരഞ്ഞെടുത്തിരിക്കുന്നത്; ഒപ്പം ഹാൻഡിലിൽ തോക്ക് സൂക്ഷിക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. കലാഷ്നികോവിന്റെ ഉപസ്ഥാപനമായ ഐ സെഡ് എച്ചാണ് ഈ ബൈക്കുകൾ നിർമിക്കുന്നത്; 1928 മുതൽ ബൈക്ക് നിർമാണ രംഗത്തുള്ള കമ്പനിയാണിത്. സൈന്യത്തിനായി നിർമിച്ചു നൽകുന്ന ബൈക്കിന്റെ വിഡിയോ കലാഷ്നികോവ് വെബ്സൈറ്റിൽ ലഭ്യമാണെങ്കിലും സാങ്കേതിക വിവരണോ മറ്റു വിശദാംശങ്ങളോ നൽകിയിട്ടില്ല. 

Kalashnikov E Bike

എൻജിൻ പ്രവർത്തിക്കുമ്പോഴുള്ള ശബ്ദശല്യം ഇല്ലാത്തതിനാൽ ശത്രുവിന്റെ കണ്ണുവെട്ടിച്ചു മുന്നേറാമെന്നതാണു വൈദ്യുത ബൈക്കുകളെ സൈന്യത്തിനു പ്രിയങ്കരമാക്കുന്നത്. അതുകൊണ്ടുതന്നെ യു എസിൽ പെന്റഗന്റെ ഡിഫൻസ് അഡ്വാൻസ്ഡ് റിസർച് പ്രോജക്ട്സ് ഏജൻസി(ഡി എ ആർ പി എ)യും എല്ലാ ഭൂപ്രകൃതിക്കും അനുയോജ്യമായ വൈദ്യുത മോട്ടോർ സൈക്കിൾ വികസിപ്പിക്കാനുള്ള തീവ്രശ്രമം നടത്തുന്നുണ്ട്. ‘സൈലന്റ് ഹോക്ക്’ എന്നു പേരിട്ട ബൈക്കിനു കരുത്തേകുക സങ്കര ഇന്ധന എൻജിനാവുമെന്നതിനപ്പുറമുള്ള വിവരങ്ങളൊന്നും ലഭ്യമല്ല.